ട്രെന്റ് ബ്രിഡ്ജ്: തോല്‍വിയിലും തലയുയര്‍ത്തി ബംഗ്ലാദേശ്. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 381 റണ്‍സിന്റെ റണ്‍മലയ്ക്ക് മുന്നില്‍ പൊരുതി വീണ് ബംഗ്ലാ കടുവകള്‍. കൂറ്റന്‍ സ്‌കോറായിരുന്നിട്ടും ധീരമായി പോരാടിയ ബംഗ്ലാദേശ് 333 റണ്‍സുമായാണ് ഇന്നിങ്‌സ് അവസാനിപ്പിച്ചത്. ഓസ്‌ട്രേലിയയ്ക്ക് 48 റണ്‍സിന്റെ വിജയം.

മുഷ്ഫിഖൂര്‍ റഹീമിന്റെ സെഞ്ചുറിയാണ് ബംഗ്ലാദേശ് ഇന്നിങ്‌സിലെ ഹൈലൈറ്റ്. സ്‌കോര്‍ ബോര്‍ഡില്‍ തോറ്റെങ്കിലും ഏറെ അഭിമാനിക്കാവുന്ന ക്ലാസ് പ്രകടനമാണ് ബംഗ്ലാദേശ് കംഗാരുപ്പടയ്‌ക്കെതിരെ കാഴ്ചവച്ചത്. പന്തുകൊണ്ട് തിളങ്ങിയ ഓപ്പണര്‍ സൗമ്യ സര്‍ക്കാരിന് ബാറ്റിങ്ങില്‍ തിളങ്ങാനായില്ല. 10 റണ്‍സ് മാത്രമാണ് സൗമ്യ എടുത്തത്. എന്നാല്‍ തമീം ഇക്ബാലും ഷാക്കിബ് അല്‍ ഹസനും ചേര്‍ന്ന് നല്ലൊരു അടിത്തറയാണ് ബംഗ്ലാദേശിനായി പാകിയത്.

തമീം അര്‍ധ സെഞ്ചുറി നേടി. 74 പന്തില്‍ 62 റണ്‍സാണ് തമീമിന്റെ സമ്പാദ്യം. കഴിഞ്ഞ കളിയില്‍ സെഞ്ചുറി നേടിയ ഷാക്കിബ് ഇന്ന് 41 റണ്‍സാണ് നേടിയത്. പിന്നീട് വന്ന മുഷ്ഫിഖൂര്‍ റഹീം തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് പുറത്തെടുത്തത്. മുഹമ്മദുള്ളയുമൊത്ത് റഹീം ബംഗ്ലാദേശിനായി പൊരുതി. അസാധ്യമെന്ന് ഉറച്ച ലക്ഷ്യത്തിന് മുന്നില്‍ തളരാതെ ബാറ്റേന്തിയ ബംഗ്ലാദേശ് ഇന്നിങ്‌സ് അതിമനോഹരമായിരുന്നു.

ഒരു സിക്‌സും ഒമ്പത് ഫോറുമടക്കം 96 പന്തില്‍ 102 റണ്‍സാണ് റഹീം നേടിയത്. അടിച്ചു തകര്‍ത്ത മഹ്മദുള്ള 50 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സുമടക്കം 69 റണ്‍സ് നേടി. കഴിഞ്ഞ കളിയിലെ താരമായ ലിറ്റണ്‍ ദാസ് ഇന്ന് 20 റണ്‍സാണ് നേടിയത്. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്, നഥാന്‍ കോള്‍ട്ടര്‍ നീല്‍, മാര്‍ക്കസ് സ്‌റ്റോയ്‌നിസ് എന്നിവരാണ് ഓസീസ് ബോളര്‍മാരില്‍ തിളങ്ങിയത്.

ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ വെടിക്കെട്ട് സെഞ്ചുറിയുടെ കരുത്തിലാണ് ബംഗ്ലാദേശിനെതിരെ ഓസ്‌ട്രേലിയ കൂറ്റന്‍ സ്‌കോറിലെത്തിയത്. ഓസീസ് ഇന്നിങ്‌സ് 49 ഓവര്‍ പിന്നിട്ടപ്പോള്‍ മഴ വില്ലനായി എത്തി. ഇതോടെ കളി നിര്‍ത്തിവച്ചു. സ്‌കോര്‍ 368-5 എന്ന നിലയിലെത്തി നില്‍ക്കെയാണ് മഴയെത്തിയത്.

ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തിരഞ്ഞടുക്കുകയായിരുന്നു.വാര്‍ണറും നായകന്‍ ആരോണ്‍ ഫിഞ്ചും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് ഓസ്‌ട്രേലിയയ്ക്ക് നല്‍കിയത്. സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ഇരുവരും ബംഗ്ലാ ബോളര്‍മാരെ തല്ലിയൊതുക്കുകയായിരുന്നു. 53 റണ്‍സിലെത്തി നില്‍ക്കെ ഫിഞ്ചിനെ പുറത്താക്കി സൗമ്യ സര്‍ക്കാരാണ് ബംഗ്ലാദേശിന് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. എന്നാല്‍ ആ ബ്രേക്ക് ത്രൂ മുതലെടുക്കാന്‍ ഓസ്‌ട്രേലിയയ്ക്ക് സാധിച്ചില്ല. പിന്നാലെ വന്ന ഉസ്മാന്‍ ഖ്വാജയുമൊത്ത് വാര്‍ണര്‍ സ്‌കോര്‍ മുന്നോട്ട് കൊണ്ടു പോയി.

വാര്‍ണറും ഖ്വാജയും ചേര്‍ന്ന് 150 ന് മുകളിലാണ് കൂട്ടിചേര്‍ത്തത്. 112 പന്തുകളില്‍ നിന്നും വാര്‍ണര്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. 166 റണ്‍സെടുത്താണ് വാര്‍ണര്‍ മടങ്ങുന്നത്. വിക്കറ്റെടുത്തത് സൗമ്യ സര്‍ക്കാരാണ്. വാര്‍ണര്‍ മടങ്ങിയതോടെ വന്ന ഗ്ലെന്‍ മാക്‌സ് വെല്ലും കത്തിക്കയറി. 10 പന്തുകളില്‍ നിന്നും മൂന്ന് സിക്‌സടക്കം 32 റണ്‍സാണ് മാക്‌സ് വെല്‍ അടിച്ചെടുത്തത്. 89 റണ്‍സെടുത്ത ഖ്വാജയേയും പുറത്താക്കിയത് സര്‍ക്കാരായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook