ലോകകപ്പിൽ പാക്കിസ്ഥാനെതിരായ മത്സരം 41 റൺസിന് സ്വന്തമാക്കി വിജയവഴിയെ തിരിച്ചെത്തി ഓസ്ട്രേലിയ. വാർണറുടെയും ഫിഞ്ചിന്റെയും ബാറ്റിങ് പ്രകടനത്തിൽ മികച്ച സ്കോർ കണ്ടെത്തിയ ഓസ്ട്രേലിയക്ക് വേണ്ടി പാറ്റ് കമ്മിൻസും മിച്ചൽ സ്റ്റാർക്കും ചേർന്ന് പാക്കിസ്ഥാനെ എറിഞ്ഞ് കൂടി വീഴ്ത്തിയതോടെ ടൂർണമെന്റിൽ കങ്കാരുപ്പടയ്ക്ക് മൂന്നാം ജയം. ഓസ്ട്രേലിയ ഉയർത്തിയ 308 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ ഇന്നിങ്സ് 266 റൺസിന് അവസാനിച്ചു.

Also Read: ഫോബ്സ് പട്ടിക: ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഏക ക്രിക്കറ്റ് താരമായി വിരാട് കോഹ്ലി

വാർണറുടെ സെഞ്ചുറിയും ഫിഞ്ചിന്റെ അർധസെഞ്ചുറിയും കൂടിയായതോടെ പാക്കിസ്ഥാനെതിരെ മികച്ച സ്കോറിലേക്ക് ഓസ്ട്രേലിയ എത്തിയത്. 49 ഓവറിൽ പത്ത് വിക്കറ്റ് നഷ്ടത്തിലാണ് 307 റൺസെന്ന സ്കോറിലെത്തിയത്. മികച്ച സ്കോറിലേക്ക് നീങ്ങിയ ഓസിസിനെ അവസാന ഓവറുകളിൽ മുഹമ്മദ് അമീറും സംഘവും പിടിച്ചുകെട്ടുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഒസ്ട്രേലിയ തുടക്കം മുതൽ അടിച്ചുകളിച്ചു. മികച്ച ഓപ്പണിങ് കൂട്ടുകെട്ട് ഓസ്ട്രേലിയ്ക്ക് ഉറപ്പുള്ള അടിത്തറ നൽകി. ഒന്നാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് തീർത്ത ശേഷമാണ് നായകൻ ആരോൺ ഫിഞ്ച് ക്രീസ് വിട്ടത്. മുഹമ്മദ് അമീറാണ് കൂട്ടുകെട്ട് പൊളിച്ചത്. ടീം സ്കോർ 146ൽ നിൽക്കെയാണ് ഫിഞ്ചിന്റെ മടക്കം. 84 പന്തിൽ 82 റൺസായിരുന്നു നായകന്റെ സമ്പാദ്യം, ഇതിൽ ആറ് ഫോറും നാല് സിക്സും ഉൾപ്പെടുന്നു.

Also Read: നീ എനിക്കിപ്പോള്‍ കൂടുതല്‍ പ്രിയപ്പെട്ടവനെന്ന് ദാദ; ‘നന്ദി ദാദി’ എന്ന് യുവി

ഫിഞ്ചിന് പിന്നാലെ എത്തിയ സ്മിത്തും ഗ്ലെൻ മാക്സ്‌വെല്ലും അതിവേഗം മടങ്ങിയെങ്കിലും വാർണർ ക്രീസിൽ തന്നെ നിലയുറപ്പിച്ചു. സ്മിത്ത് പത്ത് റൺസുമായി മടങ്ങിയപ്പോൾ പത്ത് പന്തിൽ 20 റൺസ് നേടിയ ശേഷമാണ് ഗ്ലെൻ മാക്സ്‌വെൽ പുറത്തായത്. എന്നാൽ വാർണർ സെഞ്ചുറി തികച്ച ശേഷമാണ് കൂടാരം കയറിയത്. 111 പന്തിൽ 11 ഫോറിന്റെയും ഒരു സിക്സിന്റെയും അകമ്പടിയോടെ 107 റൺസാണ് വാർണർ അടിച്ചുകൂട്ടിയത്.

എന്നാൽ വാർണർ മടങ്ങിയതോടെ ഓസ്ട്രേലിയയുടെ റൺറേറ്റ് കുത്തനെ ഇടിഞ്ഞു. ഷോൺ മാർഷ് പൊരുതി നോക്കിയെങ്കിലും അധികം ആയുസുണ്ടായില്ല. 23 റൺസിന് മാർഷും പുറത്തായി. ഉസ്മാൻ ഖ്വാജയെ അമിറും പുറത്താക്കിയതോടെ ഓസ്ട്രേലിയ വീണ്ടും തകർച്ചയിലേക്ക്. 18 റൺസുമായാണ് ഖ്വാജ മടങ്ങിയത്. ഏഴമാനായി എത്തിയ അലക്സ് ക്യാരിയുടെ ചെറുത്തുനിൽപ്പും ഫലം കണ്ടില്ല. വാലറ്റം ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞതോടെ ഓസ്ട്രേലിയൻ ഇന്നിങ്സ് 307 റൺസിന് അവസാനിച്ചു.

പാക്കിസ്ഥാന് വേണ്ടി മുഹമ്മദ് അമിർ അഞ്ച് വിക്കറ്റ് വീഴ്ത്തി. ഷാഹിൻ അഫ്രീദി രണ്ടും ഹസൻ അലി വഹാബ് റിയാസ് മുഹമ്മദ് ഹഫീസ് എന്നിവർ ഒരോ വിക്കറ്റും സ്വന്തമാക്കി.

Also Read: 1999 ലെ ലാന്‍സ് ക്ലൂസ്‌നര്‍ക്ക് തുല്യനാണ് ഹാര്‍ദ്ദിക്, എതിരാളികള്‍ വിറയ്ക്കും; പ്രശംസ ചൊരിഞ്ഞ് സ്റ്റീവ് വോ

മറുപടി ബാറ്റിങ്ങിൽ പാക്കിസ്ഥാന് തുടക്കം തന്നെ പിഴച്ചു. മൂന്നാം ഓവറിന്റെ ആദ്യ പന്തിൽ ഫഖർ സമാനെ പുറത്താക്കി പാറ്റ് കമ്മിൻസ് ഓസ്ട്രേലിയക്ക് ബോളിങ്ങിലും മേൽക്കൈ നൽകി. ടീം സ്കോർ 56 എത്തിയപ്പോഴേക്കും മൂന്നാമൻ ബാബർ അസമും പുറത്ത്. 30 റൺസെടുത്ത ബാബറിനെ പുറത്താക്കിയത് കോൾട്ടർനിൽ.

എന്നാൽ മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന മുഹമ്മദ് ഹഫീസ് – ഇമാം ഉൾ ഹഖ് സഖ്യം പാക്കിസ്ഥാൻ പ്രതീക്ഷകൾക്ക് വീണ്ടും ജീവൻ നൽകി. കൂട്ടുകെട്ടും ഇമാം ഉൾ ഹഖും അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്തതിന് പിന്നാലെ ഓപ്പണറെ മടക്കി ഓസ്ട്രേലിയയുടെ മൂന്നാം പ്രഹരം. 75 പന്തിൽ 53 റൺസെടുത്ത ഇമാം ഉൾ ഹഖിനെയും പുറത്താക്കിയത് പാറ്റ് കമ്മിൻസ് ആയിരുന്നു.

ഇമാമിന് പിന്നാലെ എത്തിയ നായകൻ ബാറ്റിങ് ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോഴേക്കും ഹഫീസും മടങ്ങി. 49 പന്തിൽ 46 റൺസുമായി അർധസെഞ്ചുറിക്ക് നാല് റൺസ് അകലെയാണ് താരത്തിന് ക്രീസ് വിടേണ്ടി വന്നത്. പിന്നാലെ എത്തിയ ഷോയ്ബ് മാലിക്കിനും ആസിഫ് അലിക്കും ഒന്നും ചെയ്യാൻ സാധിക്കാതെ വന്നതോടെ പാക്കിസ്ഥാൻ വീണ്ടും കൂട്ടതകർച്ചയിലേക്ക് എന്ന് ഉറപ്പിച്ചു.

എന്നാൽ എട്ടാമനായി എത്തിയ ഹസൻ അലി 15 പന്തിൽ 32 റൺസുമായി പാക്കിസ്ഥാന്റെ തുടിപ്പ് നിലനിർത്തി. അതേസമയം ലക്ഷ്യം പൂർത്തികാരിക്കാൻ ഹസന് സാധിച്ചതുമില്ല. ആ ദൗത്യം വഹാബ് റിയാസിനാണെന്ന് തോന്നിച്ച നിമിഷങ്ങളായിരുന്നു പിന്നീട്. സർഫ്രാസ് അഹമ്മദും വഹാബ് റിയാസും ചേർന്ന് പാക്കിസ്ഥാന്റെ റൺറേറ്റ് കുത്തനെ കൂട്ടി. 45-ാം ഓവറിൽ വഹാബ് റിയാസിനെ സ്റ്റാർക്ക് പുറത്താക്കുകയും അടുത്ത് ഓവറിൽ സർഫ്രാസിനെ മാക്സ്‌വെൽ റൺഔട്ടാക്കുകയും ചെയ്തതോടെ പാക്കിസ്ഥാൻ പതനം പൂർത്തിയായി. ഓസ്ട്രേലിയക്ക് 41 റൺസ് ജയം. പാക്കിസ്ഥാന് പൊരുതി തോറ്റു എന്ന ആശ്വാസവും.

ഓസിസ് നിരയിൽ പാറ്റ് കമ്മിൻസ് മൂന്ന് വിക്കറ്റ് വീഴ്ത്തി. മിച്ചൽ സ്റ്റാർക്കിന്റെയും കെയ്ൻ റിച്ചാർഡ്സണിന്റെയും സമ്പാദ്യം രണ്ട് വിക്കറ്റാണെങ്കിൽ കോൾട്ടർനില്ലും നായകൻ ഫിഞ്ചും ഓരോ വിക്കറ്റും സ്വന്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook