ഇന്ത്യന്‍ ക്രിക്കറ്റ് താരം മനീഷ് പാണ്ഡെ വിവാഹത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. തമിഴ് ചിത്രങ്ങളിലൂടെ പ്രശസ്തയായ നടി ആശ്രിത ഷെട്ടിയാണ് മനീഷ് പാണ്ഡെയുടെ വധുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരും തമ്മിലുള്ള വിവാഹം ഡിസംബര്‍ രണ്ടിന് നടക്കുമെന്നും വാര്‍ത്തകളുണ്ട്.
മുംബൈയില്‍ വച്ചാകും വിവാഹമെന്നും അടുത്ത ബന്ധുക്കളും ക്രിക്കറ്റ് താരങ്ങളും അടക്കം നിരവധി പേര് വിവാഹ പരിപാടികളില്‍ പങ്കെടുക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
നിലവില്‍ വിജയ് ഹസാരെ ട്രോഫിയില്‍ കര്‍ണാടക ടീമിനെ നയിക്കുകയാണ് മനീഷ് പാണ്ഡ്യ. രണ്ട് ദിവസങ്ങളിലായാണ് വിവാഹ ആഘോഷം നടക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യന്‍ താരങ്ങള്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 മത്സരങ്ങള്‍ക്കായി വിവാഹ ദിവസം മുംബൈയില്‍ ഉണ്ടാകും.
Read Also: ഒന്നാം ഇന്നിങ്സിലെ ഒന്നാമൻ; സച്ചിനുമുകളിൽ മായങ്ക് അഗർവാൾ
2015ൽ ഇന്ത്യൻ ജഴ്സിയിൽ അരങ്ങേറിയ പാണ്ഡെ 23 ഏകദിനങ്ങളും 31 ട്വന്റി 20 മത്സരങ്ങളും ഇന്ത്യയ്ക്കായി കളിച്ചു. 23 ഏകദിനങ്ങളിൽനിന്ന് 36.66 റൺസ് ശരാശരിയിൽ 440 റൺസ് നേടിയിട്ടുണ്ട്. ഒരു സെഞ്ചുറിയും രണ്ട് അർധ സെഞ്ചുറിയും സഹിതമാണിത്.
തമിഴ് സിനിമകളിലൂടെയാണ് 26 കാരിയായ ആശ്രിത ഷെട്ടി ശ്രദ്ധിക്കപ്പെട്ടത്. മോഡല്‍ കൂടിയാണ് ഷെട്ടി. ഇന്ദ്രജിത്ത്, ഒരു കണ്ണിയും മൂന്ന് കാലവാണികളും, ഉദയം എന്‍എച്ച് 4 എന്നിവയാണ് ഷെട്ടിയുടെ പ്രധാന സിനിമകള്‍.