ലോകകപ്പില്‍ വലിയ ചരിത്രമുള്ളവരാണ് ഓസ്‌ട്രേലിയയും വിന്‍ഡീസും. 1975 ലെ ആദ്യ ലോകകപ്പിലെ ഫൈനില്‍ ഏറ്റുമുട്ടിയത് മുതല്‍. 1996 ലെ സെമിയിലേതാണ് ഇക്കൂട്ടത്തില്‍ ഏറ്റവും പ്രശസ്തമായത്. അന്ന് ജയം ഓസ്‌ട്രേലിയ്‌ക്കൊപ്പമായിരുന്നു. പിന്നീടിങ്ങോട്ട് ഓസ്‌ട്രേലിയ ക്രിക്കറ്റിലെ കിരീടം വച്ച രാജാക്കന്മാരായി വളര്‍ന്നപ്പോള്‍ വിന്‍ഡീസ് മങ്ങി. തങ്ങളുടെ നിഴലായി അവര്‍ മാറി. എന്നാല്‍ ഇത്തവണ രണ്ട് കൂട്ടരും നേര്‍ക്കുനേര്‍ എത്തുന്നത് ഏറെക്കുറെ സമന്മാരായിട്ടാണ്.

രണ്ട് ടീമുകളും ജയിച്ചു കൊണ്ടാണ് ലോകകപ്പ് തുടങ്ങിയത്. ഓസ്‌ട്രേലിയ അഫ്ഗാനിസ്ഥാനേയും വിന്‍ഡീസ് പാക്കിസ്ഥാനേയുമാണ് പരാജയപ്പെടുത്തിയത്. റണ്ണൊഴുക്കാന്‍ കഴിയുന്ന ബാറ്റിങ് നിരയും ബൗണ്‍സറുകള്‍ എറിഞ്ഞ് എതിരാളികളുടെ നട്ടെല്ലൊടിക്കാന്‍ പ്രാപ്തിയുള്ള പേസര്‍മാരും രണ്ട് കൂട്ടര്‍ക്കും അവകാശപ്പെടാനുണ്ട്.

ഓസ്‌ട്രേലിയയുടെ പ്ലെയിങ് ഇലവനില്‍ വലിയ അഴിച്ചു പണി പ്രതീക്ഷിക്കുന്നില്ല. വാര്‍ണറും ഫിഞ്ചും തന്നെയാകും ഓപ്പണ്‍ ചെയ്യുക. പിന്നാലെ ഉസ്മാന്‍ ഖ്വാജയും സ്റ്റീവ് സ്മിത്തുമെത്തും. മാറ്റമുണ്ടാവുക ഒരുപക്ഷെ മാക്‌സ് വെല്ലിന്റെ സ്ഥാനത്തിലായിരിക്കും മാക്‌സിയെ അഞ്ചാമത് ഇറക്കാന്‍ സാധ്യതയുണ്ട്. മൂന്ന് പേസര്‍മാരും ആഡം സാമ്പയും തന്നെയാകും ബോളിങ് നിരയിലുണ്ടാവുക.

അതേസമയം ഓള്‍ റൗണ്ടര്‍മാരിലാണ് വിന്‍ഡീസിന്റെ കരുത്ത്. ഹോള്‍ഡര്‍, റസല്‍, ബ്രാത്ത് വെയ്റ്റ്. ഇത്രയും അപകടകാരികളായ മൂന്ന് ഓള്‍ റൗണ്ടര്‍മാരുള്ളപ്പോള്‍ വിന്‍ഡീസ് എന്തിനെ ഭയക്കണം. പ്രധാന പേസറായ ഓഷാന തോമസ് ഇന്നും കഴിഞ്ഞ കളിയിലെ മികവ് ആവര്‍ത്തിച്ചാല്‍ ഓസ്‌ട്രേലിയക്കാര്‍ പാടുപെടും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook