ലോകകപ്പിൽ ആദ്യ രണ്ട് മത്സരങ്ങൾ പരാജയപ്പെട്ടതിന് പിന്നാലെ അഫ്ഗാനിസ്ഥാന് തിരിച്ചടിയായി സൂപ്പർ താരത്തിന്റെ പരിക്ക്. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മുഹമ്മദ് ഷെഹ്സാദാണ് പരിക്കിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങുന്നത്. മുട്ടിനേറ്റ പരിക്കിനെ തുടർന്നാണ് താരത്തിന് ഷെഹ്സാദിന് ലോകകപ്പ് മത്സരങ്ങൾ നഷ്ടമാകുന്നത്.
Also Read: ഫെെവ് സ്റ്റാർ സ്റ്റാര്‍ക്ക്; വിന്‍ഡീസ് കാറ്റിന് തടയിട്ട് ഓസ്ട്രേലിയയ്ക്ക് രണ്ടാം ജയം
ലോകകപ്പിന് മുന്നോടിയായി പാക്കിസ്ഥാനെതിരെ നടന്ന സന്നാഹ മത്സരത്തിനിടെയാണ് ഷെഹ്സാദിന് പരിക്കേൽക്കുന്നത്. മത്സരത്തിനിടയിൽ പരിക്കേറ്റ ഷെഹ്സാദ് റിട്ടയേർഡ് ഹർട്ട് ആയി മടങ്ങിയിരുന്നു. പിന്നീട് ഇംഗ്ലണ്ടിനെതിരായി നടന്ന രണ്ടാം സന്നാഹ മത്സരത്തിൽ താരം കളിച്ചിരുന്നുമില്ല.
Also Read: കോട്ട്റെലേ ഇതിന് നിനക്കൊരു സല്യൂട്ട്; ലോകകപ്പിലെ ഏറ്റവും മികച്ച ക്യാച്ച് ഇതാ
എന്നാൽ ടൂർണമെന്റ് ആരംഭിച്ചപ്പോൾ അഫ്ഗാൻ ജേഴ്സിയിൽ ഷെഹ്സാദ് മൈതാനത്തെത്തിയിരുന്നു. കാര്യമായി തിളങ്ങാനായില്ലെങ്കിലും ടീമിൽ സ്ഥാനമുറപ്പിക്കാൻ താരത്തിന് സാധിച്ചിരുന്നു. അതേസമയം പരിക്ക് ഭേദമാകാത്തതിനാൽ ഷെഹ്സാദിനെ ടീമിൽ നിന്ന് മാറ്റിനിർത്താനാണ് അഫ്ഗാൻ മാനേജ്മെന്റിന്റെ നീക്കം.
വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധനേടാൻ ഷെഹ്സാദിന് സാധിച്ചിരുന്നു. 2015 ലോകകപ്പിന് ശേഷം അഫ്ഗാനിസ്ഥാന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരവും ഷെഹ്സാദാണ്. 55 ഇന്നിങ്സുകളിൽ നിന്നായി 1843 റൺസാണ് ഷെഹ്സാദ് അടിച്ചുകൂട്ടിയത്.
ഷെഹ്സാദിന് പകരക്കാരനായി പതിനെട്ടുകാരൻ ഇക്രാം അലി ഖില്ലിനെ അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂസിലൻഡിൽ നടന്ന അണ്ടർ 19 ലോകകപ്പിൽ അഫ്ഗാന് വേണ്ടി കളിച്ച താകമാണ് ഇക്രാം. സീനിയർ ടീമിൽ ഇക്രാമിന്റെ അരങ്ങേറ്റം അയർലണ്ടിനെതിരെയായിരുന്നു.
ലോകകപ്പിൽ ഇതുവരെ രണ്ട് മത്സരങ്ങൾ കളിച്ച അഫ്ഗാനിസ്ഥാൻ രണ്ടിലും പരാജയപ്പെട്ടിരുന്നു. ഓസ്ട്രേലിയക്കെതിരെ ഏഴ് വിക്കറ്റിനായിരുന്നു അഫ്ഗാന്റെ തോൽവി. രണ്ടാം മത്സരത്തിൽ ശ്രീലങ്കക്കെതിരെ തുടക്കത്തിൽ വ്യക്തമായ ആധിപത്യം പുലർത്താൻ സാധിച്ചെങ്കിലും അവസാനം ജയം ശ്രീലങ്ക സ്വന്തമാക്കുകയായിരുന്നു.