ഓസ്‌ട്രേലിയയ്‌ക്കെതിരെ പാക്കിസ്ഥാന്റെ ദുരന്ത നായകനാണ് വഹാബ് റിയാസ്. കഴിഞ്ഞ ലോകകപ്പില്‍ ഷെയ്ന്‍ വാട്‌സണെ വെള്ളം കുടിപ്പിച്ച് മൈതാനത്ത് തീപടര്‍ത്തിയാണ് റിയാസ് താരമായത്. ഇത്തവണയും ഓസ്‌ട്രേലിയയും പാക്കിസ്ഥാനും മുഖാമുഖം വന്നപ്പോള്‍ കങ്കാരുക്കള്‍ക്കും വിജയത്തിനും മധ്യേ വഹാബ് റിയാസുണ്ടായിരുന്നു. അന്നത് പന്തു കൊണ്ടായിരുന്നുവെങ്കില്‍ ഇന്നത് ബാറ്റു കൊണ്ടായിരുന്നു. രണ്ടിനും തിരിച്ചു വരവിന്റെ മുഖമുണ്ട്, വെല്ലുവിളിയുടെ ശബ്ദമുണ്ട്. അന്ന് തന്നെ കളിയാക്കിയ വാട്‌സണുള്ള മറുപടിയായിരുന്നുവെങ്കില്‍ ഇന്നത് തന്നോട് തന്നെയായിരുന്നു റിയാസിന്റെ വാശി.

2019 ജൂണ്‍ 12

പന്തുകൊണ്ട് റിയാസിന് ഇത്തവണ പ്രത്യേകിച്ച് ഒന്നും ചെയ്യാനായില്ല. 44 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് മാത്രമാണെടുത്തത്. പോരാത്തതിന് നിര്‍ണായകമായ ക്യാച്ചുകള്‍ വിടുകയും ചെയ്തു. ഓസ്‌ട്രേലിയയുടെ ബാറ്റിങ് അവസാനിക്കുമ്പോഴേക്കും വഹാബ് റിയാസ് ഒരുപാട് ആരാധകരുടെ ശാപ വാക്കുകള്‍ക്ക് ഇരയായിരുന്നു. എന്നാല്‍ ചരിത്രം അങ്ങനെയങ്ങ് അവസാനിക്കാന്‍ തയ്യാറായില്ല. പാക്കിസ്ഥാന്‍ ബാറ്റിങ് ആരംഭിച്ചു. ഉയര്‍ന്നും താണും പാക് ഇന്നിങ്‌സ് കടന്നു പോവുകയാണ്. ഇനിയൊരു തിരിച്ചു വരവുണ്ടാകില്ലെന്ന് ഉറപ്പിച്ചു നില്‍ക്കെ വഹാബ് റിയാസ് ക്രീസിലേക്ക് വരികയാണ്. സ്‌കോര്‍ അപ്പോള്‍ 200-7 എന്ന നിലയില്‍. ഒമ്പതാമനായാണ് റിയാസ് ക്രീസിലെത്തിയത്.

Also Read: ‘അവന്‍ ധീരനാണ്, അതിന് കിട്ടിയ പ്രതിഫലമാണിത്’; ആമിറിന്റെ തീപന്തുകളെ പ്രശംസിച്ച് വാര്‍ണര്‍

പിന്നെ കണ്ടത് പാക്കിസ്ഥാന്റെ ഇന്നിങ്‌സിലെ ഏറ്റവും ആവേശകരമായ കാഴ്ചയായിരുന്നു. അരമണിക്കൂര്‍ മുമ്പ് വരെ താന്‍ അനുഭവിച്ച അപമാനത്തിന് റിയാസ് മറുപടി പറയുകയായിരുന്നു. ദുരന്ത നായകനില്‍ നിന്നും അയാള്‍ വീരനായി മാറി. ഓസ്‌ട്രേലിയന്‍ ബോളര്‍മാരെ തല്ലിയകറ്റി. 39 പ്ന്തുകളില്‍ നിന്നും 45 റണ്‍സാണ് റിയാസ് കൂട്ടിച്ചേര്‍ത്തത്. എട്ടാം വിക്കറ്റില്‍ നായകന്‍ സര്‍ഫ്രാസ് അഹമ്മദുമൊത്ത് 64 റണ്‍സാണ് റിയാസ് കൂട്ടിച്ചേര്‍ത്തത്. കൈ വിട്ട പ്രതീക്ഷ പാക്കിസ്ഥാന്‍ വീണ്ടെടുത്തു. റിയാസ് തങ്ങള്‍ക്ക് വിജയം സമ്മാനിക്കുമെന്നവര്‍ ഉറപ്പിച്ചു.

കലിപൂണ്ടത് പോലെയായിരുന്നു റിയാസിന്റെ ബാറ്റിങ്. രണ്ട് തവണ ഫോറായും മൂന്ന് തവണ സിക്‌സായും പന്ത് അതിര്‍ത്തി കടന്നു. തുടക്കത്തിലെ വെടിക്കെട്ടില്‍ നിന്നും പതിയെ റിയാസ് ഗിയര്‍ മാറ്റി. സര്‍ഫ്രാസിനൊപ്പം നിലയുറപ്പിച്ച് കളിക്കാന്‍ ആരംഭിച്ചു. 59 റണ്‍സാണ് റിയാസിന്റെ കരിയര്‍ ബെസ്റ്റ്. അതിതാ പഴങ്കഥയാകാന്‍ പോകുന്നുവെന്ന് തോന്നിപ്പിച്ചിരുന്നു റിയാസ്. പക്ഷെ ആരോണ്‍ ഫിഞ്ചിന്റെ കൃത്യമായൊരു ഡിആര്‍എസിലൂടെ റിയാസ് പുറത്തായി. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ അലക്‌സ് കാരെയ്ക്ക് ക്യാച്ച് നല്‍കി റിയാസ് മടങ്ങി. റിയാസിനൊപ്പം പാക്കിസ്ഥാന്റെ വിജയ പ്രതീക്ഷകളും മടങ്ങ്ി. പിന്നെ എല്ലാം ചടങ്ങ്, മുഹമ്മദ് ആമിറും പിന്നാലെ നായകന്‍ സര്‍ഫ്രാസും പുറത്തായതോടെ പാക്കിസ്ഥാന് 41 റണ്‍സിന്റെ തോല്‍വി.

ഫ്‌ളാഷ് ബാക്ക്

മത്സരം നടക്കുന്നത് 2015 ലോകകപ്പിലാണ്. ക്വാര്‍ട്ടര്‍ ഫൈനലില്‍ പാക്കിസ്ഥാനും ഓസ്ട്രേലിയയും ഏറ്റുമുട്ടുന്നു. പാക്കിസ്ഥാനാണ് ആദ്യം ബാറ്റ് ചെയ്തത്. മികച്ച തുടക്കമാണ് പാക്കിസ്ഥാന് ലഭിച്ചത്. പക്ഷെ പെട്ടെന്ന് കളിയുടെ ഗതി ഒന്നാകെ മാറി മറിഞ്ഞു. 97-2 എന്ന നിലയില്‍ നിന്നും 158-6 എന്ന നിലയിലേക്ക് പാക് ബാറ്റിങ് നിര നിലംപൊത്തി. എട്ടാമനായാണ് വഹാബ് റിയാസ് ക്രീസിലെത്തിയത്. വാലറ്റത്തിന്റെ ചെറുത്തു നില്‍പ്പില്‍ പാക്കിസ്ഥാന്‍ 213 ലെത്തി.

ഇതിനിടെ തന്റെ ജീവിതത്തിലുടനീളം ഓര്‍ത്തു വെക്കാന്‍ പോകുന്നൊരു രംഗത്തിന് ഷെയ്ന്‍ വാട്സണ്‍ തിരികൊളുത്തി വിട്ടു. ബാറ്റ് ചെയ്യുകയായിരുന്ന റിയാസിന് അരികിലെത്തി വാട്സണ്‍ ഇങ്ങനെ ചോദിച്ചു, ”നീ ബാറ്റ് പിടിച്ചിരിക്കുകയാണോ?”. ആ വാക്കുകള്‍ റിയാസ് മറന്നില്ല. മാത്രവുമല്ല അതൊരു കനലായി മാറി. ആ കനല്‍ പന്ത് കൈയ്യില്‍ കിട്ടിയതും തീനാളമായി മാറി. പന്തില്‍ തീപാറി. ഓസ്ട്രേലിയക്കാര്‍ ആ ചൂടറിഞ്ഞു, വാട്സണ്‍ നിന്നുരുകി.

Read More: ലോകകപ്പ് ഓർമ്മകള്‍: സ്വന്തം മരുന്നിന്റെ രുചിയറിഞ്ഞ് വാട്‌സണ്‍; മൈതാനത്ത് തീപടര്‍ത്തിയ വഹാബ് റിയാസ്
നായകന്‍ മൈക്കിള്‍ ക്ലാര്‍ക്കിനേയും ഡേവിഡ് വാര്‍ണറേയും പുറത്താക്കി റിയാസ് തനിക്ക് അറിയുന്ന, അതിന്റെ ഏറ്റവും അര്‍ത്ഥപൂര്‍ണമായ രീതിയില്‍, മറുപടി നല്‍കി. 11ാം ഓവര്‍ അവസാനിക്കുമ്പോഴേക്കും ഓസ്ട്രേലിയ 59-3 എന്ന നിലയിലെത്തി. പിന്നീടായിരുന്നു റിയാസ് തന്റെ വിശ്വരൂപം പുറത്തെടുത്തത്. തന്നെ അപമാനിച്ച വാട്സണ് മുതലും പലിശയും ചേര്‍ന്ന് റിയാസ് തിരിച്ചു കൊടുത്തു. 11-ാം ഓവറിന്റെ അഞ്ചാം പന്തിലാണ് വാട്സണ്‍ ക്രീസിലെത്തുന്നത്. നേരത്തെ കിട്ടിയത് മനസില്‍ സൂക്ഷിച്ചിരുന്ന വഹാബ് 149 കിലോമീറ്റര്‍ വേഗതിയിലൊരു ബൌണ്‍സര്‍ എറിഞ്ഞ് വാട്സണെ സ്വീകരിച്ചു. തലകുനിച്ചു കൊണ്ട് വാട്സണ്‍ ബൗണ്‍സറില്‍ നിന്നും രക്ഷപ്പെട്ടു. പിന്നാലെ വാട്സണിന് അരികിലെത്തിയ റിയാസ് കൈയ്യടിച്ചു കൊണ്ട് വാട്സന് ആദ്യ മരുന്ന് കൊടുത്തു. തൊട്ടടുത്ത പന്തിലും അതു തന്നെ സംഭവിച്ചു.

ഒരോവര്‍ കഴിഞ്ഞ് റിയാസ് വീണ്ടും വന്നു. നേരത്തെ കണ്ട അതേ കാഴ്ച വീണ്ടും ആവര്‍ത്തിച്ചു. ഓരോ പന്തെറിഞ്ഞതിന് ശേഷവും ഒന്നും ചെയ്യാനാവാതെ നില്‍ക്കുന്ന വാട്സണിന് അരികിലെത്തി റിയാസ് കൈയ്യടിച്ചു കൊണ്ട് പ്രോകിപ്പിച്ചു. വെല്ലുവിളിച്ചു. മൈതാനത്തിന് തീപിടിക്കുകയായിരുന്നു. വാട്സണ്‍ താന്‍ പഠിച്ച ക്രിക്കറ്റ് പാടങ്ങളെല്ലാം മറന്നവനെ പോലെ നില്‍ക്കുകയായിരുന്നു. ഓരോ പന്തു കഴിയും തോറും റിയാസ് കൂടുതല്‍ വിടര്‍ന്ന് ചിരിച്ചു കൊണ്ടിരുന്നു. അടുത്ത ഓവറിലും റിയാസ് ഇതാവര്‍ത്തിച്ചു. ഏകദിന ക്രിക്കറ്റ് അതിന്റെ സര്‍വ്വ ആവേശവും സൗന്ദര്യവും നിറഞ്ഞ കാഴ്ചയായി മാറുകയായിരുന്നു അപ്പോള്‍. തങ്ങളുടെ പ്രതാപ കാലത്ത് പന്തെറിയുന്ന പാക് ബോളര്‍മാരെ ഓര്‍പ്പിച്ചു റിയാസ് അന്ന്.

റിയാസ് തീര്‍ത്ത സമ്മര്‍ദ്ദചുഴിയില്‍ ഉലഞ്ഞ വാട്സണ്‍ കളി മറന്നു. ഇതിനിടെ വാട്സണെ പുറത്താക്കാന്‍ റിയാസിന് അവസരം ലഭിച്ചു. പ്രതികാരം പൂര്‍ത്തിയാകുമെന്ന് റിയാസ് നിനച്ചെങ്കിലും പന്ത് റാഹത്ത് അലി ഫൈന്‍ ലെഗ്ഗില്‍ കൈ വിട്ടു. നഷ്ടപ്പെട്ട വിക്കറ്റിന്റെ അമര്‍ഷം റിയാസ് മറയില്ലാതെ തന്നെ മൈതാനത്ത് രേഖപ്പെടുത്തി.റിയാസില്‍ നിന്നും രക്ഷപ്പെട്ട വാട്സണ്‍ പതിയെ താളം കണ്ടെത്തി. 66 പന്തുകളില്‍ നിന്നും 64 റണ്‍സ് നേടി പുറത്താകാതെ വാട്സണ്‍ കളി അവസാനിപ്പിച്ചു. റിയാസിന്റെ തീപാറും സ്പെല്ലിന്റെ പേരില്‍ ക്രിക്കറ്റ് ലോകം ഓര്‍ത്തിരിക്കുന്ന മത്സരത്തില്‍ അന്തിമ വിജയം പക്ഷെ പാക്കിസ്ഥാനൊപ്പം നിന്നില്ല. ആറ് വിക്കറ്റുകള്‍ക്കായിരുന്നു ഓസ്ട്രേലിയയുടെ വിജയം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook