സിഡ്‌നി: ഓസ്‌ട്രേലിയന്‍ നായകന്‍ ടിം പെയ്‌നുമായുള്ള വാക്കേറ്റം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ വിവാദത്തില്‍ ചാടിച്ചിരിക്കുകയാണ്. കോഹ്‌ലിയുടെ പെരുമാറ്റത്തെ വിമര്‍ശിച്ചു നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. മൈക്ക് ഹസി, മിച്ചല്‍ ജോണ്‍സണ്‍, സഞ്ജയ് മഞ്ചരേക്കര്‍, തുടങ്ങിയവര്‍ കോഹ്‌ലി അതിരു വിടുന്നതായി അഭിപ്രായപ്പെടുകയുണ്ടായി. എന്നാല്‍ കോഹ്‌ലിയെ അഭിനന്ദിക്കുകയാണ് ഓസ്‌ട്രേലിയയുടെ തന്നെ ഇതിഹാസ താരമായ അലന്‍ ബോര്‍ഡര്‍ ചെയ്തത്.

”ഇതുപോലെയുള്ള ‘ക്യാരക്ടറുകള്‍’ ഇന്ന് ക്രിക്കറ്റ് ലോകത്ത് വളരെ കുറവാണ്. പ്രൊഫഷണല്‍ യുഗം അത്തരക്കാരെ ഇല്ലാതാക്കി. തന്റെ ടീമൊരു വിക്കറ്റ് എടുക്കുമ്പോള്‍ ഇത്ര ആഘോഷിക്കുന്ന ഒരു നായകനെ ഞാനിതുവരെ കണ്ടിട്ടില്ല. കുറച്ച് അമിതമാണെന്ന് തോന്നാം പക്ഷെ ഒരു തരത്തിലത് നല്ലതാണ്” വിരാടിന്റെ അഗ്രഷനെ കുറിച്ച് അലന്‍ ബോര്‍ഡര്‍ പറയുന്നു.

കോഹ്‌ലിയുടെ പെരുമാറ്റത്തിനും അഗ്രഷനും കാരണം ക്രിക്കറ്റിനോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശവും വിദേശത്ത് ജയിച്ച് തെളിയിക്കാനുള്ള ആഗ്രഹവുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.”വിദേശത്ത് ജയിക്കാന്‍ ഒരുപാട് ആഗ്രഹിക്കുന്നുണ്ടയാള്‍. നമ്പര്‍ വണ്‍ റാങ്കിങ് ശരിക്കും അര്‍ഹിക്കുന്നുണ്ട് താനും. ക്യാപ്റ്റനെന്ന നിലയില്‍ അത് തന്നെയാണ് ഏറ്റവും ശ്രദ്ധേയമായ കാര്യവും” അദ്ദേഹം പറയുന്നു.

സ്വന്തം മണ്ണില്‍ ജയിക്കുക നല്ലതാണ് പക്ഷെ വിദേശത്ത് ടീമിനെ വിജയത്തിലേക്ക് നയിക്കുകയെന്നത് ഒരു ക്യാപ്റ്റനെ സംബന്ധിച്ചടത്തോളം ഏറെ പ്രധാനപ്പെട്ടതാണെന്നും ഇതിഹാസ താരം പറഞ്ഞു. കോഹ്‌ലിയുടേത് സ്വാഭാവികമായ പ്രതികരണങ്ങള്‍ മാത്രമാണെന്നും തന്റെ ടീമിനെ മുന്നില്‍ നിന്ന് നയിക്കണമെന്നുള്ള ആഗ്രഹമാണ് അഗ്രഷനായി പുറത്ത് വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ