മഞ്ഞുവീണ ആൽപ്‌സ് പര്‍വത നിരകളില്‍ ഐസ്ക്രിക്കറ്റ് കളിക്കാനായി ക്രിക്കറ്റ് ഇതിഹാസ താരങ്ങള്‍ ഇന്നിറങ്ങുന്നു. പാക് മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രിദി നയിക്കുന്ന റോയല്‍സും വിരേന്ദര്‍ സെവാഗ് നയിക്കുന്ന ഡയമണ്ടും തമ്മിലാണ് സ്വിറ്റ്‌സര്‍ലന്‍ഡിലെ ആല്‍പ്‌സ് പര്‍വതനിരകളുടെ താഴ്‌വരയിലുള്ള സെന്റ് മൊറിറ്റ്‌സില്‍ ഇന്നും നാളെയുമായി ഏറ്റുമുട്ടുന്നത്.

‘ലോകത്തിന്റെ ഏറ്റവും ഉയരത്തില്‍ നടക്കുന്ന ക്രിക്കറ്റ് പോരാട്ടം’ എന്നാണ് സെന്റ് മോറിസ് ഐസ് ക്രിക്കറ്റ് അറിയപ്പെടുന്നത്. വിരേന്ദര്‍ സേവാഗിനും അഫ്രിദിക്കും പുറമെ, ഷുഹൈബ് അക്തര്‍, മുഹമ്മദ് കെയ്ഫ്, മഹേള ജയവര്‍ധന, ഡാനിയല്‍ വെറ്റോറി, ജാക്വസ് കാലീസ് തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്. ഇതാദ്യമായാണ് പ്രമുഖ താരങ്ങള്‍ ഐസ് ക്രിക്കറ്റില്‍ പങ്കെടുക്കുന്നത്. വസീം അക്രമിന്റെ ഭാര്യ ഷാനിയേരയും പിന്തുണയുമായി എത്തിയിട്ടുണ്ട്. ഇന്ത്യന്‍ സമയം വൈകിട്ട് 3.30ഓടെ മൽസരം ആരംഭിക്കും.

ഇംഗ്ലണ്ട് എന്ന അതികായന്മാരെ ഒഴിച്ചുനിര്‍ത്തിയാല്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ക്രിക്കറ്റിന് കാര്യമായ വേരോട്ടമില്ല. നെതര്‍ലന്‍ഡ്, അയര്‍ലന്‍ഡ് തുടങ്ങിയ ടീമുകള്‍ വര്‍ഷങ്ങളായി കളിക്കുന്നുണ്ടെങ്കിലും ക്രിക്കറ്റില്‍ ഒരു മേല്‍വിലാസമുണ്ടാക്കാന്‍ അവര്‍ക്കായിട്ടില്ല. ഫുട്‌ബോളിനുള്ള ജനപ്രീതിയോടൊപ്പം തന്നെ തണുത്ത കാലാവസ്ഥയും ക്രിക്കറ്റിനെ യൂറോപ്പില്‍ നിന്ന് അകറ്റിനിര്‍ത്തുന്നു.

ഈ സാഹചര്യത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡടക്കമുള്ള രാജ്യങ്ങളില്‍ ക്രിക്കറ്റിന് സ്വാധീനം വളര്‍ത്താനായി ആരംഭിച്ചതാണ് ഐസ് ക്രിക്കറ്റ്. 1988-ല്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ ആല്‍പ്‌സ് പര്‍വതനിരകളുടെ താഴ്‌വരയിലുള്ള സെന്റ് മൊറിറ്റ്‌സിലാണ് ഐസ് ക്രിക്കറ്റ് തുടങ്ങിയത്. തുടര്‍ന്ന് എല്ലാവര്‍ഷവും ടൂര്‍ണമെന്റ് നടക്കാറുണ്ട്. കുറഞ്ഞത്‌ ആറ് പേരടങ്ങുന്ന ടീമാണ് ഐസ് ക്രിക്കറ്റ് കളിക്കുന്നത്. മൽസരം ആറ് ഓവറിനാണ്.

ചില സ്ഥലങ്ങളില്‍ പൂര്‍ണമായും മഞ്ഞ് പ്രതലത്തില്‍ കളിക്കുമ്പോള്‍, മറ്റ് ചിലയിടങ്ങളില്‍ പിച്ചില്‍ മാത്രം മാറ്റ് ഇട്ട് കളിക്കും. ചുവന്ന പ്ലാസ്റ്റിക് പന്താണ് കളിക്കാന്‍ ഉപയോഗിക്കുന്നത്. സാധാരണ ക്രിക്കറ്റില്‍ നിന്ന് വ്യത്യസ്തമായി വൈഡ് ബോളുകള്‍ക്ക് അധികം നല്‍കുന്നത് രണ്ട് റണ്‍സാണ്. പകരം ബോള്‍ എറിയില്ല.

കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ എസ്‌റ്റോണിയയില്‍ 2004 മുതല്‍ ഐസ് ക്രിക്കറ്റ് പ്രചാരത്തിലുണ്ട്. തലസ്ഥാനമായ ടാലിനില്‍ എല്ലാ വര്‍ഷവും ഐസ് ക്രിക്കറ്റ് ലോക ചാമ്പ്യന്‍ഷിപ്പ് നടക്കാറുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ