കുറഞ്ഞ കാലത്തിനുള്ളിൽ ക്രിക്കറ്റ് മൈതാനങ്ങളും ക്രിക്കറ്റ് പ്രേമികളുടെ മനസും കീഴടക്കി ലോകകപ്പ് വേദിയിലേക്ക് ഒരിക്കൽ കൂടി അഫ്ഗാൻ എത്തിയപ്പോൾ അട്ടിമറികൾ പ്രതീക്ഷിക്കുക തന്നെ ചെയ്തിരുന്നു. എന്നാൽ അട്ടിമറി ജയങ്ങൾ ഉണ്ടായില്ല. എന്നാൽ ഇന്ത്യയും പാക്കിസ്ഥാനും ഉൾപ്പടെയുള്ള വമ്പന്മാരെ ഞെട്ടിക്കാൻ അഫ്ഗാനിസ്ഥാന് സാധിച്ചു. ജയത്തിനപ്പുറം തങ്ങളുടെ സാനിധ്യം അറിയിക്കാൻ സാധിച്ചു എന്ന ചാരിദാർഥ്യത്തോടെ അഫ്ഗാൻ നാട്ടിലേക്ക് മടങ്ങും. വിൻഡീസുമായി നടന്ന അവസാന മത്സരത്തിലും ജയം സ്വന്തമാക്കാൻ സാധിക്കാതെ വന്നതോടെ ഒരു ജയം പോലുമില്ലാതെ ഈ ലോകകപ്പ് അവസാനിപ്പിക്കുന്ന ഏക ടീമാായി അഫ്ഗാൻ മാറി.

രാജ്യന്തര ക്രിക്കറ്റിന്റെ തന്നെ മുഖമായി മാറി കഴിഞ്ഞ റാഷിദ് ഖാൻ, മുജീബ് ഉ8 റഹ്മാൻ, ഹസ്രത്തുള്ള സസായി എന്നീ ത്രയങ്ങളെ മുന്നിൽ നിർത്തിയാണ് അഫ്ഗാൻ ഇംഗ്ലണ്ടിലേക്ക് വണ്ടി കയറിയത്. ഒപ്പം അഫ്ഗാൻ ക്രിക്കറ്റിന്റെ വളർച്ചയുടെ നെടുംതൂണായി നിന്ന മുഹമ്മദ് നബി, അസ്ഗർ അഫ്ഗാൻ, നായകൻ ഗുൽബാദിൻ നയ്ബ് എന്നീ പരിചയ സമ്പന്നരും. ഈ രണ്ട് ത്രയങ്ങളിൽ തന്നെയായിരുന്നു അഫ്ഗാന്രെ പ്രതീക്ഷകളെല്ലാം. പരിചയസമ്പത്തും യുവത്വവും ഒത്ത് ചേർന്നിട്ടും കളിച്ച ഒമ്പത് മത്സരങ്ങളിലും പരാജയ അറിയാനായിരുന്നു അഫ്ഗാന്റെ വിധി.

എന്നാൽ അത്ര അനായാസമായിരുന്നില്ല മറ്റ് ടീമുകൾക്ക് അഫ്ഗാനെ പരാജയപ്പെടുത്തുക എന്നത്. അവസാന ഓവറുവരെ മത്സരം എത്തിക്കാൻ പലപ്പോഴും അഫ്ഗാനിസ്ഥാനായി. ടൂർണമെന്റിൽ മിന്നും പ്രകടനം നടത്തിയ ഇന്ത്യയെയും പാക്കിസ്ഥാനെയും വെള്ളം കുടിപ്പിക്കാനും അഫ്ഗാനിസ്ഥാനായി. ടൂർണമെന്റിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഓസ്ട്രേിലിയയോട് ഏഴ് വിക്കറ്റിന് കീഴടങ്ങിയ അഫ്ഗാനിസ്ഥാനെതിരെ രണ്ടാം മത്സരത്തിൽ ശ്രീലങ്കയും മഴയും ഒന്നിച്ച് കളിച്ചപ്പോൾ തോൽവി 34 റൺസിനായിരുന്നു.

ന്യൂസിലൻഡിനോട് വീണ്ടും ഏഴ് വിക്കറ്റിന്റെ തോൽവി. ദക്ഷിണാഫ്രിക്കയോട് ഒമ്പത് വിക്കറ്റിന്റെയും ആതിഥേയരായ ഇംഗ്ലണ്ടിനോട് 150 റൺസിന്റെയും നാണംകെട്ട തോൽവി ഏറ്റുവാങ്ങിയ അഫ്ഗാൻ ഇന്ത്യക്കെതിരെ രണ്ടും കൽപ്പിച്ചാണ് ഇറങ്ങിയത്. ടോസ് നേടി വമ്പൻ സ്കോർ ലക്ഷ്യംവച്ച് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ അഫ്ഗാൻ 224 റൺസിന് എറിഞ്ഞൊതുക്കി. മറുപടി ബാറ്റിങ്ങിൽ അവസാന ഓവർ വരെ വിജയ സാധ്യത നിലനിർത്തിയ അഫ്ഗാനെതിരെ ഇന്ത്യക്ക് ജയം ഒരുക്കിയത് ഷമിയുടെ ഹാട്രിക്കായിരുന്നു.

ബംഗ്ലാദേശിനെയും പാക്കിസ്ഥാനെയും അഫ്ഗാൻ ബോളർമാർ വെള്ളം കുടിപ്പിച്ചു. പാക്കിസ്ഥാനെതിരെ ജയിക്കാമായിരുന്ന മത്സരം മൂന്ന് റൺസകലെ അഫ്ഗാൻ തുലക്കുകയായിരുന്നു. അവസാന മത്സരത്തിൽ വിൻഡീസിനോട് തോൽവി 23 റൺസിന്.

എന്നാൽ അഫ്ഗാൻ പ്രകടനത്തിന്റെ ആകെ തുകയെടുത്താൽ അവർ ഒരുപാട് വളർന്നിരിക്കുന്നു. 2015ൽ നിന്ന് 2019ലേക്ക് എത്തുമ്പോൾ ലോകകപ്പ് വേദിയിൽ ഒരു ചാമ്പ്യൻ ടീമിനൊടൊപ്പം നിൽക്കുന്ന പ്രകടനം തന്നെയാണ് അഫ്ഗാൻ പുറത്തെടുത്തതെന്ന് പറയാൻ സാധിക്കും. ബോളിങ്ങിൽ തന്നെയാണ് അഫ്ഗാന്റെ പ്രധാന കരുത്ത്. അത് പറയുമ്പോൾ തന്നെ സ്റ്റാർ ബോളർ റാഷിദ് ഖാന് ടൂർണമെന്റിൽ തിളങ്ങാൻ സാധിച്ചില്ല എന്ന് മാത്രമല്ല, അടി വാങ്ങി കൂട്ടുകയും ചെയ്തു എന്ന കാര്യവും ഓർമ്മിക്കേണ്ടതുണ്ട്. ബാറ്റിങ്ങിൽ വിക്കറ്റ് പോകാതെ കാക്കാൻ സാധിക്കുന്ന അഫ്ഗാനിസ്ഥാൻ റൺസ് കണ്ടെത്തുന്നതിൽ പരാജയപ്പെട്ടു.

ടൂർണമെന്റിന്റെ തുടക്കത്തിൽ സീനിയർ താരം അസ്ഗർ അഫ്ഗാനെ മാറ്റി ഗുൽബാദിൻ നയ്ബിനെ നായകസ്ഥാനത്തേക്ക് എത്തിച്ച ബോർഡ് തീരുമാനത്തിന് സമാനമായിരുന്നു മുഹമ്മദ് ഷെഹ്സാദിന്റെ നാട്ടിലേക്കുള്ള മടക്കവും. പരിക്ക് മൂലമാണ് താരം നാട്ടിലേക്ക് മടങ്ങുന്നതെന്നായിരുന്നു ബോർഡിന്റെ വിശദീകരണം. എന്നാൽ ബോർഡ് തന്നെ നിർബന്ധിച്ച് പറഞ്ഞുവിടുകയായിരുന്നു എന്ന് താരവും പറഞ്ഞതോടെ വിവാദങ്ങൾ കെട്ടടുങ്ങുന്നില്ല. അത്തരം വിവാദങ്ങൾക്ക് തടയിട്ട് കൂടുതൽ മെച്ചപ്പെട്ട പ്രകടനവുമായി ക്രിക്കറ്റ് ഇനിയും മൈതാനങ്ങളിൽ ഇനിയും അഫ്ഗാൻ ഉണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല.

ഐസിസി പദവി 2001ൽ മാത്രം ലഭിച്ച ഒരു ടീം കണ്ണടച്ച് തുറക്കും മുമ്പേയാണ് ക്രിക്കറ്റ് ലോകത്തിന്റെ വലിയ തിരശീലയിൽ തങ്ങളുടെ പേരെഴുതി ചേർത്തത്. അങ്ങനെയൊരു ടീമിന് ഇനിയും ഒരുപാട് ചെയ്യാൻ സാധിക്കും. ലോകക്രിക്കറ്റിലെ വമ്പന്മാരായ ഇംഗ്ലണ്ടിനും ന്യൂസിലൻഡിനും ഒരു ലോകകിരീടം പോലും ഇല്ലാത്തടുത്തോളം കാലം ഒരു ജയപോലും ഇല്ലാതെ പടിയെറുങ്ങുന്നതിൽ അഫ്ഗാനും വിഷമിക്കേണ്ട കാര്യമില്ല. മടങ്ങിവരവുകൾ ഇനിയും സാധ്യമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook