ന്യൂഡൽഹി: ലോകത്താകമാനം പടർന്ന് പിടിക്കുന്ന കൊറോണ വൈറസിന്റെ വ്യാപനത്തിൽ നിശ്ചലമായി നിൽക്കുകയാണ് ഇന്ത്യയും. ഈ സമയത്ത് ക്രിക്കറ്റിനെക്കുറിച്ചോ ഐപിഎല്ലിനെക്കുറിച്ചോ ചിന്തിക്കുന്നു പോലുമില്ലെന്ന് ഇന്ത്യൻ താരം ഹർഭജൻ സിങ്. ഇപ്പോൾ എല്ലാവരും ഒന്നിച്ചു നിൽക്കേണ്ട സമയമാണെന്നും രാജ്യത്തിനായി ചെയ്യാനാകുന്ന ഏറ്റവും ചെറിയ കാര്യം വരെ ചെയ്യേണ്ട സമയമാണെന്നും ഹർഭജൻ ഓർമ്മിപ്പിച്ചു.
“സത്യസന്ധമായി പറഞ്ഞാൽ കഴിഞ്ഞ 15 ദിവസമായി ക്രിക്കറ്റിനെക്കുറിച്ച് ഒന്നും എന്റെ മനസിലില്ല. രാജ്യത്തിന് മുന്നിൽ വളരെ ചെറിയ കാര്യമാണ് ക്രിക്കറ്റ്. ക്രിക്കറ്റിനെക്കുറിച്ചും ഐപിഎല്ലിനെക്കുറിച്ചും ചിന്തിക്കുകയാണെങ്കിൽ ഞാൻ സ്വാർത്ഥനാകും. നമ്മുടെ മുൻഗണന ആരോഗ്യപരമായ ഇന്ത്യയ്ക്കായിരിക്കണം. നമ്മൾ സുരക്ഷിതരും ആരോഗ്യവാന്മാരുമായിരുന്നാൽ മാത്രമേ കായിക മത്സരങ്ങൾ നടക്കൂ, ” ഹർഭജൻ സിങ് പറഞ്ഞു.
Also Read: കോവിഡ്-19: പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 51 കോടി സംഭാവന നൽകുമെന്ന് ബിസിസിഐ
രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ പെട്ടുപോയ കുടിയേറ്റ തൊഴിലാളികളെക്കുറിച്ചും ഹർഭജൻ ആശങ്ക രേഖപ്പെടുത്തി. അവർക്ക് താമസിക്കാനുള്ള വീട്, ഭക്ഷണം കഴിക്കാനുള്ള ഭക്ഷണം, സമ്പാദിക്കാനുള്ള ജോലി എന്നിവയില്ല. സർക്കാർ അത് ശ്രദ്ധിക്കുകയും അവർക്ക് ഭക്ഷണവും പണവും ലഭിക്കുമെന്ന് ഉറപ്പ് നൽകുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നേരത്തെ കൊറോണ വൈറസിന്റെ ഉത്ഭവവും ആഘാതവും പ്രവചിക്കുന്ന ഒരു വെബ്സീരിസ് പരിചയപ്പെടുത്തിക്കൊണ്ട് ഹർഭജൻ സിങ് ട്വീറ്റ് ചെയ്ത വീഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു.
This is crazy . If you are home , go on Netflix now ……. Type “My Secret Terrius” and go to season -1 and episode 10 and move straight to 53 minutes point ! (P.S. this season was made in 2018 and we are in 2020) . This is shocking was it a plan ?? pic.twitter.com/KqTZwA1IO2
— Harbhajan Turbanator (@harbhajan_singh) March 26, 2020
നിലവിൽ നെറ്റ്ഫ്ലിക്സ് ലഭ്യമാകുന്ന കൊറിയൻ വെബ്സീരിസിന്റെ പ്രസക്ത ഭാഗവും പങ്കുവച്ചുകൊണ്ടാണ് ഹർഭജന്റെ ട്വീറ്റ്. ‘മൈ സീക്രട്ട് ടെരിയൂസ്’ എന്ന വെബ് സീരിസിലാണ് കൊറോണ വൈറസിനെക്കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും പറയുന്നത്. ഇതെല്ലാം കണ്ട താരം ഇതെല്ലാം മനഃപൂർവ്വമായിരുന്നോ? എന്ന സംശയവും ഉന്നയിച്ചിരുന്നു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook