മൈതാനത്ത് ഇന്ത്യ-പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾ ശത്രുക്കളാണെങ്കിലും പുറത്ത് അങ്ങനെയല്ല. ഇരു രാജ്യങ്ങളും തമ്മിലുളള മൽസരത്തിനിടയിൽ കളിക്കാർ തമ്മിൽ ഏറ്റമുട്ടിയ സന്ദർഭങ്ങൾ പലതവണ ഉണ്ടായിട്ടുണ്ട്. മുൻ പാക് താരം ഷാഹിദ് അഫ്രീദിയും ഇന്ത്യൻ താരങ്ങളുമായി കൊമ്പുകോർത്തിട്ടുണ്ട്. എന്നാൽ ഇന്ത്യയോടും ഇന്ത്യൻ ആരാധികയോടും അഫ്രീദി കാട്ടിയ സ്നേഹത്തിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

സ്വിറ്റ്സർലൻഡിലെ ആൽപ്‌സ് പർവ്വത നിരകളിൽ നടക്കുന്ന പ്രഥമ ഐസ് ക്രിക്കറ്റ് ടൂർണമെന്റിൽ ഷാഹിദ് അഫ്രീദിയുടെ റോയൽസ് ടീം രണ്ടാം ജയം നേടിയിരുന്നു. വിരേന്ദർ സെവാഗിന്റെ ഡയമണ്ട്സിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് അഫ്രീദിയുടെ സംഘം 2-0 ന് പരമ്പര തൂത്തുവാരിയത്. മൽസരം കാണാനായി നിരവധി ആരാധകരും എത്തിയിരുന്നു.

മൽസരം വിജയിച്ചശേഷം ആരാധകർക്ക് ഓട്ടോഗ്രാഫ് നൽകാനും അവർക്കൊപ്പം ഫോട്ടോയെടുക്കാനും അഫ്രീദി അവരുടെ അടുത്ത് എത്തി. ആരാധകരെ ആരെയും അഫ്രീദി നിരാശപ്പെടുത്തിയില്ല. കൂട്ടത്തിൽ ഇന്ത്യൻ പതാകയും കൈയ്യിൽ പിടിച്ച് ഒരു ആരാധിക നിൽപ്പുണ്ടായിരുന്നു. അഫ്രീദിക്കൊപ്പം ഫോട്ടോയെടുക്കുകയായിരുന്നു ആരാധികയുടെ ലക്ഷ്യം.

അഫ്രീദി അടുത്തെത്തിയപ്പോൾ ആരാധിക ഫോട്ടോ പകർത്താനായി അനുവാദം തേടി. അഫ്രീദി ആരാധികയുടെ ആഗ്രഹം പോലെ ഫോട്ടോയ്ക്കായി പോസ് ചെയ്തു. ഇതിനിടയിലാണ് ആരാധികയുടെ കൈയ്യിലിരുന്ന ഇന്ത്യൻ പതാക അഫ്രീദി കണ്ടത്. ആരാധികയോട് പതാക നിവർത്തി പിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ അഫ്രീദി ആവശ്യപ്പെട്ടു.

ഇന്ത്യൻ പതാകയോട് അഫ്രീദി കാട്ടിയ ആദരം ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ മനം കവർന്നിരിക്കുകയാണ്. ഇന്ത്യൻ പതാക നിവർത്തിപ്പിടിച്ച് സെൽഫിയെടുക്കാൻ ആരാധികയോട് അഫ്രീദി ആവശ്യപ്പെടുന്ന വീഡിയോ നിരവധി പേരാണ് ഷെയർ ചെയ്തിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ