ലോകകപ്പിൽ ആദ്യ സ്ഥാനക്കാരാകാനുള്ള അയൽക്കാരുടെ പോരാട്ടത്തിൽ ഓസ്ട്രേലിയക്ക് ജയം. ന്യൂസിലൻഡിനെ 86 റൺസിനാണ് ഓസ്ട്രേലിയ പരാജയപ്പെടുത്തിയത്. ഓസ്ട്രേലിയ ഉയർത്തിയ 244 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡ് ഇന്നിങ്സ് 157 റൺസിന് അവസാനിച്ചു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ മിച്ചൽ സ്റ്റാർക്കാണ് ഓസ്ട്രേലിയക്ക് അനായാസ ജയം സമ്മാനിച്ചത്.

പൊരുതാവുന്ന വിജയലക്ഷ്യമായിരുന്നിട്ടും ഓപ്പണിങ്ങിൽ വീണ്ടും പിഴച്ചതോടെ ന്യൂസിലൻഡിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. ടീം സ്കോർ മൂന്നക്കം കടക്കുന്നതിന് മുമ്പ് മൂന്ന് മുൻനിര വിക്കറ്റുകൾ നഷ്ടമായി. നായകൻ കെയ്ൻ വില്യംസണിന്റെ പോരാട്ടം മാത്രമാണ് വൻ നാണക്കേടിൽ നിന്ന് ന്യൂസിലൻഡിനെ രക്ഷിച്ചത്. 40 റൺസെടുത്ത താരം പുറത്തായതിന് പിന്നാലെ കവികൾ ചീട്ടുകൊട്ടാരം പോലെ തകർന്ന് വീണു.

മൂന്ന് കിവീസ് താരങ്ങൾ മാത്രമാണ് 20ലധികം റൺസ് നേടിയത്. കൃത്യമായ ഇടവേളകളിൽ ന്യൂസിലൻഡ് താരങ്ങളെ കൂടാരം കയറ്റിയ മിച്ചൽ സ്റ്റാർക്കും സംഘവും ഓസ്ട്രേലിയക്ക് ഏഴാം ജയം സമ്മാനിച്ചു. 9.4 ഓവറിൽ 26 റൺസ് മാത്രം വഴങ്ങിയാണ് മിച്ചൽ സ്റ്റാർക്ക് അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. ജേസൺ ബെഹ്‌റൻഡോർഫ് രണ്ടും പാറ്റ് കമ്മിൻസ്, നഥാൻ ലിയോൺ, സ്റ്റീവ് സ്മിത്ത് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

നേരത്തെ ന്യൂസിലന്‍ഡിനെതിരെ ഓസ്‌ട്രേലിയ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 243 റണ്‍സെന്ന സ്കോറിലെത്തിയത്. മുന്‍നിര തകര്‍ന്നടിഞ്ഞ മത്സരത്തില്‍ ഉസ്മാന്‍ ഖ്വാജ മധ്യനിരയെ കൂട്ടുപിടിച്ച് നടത്തിയ ചെറുത്തു നില്‍പ്പാണ് ഓസ്‌ട്രേലിയയ്ക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്.

ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണര്‍ 16 റണ്‍സും ആരോണ്‍ ഫിഞ്ച് എട്ട് റണ്‍സുമെടുത്ത് പുറത്തായതോടെ ഓസ്‌ട്രേലിയ തുടക്കത്തിലെ പതറി. പിന്നാലെ വന്ന സ്റ്റീവ് സ്മിത്ത് പുറത്തായപ്പോഴും ഖ്വാജ ഒരു വശത്ത് ഉറച്ചു നില്‍ക്കുകയായിരുന്നു. മാര്‍ക്കസ് സ്‌റ്റോയ്‌നിസ് 21 റണ്‍സും വെടിക്കെട്ട് താരം ഗ്ലെന്‍ മാക്‌സ്‌വെല്‍ റണ്‍ ഒന്നും എടുക്കാതേയും മടങ്ങി. എന്ന അലക്‌സ് കാരേയുമൊത്ത് ഖ്വാജ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി.

കിവീസ് നായകന്‍ കെയ്ന്‍ വില്യംസണിന്റെ പന്തില്‍ പുറത്താകുമ്പോല്‍ കാരെ 72 പന്തില്‍ 71 റണ്‍സ് നേടിയിരുന്നു. 88 റണ്‍സെടുത്ത ഖ്വാജയെ ട്രെന്റ് ബോള്‍ട്ടാണ് പുറത്താകുന്നത്. ഖ്വാജയേയും സ്റ്റാര്‍ക്കിനേയും ബെഹ്‌റന്‍ഡോഫിനേയും പുറത്താക്കി ബോള്‍ട്ട് ഹാട്രിക് നേടി. രണ്ട് വിക്കറ്റുമായി ലോക്കി ഫെര്‍ഗൂസനും ജിമ്മി നീഷാമും തിളങ്ങി.

മത്സരത്തിൽ ചരിത്രനേട്ടവുമായി ട്രെന്റ് ബോള്‍ട്ട് തിളങ്ങി. ലോകകപ്പില്‍ ഹാട്രിക് നേടുന്ന ആദ്യ ന്യൂസിലന്‍ഡ് താരമായി മാറി ട്രെന്റ് ബോള്‍ട്ട്. ഈ ലോകകപ്പിലിത് രണ്ടാമത്തെ ഹാട്രിക്കാണ്. നേരത്തെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയും ഹാട്രിക്ക് നേടിയിരുന്നു. രണ്ട് പേരും അവസാന ഓവറിലാണ് ഹാട്രിക്ക് നേടിയത്. അവസാന ഓവറില്‍ രണ്ട് റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ബോള്‍ട്ട് ഹാട്രിക് നേടിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook