/indian-express-malayalam/media/media_files/uploads/2019/07/england.jpg)
ബെര്‍മിങ്‌ഹാം:ലോകകപ്പിൽ കരുത്തരായ ഓസ്ട്രേലിയയെ തകർത്ത് ആതിഥേയരായ ഇംഗ്ലണ്ട് ഫൈനലിൽ. എട്ട് വിക്കറ്റിനാണ് ഇംഗ്ലണ്ട് ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയത്. ഓസട്രേലിയ ഉയർത്തിയ 224 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 18 ഓവർ ബാക്കി നിൽക്കെ വിജയത്തിലെത്തി. ഫൈനലിൽ ന്യൂസിലൻഡാണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ. ഇതുവരെ കിരീടം നേടാത്ത രണ്ട് ടീമുകളാണ് ഇംഗ്ലണ്ടും ന്യൂസിലൻഡും. അതുകൊണ്ട് തന്നെ ഇത്തവണ ലോകകപ്പിന് പുത്തൻ അവകാശികൾ ഉണ്ടാകുമെന്ന കാര്യത്തിലും ഉറപ്പായി.
ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് തുടക്കം മുതൽ റൺസ് കണ്ടെത്തിയാണ് ബാറ്റ് വീശിയത്. ഒന്നാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് തീർത്ത ജോണി ബെയർസ്റ്റോയും ജേസൺ റോയിയും വിജയം ഉറപ്പാക്കിയിരുന്നു. 34 റൺസുമായി ബെയർസ്റ്റോയും 85 റൺസുമായി ജേസൺ റോയിയും മടങ്ങിയതിന് പിന്നാലെ ബാറ്റിങ് ഉത്തരവാദിത്വം ഏറ്റെടുത്ത റൂട്ടും മോർഗണും ഇംഗ്ലണ്ടിനെ അനായാസം ജയത്തിലേക്ക് എത്തിച്ചു. റൂട്ട് 49ഉം നായകൻ മോർഗൻ 45 റൺസും സ്വന്തമാക്കി.
നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസട്രേലിയയെ ഇംഗ്ലണ്ട് 223 റൺസിന് പുറത്താക്കി. 49 ഓവറിൽ ഓസ്ട്രേലിയൻ ഇന്നിങ്സ് അവസാനിക്കുകയായിരുന്നു. ക്രിസ് വോക്സിന്റെയും ജോഫ്രാ ആർച്ചറിന്റെയും തീപാറും പന്തുകളാണ് ഇംഗ്ലണ്ടിന് മത്സരത്തിൽ മേൽകൈ നൽകിയത്.
വലിയ സ്കോർ ലക്ഷ്യംവച്ച് ബാറ്റിങ് തിരഞ്ഞെടുത്ത നായകന്റെ തീരുമാനം ആദ്യം തെറ്റാണെന്ന് തെളിയിച്ചതും ആരോൺ ഫിഞ്ചായിരുന്നു. ടീം സ്കോർ നാലിൽ നിൽക്കെ നേരിട്ട ആദ്യ പന്തിൽ തന്നെ ഫിഞ്ച് കൂടാരം കയറി. ആറ് റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടയിൽ വാർണറും വന്ന വേഗത്തിൽ ഹാൻഡ്സ്കോമ്പും മടങ്ങിയതോടെ ഓസ്ട്രേലിയ തകർച്ച മുന്നിൽ കണ്ടു. എന്നാൽ നാലാം വിക്കറ്റിൽ ഒത്തുചേർന്ന സ്മിത്ത് - ക്യാരി സഖ്യം ഓസ്ട്രേലിയയെ കരകയറ്റുകയായിരുന്നു.
താടിപൊട്ടി ചോരയൊലിച്ചിട്ടും ക്രീസിൽ ബാറ്റേന്തിയ അലക്സ് ക്യാരിയുടെ പോരാട്ടം ഓസ്ട്രേലിയയെ മുന്നോട് നയിച്ചു. എന്നാൽ അർധസെഞ്ചുറിക്ക് നാല് റൺസ് അകലെ താരം വീണു. അർധസെഞ്ചുറി തികച്ച് വീണ്ടും സ്മിത്ത് പോരാട്ടം തുടർന്നു. എന്നാൽ 85 റൺസിൽ സ്മിത്തും വീണതോടെ ഓസ്ട്രേലിയൻ പ്രതീക്ഷകൾ അവസാനിച്ചു. പിന്നാലെ കൃത്യമായ ഇടവേളകളിൽ കങ്കാരുക്കൾ ഒന്നൊന്നായി കൂടാരം കയറി.
ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് വോക്സ് എട്ട് ഓവറിൽ 20 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കി. പത്ത് ഓവറിൽ 32 റൺസ് വഴങ്ങി രണ്ട് വിക്കറ്റെടുത്ത ജോഫ്രാ ആർച്ചറിന്റെ പ്രകടനവും നിർണായകമായി. ആദിൽ റഷീദും മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us