മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ മത്സരം അഫ്ഗാനിസ്ഥാന് ഒരു ദുസ്വപ്‌നം തന്നെയായിരുന്നു. വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ഇംഗ്ലണ്ട് നായകന്‍ ഇയാന്‍ മോര്‍ഗണ്‍ വിധിയെഴുതിയ മത്സരത്തില്‍ 150 റണ്‍സിനായിരുന്നു അഫ്ഗാന്റെ പരാജയം. പക്ഷെ അതിലും മോശമായിരുന്നു അഫ്ഗാന് മത്സരശേഷം നടന്ന പത്രസമ്മേളനം. കളിക്ക് മുമ്പ് മാഞ്ചസ്റ്ററിലെ റസ്റ്റോറന്റിലുണ്ടായ സംഭവത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ കൊണ്ട് മാധ്യമപ്രവര്‍ത്തകര്‍ അഫ്ഗാന്‍ നായകന്‍ ഗുലാബ്ദിന്‍ നയിബിനെ വലച്ചു. ഇതോടെ താന്‍ ഇറങ്ങിപോകുമെന്ന് ഗുലാബ് ഭീഷണി മുഴക്കുകയായിരുന്നു.

ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിന് മുമ്പായിരുന്നു സംഭവം. താരങ്ങളുടെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചയാളുമായി അഫ്ഗാന്‍ താരങ്ങള്‍ അടിയുണ്ടാക്കുകയായിരുന്നു. സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയെന്നതാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം നടന്നുവരികയാണ്. സംഭവത്തെ കുറിച്ച് എന്തെങ്കിലും അറിയാമോ എന്ന ചോദ്യത്തിലാണ് നയിബ് ദേഷ്യപ്പെട്ടത്.

തനിക്ക് ഒന്നും അറിയില്ലെന്നും വേണമെങ്കില്‍ തങ്ങളുടെ സുരക്ഷാ ഉദ്യോഗസ്ഥരോട് ചോദിച്ചോളൂ എന്നായിരുന്നു താരത്തിന്റെ മറുപടി. വീണ്ടും ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ ഇവിടെ വന്നത് കളിയെ കുറിച്ച് സംസാരിക്കാനാണ്. ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ആകില്ല. സെക്യൂരിറ്റി ഓഫീസറോട് ചോദിക്കണമെങ്കില്‍ താന്‍ ഇറങ്ങിപോകാമെന്നും നയിബ് പറഞ്ഞു.

150 റൺസിനാണ് ഇംഗ്ലണ്ട് അഫ്ഗാനെ പരാജയപ്പെടുത്തിയത്. 398 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന അഫ്ഗാനിസ്ഥാൻ ഇന്നിങ്സ് 247 റൺസിൽ അവസാനിച്ചു. വലിയ വിജയലക്ഷ്യം അനായസം പ്രതിരോധിച്ച് ജയിക്കാമെന്ന ഇംഗ്ലണ്ട് പ്രതീക്ഷകൾ അസ്ഥാനത്താക്കുന്നതായിരുന്നു അഫ്ഗാന്റെ പ്രകടനം. പേരുകേട്ട ഇംഗ്ലീഷ് ബോളിങ് നിരയ്ക്ക് മുന്നിൽ അവസാന ഓവർ വരെ ബാറ്റ് ചെയ്ത ശേഷമാണ് അഫ്ഗാൻ മത്സരത്തിൽ കീഴടങ്ങിയത്.

അത്രപെട്ടെന്ന് കീഴടങ്ങാൻ തയ്യാറല്ലെന്നുറപ്പിച്ചായിരുന്നു അഫ്ഗാനിസ്ഥാന്റെ ഓരോ ബാറ്റ്സ്മാന്മാരും ക്രീസിലേക്ക് എത്തിയത്. റൺസൊന്നും എടുക്കാതെ നൂർ അലി വീണെങ്കിലും തങ്ങളാലാകുന്നത് ചെയ്യാൻ പിന്നാലെ എത്തിയ ഓരോ താരങ്ങളും ശ്രമിച്ചു. നായകൻ ഗുൽബാദിൻ നയ്ബിനെയാണ് പിന്നീട് അഫ്ഗാന് നഷ്ടമായത്. 37 റൺസെടുത്ത ഗുൽബാദിൻ നയ്ബിനെ മാർക്ക് വുഡാണ് പുറത്താക്കിയത്. ക്രീസിൽ നിലയുറപ്പിച്ച് ബാറ്റ് വീശുന്നതിനിടയിൽ അർധസെഞ്ചുറിക്ക് നാല് റൺസ് അകലെ റഹ്‌മത് ഷാ വീണത് അഫ്ഗാന് തിരിച്ചടിയായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook