കളിക്കിടെ താരങ്ങള്‍ക്ക് പരുക്കേല്‍ക്കുന്നതും മെഡിക്കല്‍ ടീം എത്തുന്നതുമൊക്കെ സ്വാഭാവികമാണ്. പക്ഷെ മൽസരത്തിനിടെ കാണികളിലൊരാള്‍ക്ക് സുഖമില്ലാതാകുന്നതും കളി നിര്‍ത്തുന്നതും അപൂര്‍വ്വ കാഴ്‌ച തന്നെയാണ്. അത്തരത്തിലൊരു സംഭവത്തിനാണ് കൗണ്ടി ക്രിക്കറ്റില്‍ എസക്‌സും ലങ്കാഷെയറും തമ്മില്‍ നടന്ന മൽസരം സാക്ഷ്യം വഹിച്ചത്.

കളിക്കിടെ കാണികളില്‍ ഒരാള്‍ക്ക് പെട്ടെന്ന് സുഖമില്ലാതായതോടെ മൽസരം തന്നെ നിര്‍ത്തിവയ്‌ക്കുകയും കാണിയെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.

മൽസരത്തിന്റെ മൂന്നാം ദിവസമായിരുന്നു സംഭവം. കളി കണ്ടു കൊണ്ടു നിന്നവരില്‍ ഒരാള്‍ക്ക് പെട്ടെന്ന് ദേഹാസ്വസ്ഥ്യമുണ്ടാവുകയായിരുന്നു. ഉടനെ തന്നെ മൽസരം നിര്‍ത്തിവച്ച് പകരം മൈതാനത്ത് ഹെലികോപ്റ്റര്‍ ഇറക്കാന്‍ തീരുമാനിച്ചു. അരമണിക്കൂറോളമാണ് മൽസരം നിര്‍ത്തിവച്ചത്. രോഗിയെ എയര്‍ ആംബുലന്‍സ് വഴി ആശുപത്രിയില്‍ എത്തിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു നടപടി.

കൗണ്ടി അധികൃതരുടെ നടപടിയ്‌ക്ക് സോഷ്യല്‍ മീഡിയയിലും മറ്റുമായി നിറഞ്ഞ കൈയ്യടിയാണ് ലഭിക്കുന്നത്. ക്രിക്കറ്റ് താരങ്ങളും ആരാധകരുമെല്ലാം ക്രിക്കറ്റിന്റെ മാന്യതയ്‌ക്ക് അഭിനന്ദവുമായി രംഗത്തെത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ