തുടർപരാജയങ്ങൾക്ക് പിന്നാലെ ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിന് തിരിച്ചടിയായി പരിക്കും. വിൻഡീസ് സൂപ്പർ ഓൾറൗണ്ടർ ആന്ദ്രെ റസൽ പരിക്കുമൂലം നാട്ടിലേക്ക് മടങ്ങുന്നു. ലോകകപ്പിൽ ഇനിയുള്ള മത്സരങ്ങൾ കളിക്കാൻ ആന്ദ്രെ റസലുണ്ടാവുകയില്ല. റസലിന് പകരക്കാരനായി സുനിൽ ആമ്പ്രിസ് ടീമിനൊപ്പം ചേരും.

Also Read: ‘അത് തന്റെ ജോലിയല്ല’; കോഹ്‌ലിയെപോലെ ആരാധകരോട് ഓസിസ് താരങ്ങൾക്ക് വേണ്ടി വാദിക്കില്ലെന്ന് മോർഗൻ

ഐപിഎല്ലിലെ മിന്നും ഫോമുമായി ലോകകപ്പിലെത്തിയ ആന്ദ്രെ റസലിന് എന്നാൽ ലോകകപ്പ് വേദിയിൽ ഒരിക്കൽ പോലും കാര്യമായ പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല. ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ കുതിപ്പിന്റെ തന്ത്രവും തഴമ്പും റസിലിന്റെതായിരുന്നു. അതേസമയം അതെ റസലിന്റെ നിഴൽ മാത്രമായി ലോകകപ്പിലെ പ്രകടനം.

ലോകകപ്പിൽ വിൻഡീസ് കളിച്ച ആറ് മത്സരങ്ങളിൽ നാലെണ്ണത്തിൽ മാത്രമാണ് റസൽ കളത്തിലിറങ്ങിയത്. അതിൽ തന്നെ പലപ്പോഴും വേദന അടക്കിയായിരുന്നു റസലിന്റെ പ്രകടനങ്ങളും. ലോകകപ്പിലെ പാക്കിസ്ഥാനെതിരായ വിൻഡീസിന്റെ ആദ്യ മത്സരത്തിൽ ബാറ്റ് ചെയ്യാതിരുന്ന റസൽ ഓസ്ട്രേലിയക്കെതിരെ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയെങ്കിലും ബാറ്റിങ് 15 റൺസിൽ അവസാനിച്ചു. ഇംഗ്ലണ്ടിനെതിരെ 21 റൺസെടുത്ത റസലിന് വിക്കറ്റുകൾ അകന്നു നിന്നു. ബംഗ്ലാദേശിനെതിരെ ഒരു വിക്കറ്റ് സ്വന്തമാക്കുകയും മറുപടി ബാറ്റിങ്ങിൽ 42 റൺസ് നേടുകയും ചെയ്തു. എന്നാൽ കിവികൾക്കെതിരായ നിർണായക മത്സരത്തിൽ ഡഗ്ഔട്ടിലായിരുന്നു റസലിന്റെ സ്ഥാനം.

റസലിന് പകരക്കാരനായി എത്തുന്ന സുനിൽ അമ്പ്രിസ് ഏകദിനത്തി. ആറ് മത്സരങ്ങൾ മാത്രം കളിച്ച പരിചയസമ്പത്തുമായി എത്തുന്ന ആളാണ്. ആറ് മത്സരങ്ങളിൽ നിന്ന് ഒരു സെഞ്ചുറിയും ഒരു അർധ സെഞ്ചുറിയും സ്വന്തം അക്കൗണ്ടിലുള്ള സുനിൽ അമ്പ്രിസിന് പക്ഷെ കളിക്കാൻ അവസരം ലഭിക്കുമോയെന്ന കാര്യം സംശയമാണ്. കഴിഞ്ഞ ദിവസം റസലിന് പകരക്കാരനായി പ്ലെയിങ് ഇലവനിൽ ഇടം പിടിച്ച കാർലോസ് ബ്രാത്ത്‌വൈറ്റ് മികച്ച ഫോമിലാണ്. ന്യൂസിലൻഡിനെതിരെ സെഞ്ചുറി നേടിയ താരം തന്നെ ആദ്യ ഇലവനിൽ കളിക്കുമെന്നാണ് സൂചന.

Also Read: ‘ആയിരത്തിൽ ഒരുവൻ ഷാക്കിബ്’; ലോകകപ്പിൽ റെക്കോർഡ് നേട്ടവുമായി ബംഗ്ലാദേശ് താരം

ന്യൂസിലൻഡിനെതിരായ മത്സരത്തിൽ ഒരു വിക്കറ്റ് മാത്രം കൈയ്യിലിരിക്കെ ഏഴ് പന്തില്‍ ആറ് റണ്‍സ് എന്നതായിരുന്നു വിജയത്തിലേക്കുള്ള ദൂരം. സെഞ്ചുറി അടിച്ചതിന് പിന്നാലെ, ജിമ്മി നീഷമിനെ ഉയര്‍ത്തി അടിച്ച ബ്രാത്ത് വെയ്റ്റിന്റെ കണക്ക് കൂട്ടലുകള്‍ പിഴച്ചു. ബൗണ്ടറി ലൈനിന് തൊട്ടരികില്‍ വച്ച് ട്രെന്റ് ബോള്‍ട്ട് പന്ത് പിടിയിലൊതുക്കി. അഞ്ച് സിക്‌സും നാല് ഫോറുമടക്കം 82 പന്തുകളില്‍ നിന്നും 101 റണ്‍സാണ് ബ്രാത്ത് വെയ്റ്റ് നേടിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook