മാഞ്ചസ്റ്റര്‍: നായകന്‍ ഡുപ്ലെസിസിന്റെ സെഞ്ചുറിയുടേയും വാന്‍ ഡെര്‍ ഡസന്റെ അര്‍ധ സെഞ്ചുറിയുടേയും കരുത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 325 റണ്‍സ്. ആറ് വിക്കറ്റ് നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക കൂറ്റന്‍ സ്‌കോറിലെത്തിയത്.

ഓപ്പണര്‍മാരായ മര്‍ക്രം 34 റണ്‍സും ഡികോക്ക് 52 റണ്‍സുമെടുത്ത് മികച്ച തുടക്കമാണ് ദക്ഷിണാഫ്രിക്കയ്ക്ക് നല്‍കിയത്. പിന്നീട് വന്ന ഡുപ്ലെസിസും വാന്‍ ഡെര്‍ ഡസനും തകര്‍ത്താടിയതോടെ ദക്ഷിണാഫ്രിക്ക കുതിച്ചു.

ഏഴ് ഫോറും രണ്ട് സിക്‌സുമടക്കം 94 പന്തില്‍ 100 റണ്‍സെടുത്താണ് ഡുപ്ലെസിസ് മടങ്ങിയത്. ഡസെന്‍ സെഞ്ചുറിക്ക് അഞ്ച് റണ്‍സകലെയാണ് വീണത്. നാല് സിക്‌സും അത്ര തന്നെ ഫോറും താരം നേടി. പിന്നീട് വന്നവരാരും അധിക നേരം ക്രീസില്‍ നിന്നില്ല.

ഇന്ന് ജയിച്ച് പോയന്റ് പട്ടികയില്‍ ഒന്നാമത് എത്തുക എന്ന ലക്ഷ്യത്തോടെയാണ് ഓസ്‌ട്രേലിയ ഇറങ്ങുന്നത്. കഴിഞ്ഞ കളിയിലെ ടീമില്‍ ഓസ്‌ട്രേലിയ മാറ്റം വരുത്തിയിട്ടില്ല. കരുത്തരായ ന്യൂസിലന്‍ഡിന്റെ 86 റണ്‍സിന് തകര്‍ത്തു വരുന്ന ഓസീസിനെ പിടിച്ചു കെട്ടണമെങ്കില്‍ ഇന്ന് ദക്ഷിണാഫ്രിക്ക തങ്ങളുടെ തങ്ങളുടെ സര്‍വ്വ ശക്തിയും പുറത്തെടുക്കണം.

കളിച്ച എട്ടുകളികളില്‍ രണ്ടെണ്ണം മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഇതുവരെ ജയിക്കാനായിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരത്തില്‍ ഓസ്‌ട്രേലിയ തന്നെയാണ് ഫേവറേറ്റുകള്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook