ബെര്‍മിങ്ഹാം: പാക്കിസ്ഥാന്റെ വിരാട് കോഹ്ലി എന്നാണ് പാക് ആരാധകര്‍ ബാബര്‍ അസമിനെ വിളിക്കുന്നത്. പാക്കിസ്ഥാന്റെ ലോകകപ്പ് മോഹങ്ങള്‍ക്ക് ചിറക് നല്‍കുന്നതും ബാബറാണ്. ഇന്നലെ ന്യൂസിലന്‍ഡിന് ടൂര്‍ണമെന്റിലെ ആദ്യ തോല്‍വി പാക്കിസ്ഥാന് സമ്മാനിച്ചപ്പോള്‍ സെഞ്ചുറിയുമായി ബാബര്‍ അസം തിളങ്ങി.
സെഞ്ചുറി പ്രകടനത്തോടെ തന്റെ പേരിലൊരു റെക്കോര്‍ഡും ബാബര്‍ കുറിച്ചു. ഏകദിനത്തില്‍ അതിവേഗം 3000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ താരമെന്ന നേട്ടമാണ് ബാബര്‍ അസം സ്വന്തമാക്കിയത്. 68 ഇന്നിങ്സുകളാണ് 3000 കടക്കാന്‍ ബാബര്‍ എടുത്തത്. 59 ഇന്നിങ്സുകള്‍ മാത്രമെടുത്ത ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം അംലയാണ് ഒന്നാമത്. ഇതോടെ ബാബര്‍ അസം പിന്നിലാക്കിയത് കരീബിയന്‍ ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്സിനെയാണ്. 69 ഇന്നിങ്സുകളാണ് വിവിയന്‍ റിച്ചാര്‍ഡ്സ് 3000 കടക്കാന്‍ എടുത്തത്.
ആറ് വിക്കറ്റിനായിരുന്നു പാക് വിജയം. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 238 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന് 48.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. പാക്കിസ്ഥാന് വേണ്ടി ബാബര്‍ അസം സെഞ്ചുറിയും ഹാരിസ് സൊഹെയില് അര്‍ധസെഞ്ചുറിയും നേടി. 127 പന്ത് നേരിട്ട ബാബര്‍ അസം 101 റണ്‍സ് നേടി.
ന്യൂസിലന്‍ഡിനെ എറിഞ്ഞിട്ട പാക്കിസ്ഥാന്റെയും തുടക്കം തകര്‍ച്ചയോടെയായിരുന്നു. രണ്ടക്കം കടക്കാതെ ഫഖര്‍ സമാനാണ് ആദ്യം പുറത്തായത്. അധികം വൈകാതെ ഇമാം ഉള് ഹഖും പുറത്തായി. ഓപ്പണര്‍മാര്‍ മടങ്ങിയതോടെ ജയപ്രതീക്ഷ സജീമാക്കിയ ന്യൂസിലന്‍ഡിന് എന്നാല്‍ കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്താന്‍ സാധിച്ചില്ല. മൂന്നാം വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത ബാബര്‍ അസം – മുഹമ്മദ് ഹഫീസ് സഖ്യം പാക്കിസ്ഥാനെ വിജയത്തിലേക്ക് നയിച്ചു. 32 റണ്‍സുമായി ഹഫീസ് മടങ്ങിയതോടെ ബാറ്റിങ് ഉത്തരവാദിത്വം ഏറ്റെടുത്ത ഹാരിസ് ബാബറിനൊപ്പം ചേര്‍ന്ന് പൊരുതി.
നനഞ്ഞ പിച്ചില്‍ ശ്രദ്ധാപൂര്‍വ്വം ബാറ്റ് വീശിയ ഇരുവരും ജയം കൈയ്യെത്തും ദൂരത്തെത്തിച്ചു. എന്നാല്‍ ലക്ഷ്യം പൂര്‍ത്തിയാക്കുന്നതിന് രണ്ട് റണ്‍സകലെ ഹാരിസ് റണ്‍ഔട്ടായി. 76 പന്തില്‍ 68 റണ്‍സാണ് താരം നേടിയത്. പിന്നാലെ എത്തിയ നായകന് സര്‍ഫ്രാസ് അഹമ്മദ് ബാബറിനെ മറുവശത്ത് നിര്‍ത്തി ടീമിനെ ജയത്തിലേക്ക് നയിച്ചു.
ആറാം വിക്കറ്റില്‍ പിറന്ന സെഞ്ചുറി കൂട്ടുകെട്ട് ലോകകപ്പില്‍ ന്യൂസിലന്‍ഡിനെ വലിയ നാണക്കേടില്‍ നിന്നാണ് രക്ഷപ്പെടുത്തിയത്. ജെയിംസ് നിഷാമിന്റെയും കോളിന് ഡി ഗ്രാന്‍ഡ്ഹോമിന്റെയും ചെറുത്തുനില്‍പ്പില്‍ പാക്കിസ്ഥാനെതിരെ 237 റണ്‍സ് നേടാന്‍ ന്യൂസിലന്‍ഡിനായി. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് കിവികള്‍ 237 എന്ന പ്രതിരോധിക്കാവുന്ന സ്കോറിലെത്തിയത്. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 83 റണ്‍സെന്ന നിലയില്‍ തകര്‍ന്നടിഞ്ഞ ന്യൂസിലന്‍ഡിനെ ഇരുവരും ചേര്‍ന്ന് കരകയറ്റുകയായിരുന്നു.
പത്ത് ഓവറില്‍ 28 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകളെടുത്ത ഷാഹീന്‍ അഫ്രീദിയാണ് ന്യൂസിലന്‍ഡിനെ വിറപ്പിച്ചത്. മൂന്ന് മെയ്ഡിന് ഓവറുകള്‍ എറിയാനും അഫ്രീദിക്കായി. മുഹമ്മദ് ആമിര്‍ ഷബാദ് ഖാന് എന്നിവര്‍ പാക്കിസ്ഥാന് വേണ്ടി ഓരോ വിക്കറ്റും നേടി.