ICC Cricket World Cup 2019: ലോകകപ്പ് ക്രിക്കറ്റിന് അരങ്ങുണരുമ്പോള്‍ ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികള്‍ ഒരിക്കലും മറക്കാത്ത ചില ഇന്നിങ്സുകളുണ്ട്. ലോകകപ്പ് ഓര്‍മകളില്‍ അത്തരം ഇന്നിങ്സുകളുടെ സ്ഥാനം വളരെ വലുതാണ്. അങ്ങനെയൊരു ഇന്നിങ്സാണ് 2011 ലെ ലോകകപ്പ് ഫൈനലില്‍ ഗൗതം ഗംഭീര്‍ കാഴ്ചവച്ചത്. ഗംഭീറിന്റെ ഇന്നിങ്സ് ഇല്ലായിരുന്നെങ്കില്‍ 1983 ന് ശേഷം ഇന്ത്യ മറ്റൊരു ലോകകപ്പ് സ്വന്തമാക്കില്ലായിരുന്നു എന്ന് ക്രിക്കറ്റ് പ്രേമികള്‍ ഉറച്ച് വിശ്വസിക്കുന്നു.
മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ ശ്രീലങ്കയായിരുന്നു ഇന്ത്യയ്ക്ക് ഫൈനലില്‍ എതിരാളികള്‍. 42, 000 ത്തോളം കാണികളാണ് ലോകകപ്പ് ഫൈനല്‍ മത്സരം കാണാന്‍ വാങ്കഡെയില്‍ തടിച്ചുകൂടിയത്. ടോസ് നേടിയ ശ്രീലങ്ക ആദ്യം ബാറ്റ് ചെയ്തു. നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സ് സ്വന്തമാക്കി. ഇന്ത്യക്ക് വിജയലക്ഷ്യം 275 റണ്‍സ്. ലോകകപ്പ് ഫൈനല്‍ പോലൊരു മത്സരത്തില്‍ 250 ല്‍ അധികം റണ്‍സ് പിന്തുടരുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. എങ്കിലും ഗംഭീർ ഗംഭീരമായി ബാറ്റ് വീശിയതോടെ ചരിത്ര വിജയം ഇന്ത്യക്കൊപ്പം നിന്നു.
Read More: ലോകകപ്പ് ഓര്‍മ്മകള്‍: സച്ചിന്റെ 98, മൂന്നക്കം കടക്കാതിരുന്ന ‘ക്രിക്കറ്റിന്റെ പൂര്‍ണത’
ചരിത്രത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യയുടെ തുടക്കം അത്ര ശുഭകരമായിരുന്നില്ല. റണ്‍സൊന്നുമെടുക്കാതെ ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ വീരേന്ദര്‍ സേവാഗ് പുറത്ത്. ഇന്ത്യയുടെ സ്കോര്‍ ബോര്‍ഡിലും റണ്‍സ് പിറന്നിട്ടില്ല. വാങ്കഡെ നിശബ്ദമായി. നോണ്‍ സ്ട്രൈക്കര്‍ എന്‍ഡില്‍ സച്ചിന് ടെന്‍ഡുല്‍ക്കര്‍ നില്‍പ്പുണ്ട്. ഇന്ത്യയുടെ എല്ലാ പ്രതീക്ഷകളും പിന്നീട് സച്ചിനിലായിരുന്നു. സേവാഗ് കൂടാരം കയറിയപ്പോള്‍ ഗൗതം ഗംഭീര്‍ ക്രീസിലേക്ക്. സച്ചിനും ഗംഭീറും ചേര്‍ന്ന് ഇന്നിങ്സ് മുന്നോട്ട് കൊണ്ടുപോകവേ ടീം ടോട്ടല്‍ 31 ല്‍ എത്തിയതും സച്ചിന്റെ വിക്കറ്റ് മലിംഗ സ്വന്തമാക്കി. സച്ചിനെ കൂടെ നഷ്ടമായതോടെ ഇന്ത്യ പ്രതിരോധത്തിലായി. പരാജയത്തിലേക്ക് കൂപ്പുകുത്തുമെന്ന് ഇന്ത്യൻ ആരാധകർ കരുതിയ നിർണായക ഘട്ടത്തിലാണ് ഗംഭീർ രക്ഷകനാകുന്നത്. അങ്ങനെയാണ് ആ ഇന്നിങ്സ് പിറക്കുന്നത്…

നാലാമനായി ക്രീസിലെത്തിയ കോഹ്ലിക്കൊപ്പം ഗംഭീര്‍ ഇന്ത്യയുടെ ഇന്നിങ്സിന് കരുത്തേകി. അതിവേഗം ബൗണ്ടറികളിലൂടെ റണ്‍സ് കണ്ടെത്താന്‍ മിടുക്കുള്ള ഗംഭീറിന്റെ ഇന്നിങ്സ് വാങ്കഡെയില്‍ വളരെ പതുക്കെയാണ് നീങ്ങിയത്. ഓടിയെടുക്കാവുന്ന ഒരു റണ്‍സ് പോലും ഗംഭീർ നഷ്ടപ്പെടുത്തിയില്ല. വളരെ ശ്രദ്ധയോടെ ഓരോ റണ്‍സും ഗംഭീര്‍ സ്വന്തമാക്കി. മൂന്നാം വിക്കറ്റായി കോഹ്ലിയെ നഷ്ടപ്പെട്ടത് സ്കോര്‍ബോര്‍ഡില്‍ 114 റണ്‍സായപ്പോള്‍. അഞ്ചാമനായി നായകന് ധോണി വന്നതോടെ ഗംഭീര്‍ കൂടുതല്‍ ശക്തനായി. അനാവശ്യ ഷോട്ടുകള്‍ക്ക് മുതിരാതെ ഓരോ റണ്‍സും വിലപ്പെട്ടതാണെന്ന് മനസിലാക്കി ഗൗതി ബാറ്റ് വീശി. ഒടുവില്‍ ഇന്ത്യ വിജയിക്കുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ ഗംഭീറിന്റെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമാകുകയായിരുന്നു.
Read More: ലോകകപ്പിനുള്ള ഇന്ത്യൻ ടീം
അര്‍ഹിച്ച സെഞ്ച്വറി മൂന്ന് റണ്‍സ് അകലെ നഷ്ടമാക്കി കൊണ്ട് പെരേരയുടെ പന്തില്‍ ഗംഭീര്‍ വിക്കറ്റ് സമ്മാനിക്കുകയായിരുന്നു. ആ സമയത്ത് ഇന്ത്യ ഏറെക്കുറെ വിജയം ഉറപ്പിച്ചിരുന്നു. ടീം ടോട്ടല്‍ 223 ല്‍ എത്തിയപ്പോഴാണ് നാലാം വിക്കറ്റായി ഗംഭീര്‍ കളം വിടുന്നത്. അപ്പോള്‍ ആറ് വിക്കറ്റ് ശേഷിക്കേ ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 52 പന്തില്‍ നിന്ന് 52 റണ്‍സായിരുന്നു. ധോണിയും യുവരാജും ക്രീസിലുണ്ടായിരുന്നു. ഗംഭീറിന്റെ ഇന്നിങ്സ് നല്കിയ ഉറപ്പിലാണ് പിന്നീട് ധോണി ആഞ്ഞടിച്ചത്. 122 പന്തില്‍ നിന്ന് 97 റണ്‍സുമായാണ് ഗംഭീര്‍ 2011 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്ക്ക് വേണ്ടി നിറഞ്ഞാടിയത്. വെറും ഒന്‍പത് ഫോറുകളായിരുന്നു അദ്ദേഹം വാങ്കഡെയില്‍ സ്വന്തമാക്കിയത്. ബാക്കി 61 റണ്‍സും ഓടിയെടുത്തതാണ്. 97 റണ്‍സുമായി കൂടാരം കയറുമ്പോള്‍ അത്രമേല്‍ ക്ഷീണിതനായിരുന്നു ഗംഭീര്‍.
ഗംഭീറിന് ശേഷം ഇന്ത്യയെ വിജയത്തിലേക്ക് അടുപ്പിച്ചത് ധോണിയുടെ അതിവേഗ ഇന്നിങ്സായിരുന്നു. 79 പന്തിൽ നിന്ന് 91 റൺസ് നേടിയ ധോണി കളിയിലെ താരമായി. ധോണിയുടെ ഇന്നിങ്സ് ഇന്ത്യയെ വിജയത്തിലെത്തിച്ചു എന്ന പ്രതീതിക്ക് മുൻപിൽ ഗംഭീറിന്റെ ഇന്നിങ്സ് ആരും കാര്യമായി ചർച്ച ചെയ്തില്ല. എന്നാൽ, ഇന്ത്യ ലോകകപ്പ് സ്വന്തമാക്കിയത് ആ ഇന്നിങ്സിന്റെ ബലത്തിലായിരുന്നു. അർഹിച്ച സെഞ്ച്വറി മൂന്ന് റൺസ് അകലെ നഷ്ടമായെങ്കിലും ഗംഭീറിന്റെ ഇന്നിങ്സിന് സെഞ്ച്വറി നേട്ടത്തേക്കാൾ ശോഭയുണ്ടായിരുന്നു.
ടീം പ്രതിരോധത്തിലായപ്പോൾ കളി മുന്നോട്ടുകൊണ്ടുപോകുക എന്ന ചുമതലയാണ് ഗംഭീറിൽ നിക്ഷിപ്തമായത്. അതുകൊണ്ടാണ് അതിവേഗ ഷോട്ടുകൾക്ക് മുതിരാതെ ഗംഭീർ റൺസ് കണ്ടെത്തിയത്. ഓടിയെടുക്കാൻ പഴുതുള്ള ഒരു റൺസ് പോലും ഗംഭീർ നഷ്ടപ്പെടുത്തിയില്ല. തുടക്കം പാളിയ ടീമിന് വിജയത്തിലെത്തണമെങ്കിൽ ആദ്യം വേണ്ടത് ഒരു അടിത്തറയാണെന്ന് ഗംഭീറിന് ബോധ്യമുണ്ടായിരുന്നു. ആ ബോധ്യത്തിൽ നിന്നാണ് വാങ്കഡെയിൽ ഇങ്ങനെയൊരു ഇന്നിങ്സ് പിറക്കുന്നതും. മറ്റൊരു ലോകകപ്പിന് കളമൊരുങ്ങുമ്പോൾ ക്രിക്കറ്റ് പ്രേമികൾക്ക് എട്ട് വർഷങ്ങൾക്ക് മുൻപുള്ള ഗംഭീറിന്റെ ഇന്നിങ്സ് എങ്ങനെ മറക്കാൻ സാധിക്കും?…