മെല്‍ബണ്‍: കോവിഡ് 19 പ്രതിരോധ ശ്രമങ്ങളില്‍ തന്റേതായ സംഭാവനയുമായി ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണും. ലോകമെമ്പാടും കൊറോണ വൈറസ് മഹാമാരിയെ തടയാനുള്ള സാനിറ്റൈസറുകള്‍ക്ക് ക്ഷാമം നേരിടുകയാണ്. ഇതേതുടര്‍ന്ന് വോണിന്റെ മദ്യനിര്‍മാണ ശാലയില്‍ ഇനി ജിന്നിന് പകരം സാനിറ്റൈസര്‍ നിര്‍മിക്കും. സാനിറ്റൈസര്‍ നിര്‍മാണത്തിലെ പ്രധാന ഘടകം ആല്‍ക്കഹോളാണ്.

ലോകമെമ്പാടും 9000-ല്‍ അധികം ജീവനാണ് കൊറോണ വൈറസ് ഇതുവരെ കവര്‍ന്നത്. രണ്ട് ലക്ഷത്തിലധികം പേരെ ബാധിക്കുകയും ചെയ്തു.

വോണിന്റെ സെവന്‍സീറോ എയ്റ്റ് ജിന്‍ എന്ന കമ്പനി 70 ശതമാനം ആല്‍ക്കഹോള്‍ സാന്നിധ്യമുള്ള മെഡിക്കല്‍ ഗ്രേഡ് സാനിറ്റൈസര്‍ മാര്‍ച്ച് 17 മുതല്‍ നിര്‍മിച്ചു തുടങ്ങി. ഇത് പശ്ചിമ ഓസ്‌ട്രേലിയയിലെ രണ്ട് ആശുപത്രികള്‍ക്ക് നല്‍കും.

Read Also: സെല്‍ഫി? നോ… ആരാധികയെ അവഗണിച്ച് കോഹ്‌ലി, വീഡിയോ

” ഓസ്‌ട്രേലിയക്കാര്‍ക്ക് ഇതൊരു വെല്ലുവിളി നിറഞ്ഞ കാലമാണ്. ഈ രോഗത്തിനെതിരെ പോരാടാനും ജീവനുകള്‍ രക്ഷിക്കാനും നമുക്ക് കഴിയുന്നത് പോലെ നമ്മുടെ ആരോഗ്യ രക്ഷാ സംവിധാനത്തെ സഹായിക്കണം,” വോണ്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഈ മാറ്റമുണ്ടാക്കാന്‍ സെവന്‍സീറോ എയ്റ്റിന് കഴിയുമെന്നതില്‍ ഞാന്‍ സന്തോഷവാനാണ്. ഇതേ പോലെ പ്രവര്‍ത്തിക്കാന്‍ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നുവെന്നും വോണ്‍ കൂട്ടിച്ചേര്‍ത്തു.

ചൈനയിലെ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ്
കായികലോകത്തെ സ്തംഭിപ്പിക്കുക മാത്രമല്ല ആരോഗ്യരക്ഷാ സംവിധാനത്തെ ക്ഷീണിപ്പിക്കുകയും ലോകമെമ്പാടും സമ്പദ് വ്യവസ്ഥകളെ ബാധിക്കുകയും ചെയ്തു.

ഓസ്‌ട്രേലിയയില്‍ 565 പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചിട്ടുണ്ട്. ആറുപേര്‍ മരിച്ചു. മഹാമാരിയെ പേടിച്ച് ഓസ്‌ട്രേലിയയില്‍ ആളുകള്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടുകയാണ്. സാനിറ്റൈസറുകള്‍ക്കാണ് ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളത്.

Read Also: ഹാൻഡ് സാനിറ്റൈസർ വാങ്ങുന്നതിനു മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

രാജ്യത്ത് ക്രിക്കറ്റ് ഉൾപ്പെടെ നിരവധി കായിക മത്സരങ്ങളാണ് നിര്‍ത്തിവച്ചിരിക്കുന്നത്. ന്യൂസിലന്റിനെതിരായ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര റദ്ദാക്കി. ന്യൂസിലന്റില്‍ 24-ന് ആരംഭിക്കാനിരുന്ന ടി20 അന്താരാഷ്ട്ര പരമ്പര നീട്ടിവയ്ക്കുകയും ചെയ്തു. ഷെഫീല്‍ഡ് ഷീല്‍ഡ് ടൂര്‍ണമെന്റില്‍ അവേശഷിക്കുന്ന മത്സരങ്ങള്‍ മാറ്റിവച്ചു.

അടുത്തിടെ ലോക ടി20 ലോക കപ്പ് നേടിയ ഓസ്‌ട്രേലിയയുടെ വനിതാ ക്രിക്കറ്റ് ടീം ദക്ഷിണാഫ്രിക്കന്‍ പര്യടനം റദ്ദാക്കിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook