പുണെ: ഇന്ത്യ-ന്യൂസീലൻഡ് മത്സരം ഇന്നു നടക്കാനിരിക്കെ ഒത്തുകളിക്ക് കളമൊരുക്കി പിച്ച് ക്യൂറേറ്റർ. പിച്ചിൽ കൃത്രിമം കാട്ടി വിവരങ്ങൾ ഇടനിലക്കാർക്ക് കൈമാറുന്നത് ദേശീയ മാധ്യമമായ ഇന്ത്യാ ടുഡേ ദൃശ്യങ്ങൾ അടക്കം പുറത്തുവിട്ടു. പുണെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലെ പിച്ച് ക്യൂറേറ്റർ പാണ്ഡുരംഗ് സാൽഗോൺകർ ആണ് ഇടനിലക്കാരുമായി ഒത്തുകളിക്ക് നീക്കം നടത്തിയത്. ഈ സ്റ്റേഡിയത്തിലാണ് ഇന്ന് ഉച്ചയ്ക്ക് ഇന്ത്യ-ന്യൂസീലൻഡ് രണ്ടാം ഏകദിനം നടക്കേണ്ടത്.
വാതുവയ്പുകാരാണെന്ന വ്യാജേന എത്തിയ മാധ്യമപ്രവർത്തകരെ പിച്ച് ക്യൂറേറ്റർ സ്റ്റേഡിയത്തിന് അകത്തേക്ക് കയറ്റുകയും പിച്ചിന്റെ വിശദാംശങ്ങൾ വിശദീകരിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യമാണ് പുറത്തുവന്നത്. വാതുവയ്പുകാരുടെ ആവശ്യത്തിന് അനുസരിച്ച് പിച്ചിൽ കൃത്രിമം കാട്ടാമെന്ന് അദ്ദേഹം വിഡിയോയിൽ പറയുന്നു. ബാറ്റ്സ്മാന്മാർക്ക് അനുകൂല പിച്ചാണ് ഒരുക്കിയിട്ടുളളതെന്നും 340 റൺസ് എടുത്താൽ പോലും പിന്തുടർന്ന് മറ്റു ടീമിന് ജയിക്കാമെന്നും അദ്ദേഹം പറയുന്നു. ബൗൺസർമാർക്ക് അനുകൂലമായ തരത്തിൽ പിച്ചിൽ കൃത്രിമം കാട്ടാമോ എന്ന ചോദ്യത്തിന് അങ്ങനെ ചെയ്യാമെന്നും ക്യൂറേറ്റർ വിഡിയോയിൽ പറയുന്നുണ്ട്.
(വിഡിയോ കടപ്പാട്: ഇന്ത്യാ ടുഡേ)
വിഡിയോ പുറത്തുവന്നതിനുപിന്നാലെ കുറ്റക്കാർക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് ബിസിസിഐയും മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനും വ്യക്തമാക്കി. രാജ്യാന്തര മൽസരങ്ങൾ നടക്കുന്ന സ്റ്റേഡിയത്തിൽ മൽസരത്തിന് മുൻപായി പുറത്തുനിന്നുളള ആരെയും കയറ്റരുതെന്ന് ഐസിസിഐയുടെയും ബിസിസിഐയുടെയും കർശന നിർദേശമുണ്ട്. ഇത് മറികടന്നാണ് പിച്ച് ക്യൂറേറ്റർ പുറത്തു നിന്നുളളവരെ സ്റ്റേഡിയത്തിന് അകത്തേക്ക് കയറ്റിയത്.
അതേസമയം, വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഇന്ത്യ-ന്യൂസീലൻഡ് രണ്ടാം ഏകദിനം അനിശ്ചിതത്വത്തിലായി. മൽസരം ഇന്നു നടക്കുമോ അതോ മറ്റേതെങ്കിലും ദിവസത്തേക്ക് മാറ്റുമോ എന്നുളള കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.