ഏഷ്യൻ ഗെയിംസിൽ ക്രിക്കറ്റ് തിരിച്ചെത്തുന്നു. 2022ൽ ചൈനയിലെ ഹാങ്സൗവിൽ നടക്കുന്ന എഷ്യൻ ഗെയിംസിൽ ക്രിക്കറ്റും ഉൾപ്പെടുത്താൻ ഒളിമ്പിക് കൗൻസിൽ ഓഫ് ഏഷ്യ(ഒസിഎ) തീരുമാനിച്ചു. ഇന്ന് ചേർന്ന യോഗത്തിലാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമായത്.

ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ക്രിക്കറ്റും ഉൾപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നതായി ഒസിഎ വൈസ് പ്രസിഡന്റ് രന്ദീർ സിങ് വാർത്ത ഏജൻസിയായ പിടിഐയോടെ വ്യക്തമാക്കി. 2018ൽ ഇന്തോനേഷ്യയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ ക്രിക്കറ്റ് ഉൾപ്പെടുത്തിയിരുന്നില്ല.

2010ലും 2014ലും ക്രിക്കറ്റ് ഏഷ്യൻ ഗെയിംസിന്റെ ഭാഗമായിരുന്നെങ്കിലും ഇന്ത്യ മത്സരിച്ചിരുന്നില്ല. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ തിരക്കിട്ട മത്സരക്രമമാണ് ഏഷ്യൻ ഗെയിംസ് ഒഴിവാക്കാനുള്ള കാരണമായി അന്ന് പറഞ്ഞത്. എന്നാൽ ഇനി മുന്നിൽ മൂന്ന് വർഷത്തോളം ഉള്ള സ്ഥിതിയ്ക്ക് ഇക്കാര്യത്തിൽ ബിസിസിഐ അനുകൂല നിലപാടി സ്വീകരിക്കുമെന്നാണ് ക്രിക്കറ്റ് ആരാധകർ പ്രതീക്ഷിക്കുന്നത്.

കോമൺവെൽത്ത് ഗെയിംസിലും ഒരിക്കൽ ക്രിക്കറ്റ് ഉൾപ്പെടുത്തിയിരുന്നു. 1998ൽ മലേഷ്യയിൽ നടന്ന കോമൺവെൽത്ത് ഗെയിംസിലാണ് ക്രിക്കറ്റ് മത്സര ഇനമായി ഉണ്ടായിരുന്നത്. ഇന്ത്യയുെ പാക്കിസ്ഥാനും ടീമിനെ അയച്ചിരുന്നെങ്കിലും അന്ന് സ്വർണം ദക്ഷിണാഫ്രിക്കയും വെള്ളി ഓസ്ട്രേലിയയുമാണ് സ്വന്തമാക്കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook