scorecardresearch
Latest News

ബംഗ്ലാദേശിനെ വീഴ്ത്തി വീര്യത്തോടെ മുന്നോട്ട്; ക്രിക്കറ്റ് ലോകകപ്പിന് നാളെ തുടക്കം

നാളെയാണ് ക്രിക്കറ്റ് ലോകകപ്പിന് ഉദ്ഘാടനം കുറിക്കുക

Indian Team Cricket World Cup 2019

കാര്‍ഡിഫ്: നാലാം സ്ഥാനത്ത് കെ.എല്‍.രാഹുല്‍ മികച്ച പ്രകടനം നടത്തുമെന്ന ശുഭാപ്തി വിശ്വാസത്തില്‍ ലോകകപ്പ് പോരാട്ടങ്ങള്‍ക്കായി ടീം ഇന്ത്യ ഒരുങ്ങിക്കഴിഞ്ഞു. ക്രിക്കറ്റ് ലോകകപ്പിന് നാളെ ആരംഭം കുറിക്കുമ്പോള്‍ നാലാം സ്ഥാനമെന്ന ആശങ്ക ഇന്ത്യയ്ക്ക് ഏറെക്കുറെ പരിഹരിക്കപ്പെട്ടു കഴിഞ്ഞു.

ബംഗ്ലാദേശിനെതിരായ കഴിഞ്ഞ ദിവസത്തെ സന്നാഹ മത്സരത്തില്‍ നാലാം സ്ഥാനത്തെത്തി സെഞ്ച്വറി നേടിയ കെ.എല്‍.രാഹുലിലും മികച്ച പ്രകടനം നടത്തിയ എം.എസ്.ധോണിയുടെ ഫോമിലും ഇന്ത്യയ്ക്ക് ആശ്വസിക്കാന്‍ വകയുണ്ട്. ഇന്നലെ നടന്ന സന്നാഹ മത്സരത്തില്‍ 95 റണ്‍സിനാണ് ഇന്ത്യ ബംഗ്ലാദേശിനെ വീഴ്ത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 359 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന് 264 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. സെഞ്ച്വറിക്കരികില്‍ വീണ മുഷ്ഫിക്കര്‍ റഹിമും (90) ഓപ്പണര്‍ ലിന്റൺ ദാസും (70) പൊരുതി നോക്കിയെങ്കിലും ബംഗ്ലാദേശിന് വിജയിക്കാനായില്ല.

Read More: ‘ഇവന്‍ ചതിക്കില്ല’; കോഹ്ലി ഏറ്റവും വിശ്വസ്തനെന്ന് പഠനം, സച്ചിന്‍ പോലും പിന്നില്‍

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് തുടക്കം പതറിയെങ്കിലും കെ.എല്‍.രാഹുല്‍ ക്രീസിലെത്തിയതോടെ കളിയുടെ ഗിയര്‍ മാറി. ഒടുവില്‍ എം.എസ്.ധോണിയുടെ വെടിക്കെട്ട് ഇന്നിങ്‌സ് കൂടിയായപ്പോള്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. ടീം സ്കോർ രണ്ടക്കം കടക്കുന്നതിന് മുമ്പ് തന്നെ ശിഖർ ധവാനെ ഇന്ത്യക്ക് നഷ്ടമായി. ഒരു റൺസെടുത്ത ശിഖർ ധവാനെ മൂന്നാം ഓവറിൽ മുസ്തഫിസൂർ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. മൂന്നാമനായി വിരാട് കോഹ്‌ലി എത്തിയെങ്കിലും ടീം സ്കോറിങ്ങിന്റെ വേഗതയിൽ കാര്യമായ മാറ്റമുണ്ടായില്ല. ആദ്യ പത്ത് ഓവറിൽ ഇന്ത്യക്ക് നേടാനായത് 34 റൺസ് മാത്രമാണ്.

Read More: ‘സച്ചിൻ ടെൻഡുൽക്കറെ നേരിൽ കാണണം’; ആഗ്രഹം തുറന്നു പറഞ്ഞ് പാക് താരം

ക്രീസിൽ നിലയുറപ്പിക്കാൻ സാധിച്ച രോഹിത് ശർമ്മ റൺസ് കണ്ടെത്താൻ മറന്നതോടെ ഇന്ത്യ വൻതകർച്ച മുന്നിൽ കണ്ടു. കഴിഞ്ഞ മത്സരത്തിലെ ദയനീയ തോൽവി ഒർമ്മിപ്പിക്കുന്ന തരത്തിലായിരുന്നു രോഹിത്തിന്റെ ബാറ്റിങ്. എന്നാൽ മറുവശത്ത് നായകൻ കോഹ്‌ലി തകർത്തടിക്കുന്നുണ്ടായിരുന്നു. ടീം സ്കോർ 50ൽ നിൽക്കെ രോഹിത് മടങ്ങിയതോടെ ഇന്ത്യ ഗിയർ മാറ്റി. 42 പന്തിൽ 19 റൺസ് മാത്രമാണ് രോഹിത്തിന് നേടാനായത്.

നാലാം സ്ഥാനത്തേക്ക് ഇന്ത്യ പരിഗണിക്കുന്ന ബാറ്റ്സ്മാൻ ലോകേഷ് രാഹുൽ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്ന കാഴ്ചയായിരുന്നു പിന്നീട്. 46 പന്തിൽ നിന്ന് 47 റൺസുമായി കോഹ്‌ലിയും അധികം വൈകാതെ വിജയ് ശങ്കറും മടങ്ങിയതോടെ ഇന്ത്യ വീണ്ടും തകർച്ചയിലേക്കെന്ന സൂചന ലഭിച്ചു. ഏഴ് പന്തിൽ നിന്ന് രണ്ട് രൺസുമായാണ് വിജയ് ശങ്കർ കളം വിട്ടത്. ഇതോടെ 102 റൺസിൽ ഇന്ത്യക്ക് ആദ്യ നാല് വിക്കറ്റുകൾ നഷ്ടമായി.

Read More: കപിൽ ദേവിന്റെ റെക്കോർഡ് മറികടന്ന് ഡെയ്ൽ സ്റ്റെയിൻ

പിന്നീട് വിക്കറ്റ് കാക്കുന്ന ഉത്തരവാദിത്വം പരിചയസമ്പന്നനായ മുൻനായകൻ ധോണി ഏറ്റെടുത്തതോടെ ഇന്ത്യൻ സ്കോറിങ് വേഗതയിൽ മാറ്റം വന്നു തുടങ്ങി. റൺറേറ്റ് ഉയരുകയും ചെയ്തു. പിന്നീട് രാഹുലിനൊപ്പം ധോണിയും ചേർന്നതോടെ ഇന്ത്യ മികച്ച സ്കോറിലേക്കും നീങ്ങി. നാലാം സ്ഥാനം ഉറപ്പിക്കുന്ന തരത്തിലായിരുന്നു രാഹുലിന്റെ ബാറ്റിങ്. 99 പന്തിൽ 108 റൺസ് നേടിയ ശേഷമാണ് രാഹുൽ ക്രീസ് വിട്ടത്. സാബിറിന്റെ പന്തിൽ രാഹുലിന്റെ വിക്കറ്റ് തെറിക്കുകയായിരുന്നു. 12 ഫോറും നാല് സിക്സും അടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിങ്സ്.

പിന്നീട് ഹാർദിക്കിനെ കൂട്ടുപിടിച്ചായിരുന്നു ധോണിയുടെ വെടിക്കെട്ട് ബാറ്റിങ്. കിട്ടിയ അവസരം മുതലാക്കി തന്നാലാവുന്നത് സ്കോർബോർഡിൽ സമ്മാനിച്ച് ഹാർദിക് മടങ്ങി. എന്നാൽ നിരന്തരം ബൗണ്ടറി കണ്ടെത്തി ധോണി സെഞ്ചുറിയിലേക്ക് കുതിച്ചു. 78 പന്തിൽ 113 റൺസെടുത്ത ധോണിയെ അവസാന ഓവറിൽ ഷക്കിബ് അൽ ഹസൻ പുറത്താക്കുകയായിരുന്നു. എട്ട് ഫോറും ഏഴ് സിക്സും അടങ്ങുന്നതായിരുന്നു ധോണിയുടെ ഇന്നിങസ്. അവസാന ഓവറിൽ ജഡേജയും തകർത്തടിച്ചതോടെ ഇന്ത്യ 359 റൺസെന്ന സ്കോറിലെത്തുകയായിരുന്നു.

നാളെയാണ് ക്രിക്കറ്റ് ലോകകപ്പിന് ഉദ്ഘാടനം കുറിക്കുക. ആദ്യ മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ നേരിടും. ആദ്യ സന്നാഹ മത്സരത്തില്‍ ന്യൂസിലാന്‍ഡിനോട് ഇന്ത്യ തോല്‍വി വഴങ്ങിയിരുന്നു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Cricket world cup cricket india defeats bangladesh

Best of Express