ലോകകപ്പിൽ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ ന്യൂസിലൻഡ് അഫ്ഗാനിസ്ഥാനെ നേരിടുന്നു. മത്സരത്തിൽ അഫ്ഗാനിസ്ഥാനാണ് ആദ്യം ബാറ്റ് ചെയ്യുന്നത്. ടോസ് നേടിയ കിവികൾ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. വിജയക്കുതിപ്പ് തുടരാനാണ് കിവികൾ ഇന്നിറങ്ങുന്നതെങ്കിൽ ടൂർണമെന്റിലെ കന്നിജയമാണ് അഫ്ഗാന്റെ ലക്ഷ്യം. ഇന്ത്യൻ സമയം വൈകിട്ട് ആറ് മണിക്ക് ടോട്ടൻ കൗണ്ടി സ്റ്റേഡിയത്തിലാണ് മത്സരം.

പോയിന്റ് പട്ടികയിലെ ആദ്യ-അവസാനക്കാർ നേർക്കുനേർ വരുന്ന മത്സരമെന്ന പ്രത്യേകതയാണ് ഇന്നത്തെ മത്സരത്തിനുള്ളത്. കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച് ന്യൂസിലൻഡ് ഒന്നാം സ്ഥാനത്ത് നിലയുറപ്പിക്കുമ്പോൾ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട അഫ്ഗാൻ ഏറ്റവും ഒടുവിൽ പത്താം സ്ഥാനത്താണ്.

ലോകകപ്പിലെ ‘കറുത്തകുതിരകള്‍’ എന്ന വിശേഷണം കാലങ്ങളായി കൊണ്ടു നടക്കുന്നവരാണ് ന്യൂസിലന്‍ഡുകാര്‍. കഴിഞ്ഞ ലോകകപ്പിന്റെ ഫൈനലിലെത്തി അവരതിന് മാറ്റം വരുത്തി. കറുത്ത കുതിരകളല്ല കിരീടം അവകാശപ്പെടാന്‍ കഴിയുന്നവരാണ് തങ്ങളെന്ന് ന്യൂസിലന്‍ഡ് ലോകത്തിന് ബോധ്യപ്പെടുത്തി. ഇത്തവണയും മികച്ച തുടക്കമാണ് കിവികൾക്ക് ലഭിച്ചിരിക്കുന്നത്. ആദ് മത്സരത്തിൽ ശ്രീലങ്കയെ പത്ത് വിക്കറ്റിനും രണ്ടാം മത്സത്തിൽ ബംഗ്ലാദേശിനെ രണ്ട് വിക്കറ്റിനും ന്യൂസിലൻഡ് പരാജയപ്പെടുത്തി.

അഫ്ഗാനിസ്ഥാനാകട്ടെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയോട് ഏഴ് വിക്കറ്റിന്റെ തോൽവി ഏറ്റുവങ്ങിയിരുന്നു. രണ്ടാം മത്സരത്തിൽ ശ്രീലങ്കയും മഴയും ഒന്നിച്ച് കളിച്ചതോടെ ജയിക്കേണ്ട മത്സരം അഫ്ഗാന്റെ കൈവിട്ട് പോവുകയായിരുന്നു. അട്ടിമറികൾ സംഭവിച്ചാൽ മറ്റൊരു വാശിയേറിയ മത്സരത്തിനാകും ലോകകപ്പ് ഇന്ന് വേദിയാകുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook