ലീഡ്‌സ്:ആശ്വാസ ജയം പോലുമില്ലാത അഫ്ഗാനിസ്ഥാന്‍ ലോകകപ്പില്‍ നിന്നും മടങ്ങുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരെ 312 എന്ന വിജയലക്ഷ്യം മുന്നില്‍ കണ്ടിറങ്ങിയ അഫ്ഗാന്റെ ഇന്നിങ്‌സ് 288 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. അവസാന പന്തിലാണ് അഫ്ഗാന് 10-ാം വിക്കറ്റ് നഷ്ടമായത്. ഇതോടെ വെസ്റ്റ് ഇന്‍ഡീസിന് 23 റണ്‍സിന്റെ വിജയം.

തോല്‍വിയിലും തലയുയര്‍ത്തി മടങ്ങുന്ന അഫ്ഗാന്‍, 50 ഓവര്‍ തികച്ച് ബാറ്റ് ചെയ്താണ് ഇന്നും കളിയവസാനിപ്പിച്ചത്. ടീമെന്ന നിലയില്‍ തങ്ങള്‍ കൈ വരിച്ച പക്വതയുടെ സാക്ഷ്യമാണ് അഫ്ഗാന്‍ നല്‍കുന്നത്. മൂന്നാമനായി ഇറങ്ങി 86 റണ്‍സ് നേടിയ 18 കാരന്‍ ഇക്രം അലി ഖില്‍ ആണ് അഫ്ഗാന്‍ നിരയിലെ താരം. ഓപ്പണര്‍ റഹ്മത് ഷായും അര്‍ധ സെഞ്ചുറി നേടി. 62 റണ്‍സാണ് താരം നേടിയത്.

അസ്ഗര്‍ അഫ്ഗാന്‍ 40 റണ്‍സും സദ്രാന്‍ 31 റണ്‍സും കൂട്ടിച്ചേര്‍ത്തു. 10-ാമനായി ഇറങ്ങിയ സയ്യിദ് ശിര്‍സാദ് 25 റണ്‍സും കൂട്ടിച്ചേര്‍ത്തു. നാല് വിക്കറ്റെടുത്ത കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റും മൂന്ന് വിക്കറ്റെടുത്ത കെമര്‍ റോച്ചുമാണ് വിന്‍ഡീസ് ബോളര്‍മാരില്‍ തിളങ്ങിയത്.

ആറ് വിക്കറ്റ് നഷ്ടത്തിലാണ് വിന്‍ഡീസ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. എവിന്‍ ലൂയിസ്, നിക്കോളാസ് പൂരാന്‍,ഷായ് ഹോപ്പ് എന്നിവരുടെ അര്‍ധ സെഞ്ചുറി പ്രകടനമാണ് വിന്‍ഡീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

ഓപ്പണര്‍ ക്രിസ് ഗെയില്‍ ഏഴ് റണ്‍സ് മാത്രമെടുത്ത് പുറത്തായെങ്കിലും എവിന്‍ ലൂയിസും ഷായ് ഹോപ്പും ചേര്‍ന്ന് വിന്‍ഡീസിന് വേണ്ട അടിത്തറ പാകുകയായിരുന്നു. 78 പന്തില്‍ 58 റണ്‍സ് നേടിയ എവിന്‍ ലൂയിസിനെ റാഷിദ് ഖാന്‍ പുറത്താക്കിയെഹ്കിലും ഹെറ്റ്‌മെയറെ കൂട്ടുപിടിച്ച് ഹോപ്പ് വിന്‍ഡീസിനെ മുന്നോട്ട് നയിച്ചു. 39 റണ്‍സെടുത്താണ് ഹെറ്റ്‌മെയര്‍ മടങ്ങുന്നത്.

രണ്ട് സിക്‌സും ആറ് ഫോറുമായി 77 റണ്‍സാണ് ഷായ് ഹോപ്പ് സ്‌കോര്‍ബോര്‍ഡില്‍ ഏഴുതി ചേര്‍ത്തത്. നിക്കോളാസ് പൂരാന്‍ 43 പന്തില്‍ 58 റണ്‍സും നായകന്‍ ജെയ്‌സന്‍ ഹോള്‍ഡര്‍ 33 പന്തില്‍ 45 റണ്‍സും നേടി. അവസാന ഓവറില്‍ തകര്‍ത്തടിച്ച ബ്രാത്ത്‌വെയ്റ്റ് നാല് പന്തില്‍ 14 റണ്‍സ് നേടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook