പുണെ: ഇംഗ്ലണ്ടിൽ ടെസ്റ്റ് പരമ്പരയും ഏകദിന പരമ്പരയും ഇന്ത്യ കൈവിട്ടതോടെ കോച്ച് രവി ശാസ്ത്രിയെ വിമർശിച്ച് മുൻ ഇന്ത്യൻ താരങ്ങൾ രംഗത്തു വന്നിരുന്നു. ഇക്കൂട്ടത്തിൽ മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി കടുത്ത ഭാഷയിലാണ് വിമർശനം ഉന്നയിച്ചത്. തോൽവിക്ക് രവി ശാസ്ത്രി മറുപടി പറയണമെന്നാണ് ഗാംഗുലി ആവശ്യപ്പെട്ടത്.

രവി ശാസ്ത്രിയ്ക്കെതിരെയും വിരാട് കോഹ്‌ലിക്കെതിരെയും ഒളിയമ്പ് തൊടുത്തിരിക്കുകയാണ് ദാദ. ഫുട്ബോളിനെ പോലെ കോച്ചല്ല ക്രിക്കറ്റിനെ നയിക്കുന്നതെന്നും ഇതൊരു ക്യാപ്റ്റൻ ഗെയിം ആണെന്നും കോച്ച് ബാക് സീറ്റിൽ കാഴ്ചക്കാരനായി ഇരിക്കുകയാണ് വേണ്ടതെന്നും ഗാംഗുലി പറഞ്ഞു. ‘എ സെഞ്ചുറി ഈസ് നോട്ട് ഇനഫ്’ എന്ന തന്റെ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ നടന്ന ചർച്ചയിലാണ് കോഹ്‌ലി ഇക്കാര്യം പറഞ്ഞത്. മുതിർന്ന സ്പോർട്സ് ലേഖകൻ ഗൗതം ഭട്ടാചാര്യയും ചേർന്നാണ് പുസ്തകം എഴുതിയിരിക്കുന്നത്.

”ഫുട്ബോളിനെ പോലെയല്ല ക്രിക്കറ്റ്. ഫുട്ബോൾ ടീമിനെപ്പോലെ ക്രിക്കറ്റ് ടീമിനെയും നയിക്കാമെന്നാണ് ഇന്നത്തെ ഒട്ടുമിക്ക കോച്ചുമാരും കരുതുന്നത്. എന്നാൽ ക്രിക്കറ്റ് ക്യാപ്റ്റൻ ഗെയിമാണ്. കോച്ച് ബാക് സീറ്റിലിരിക്കുകയാണ് വേണ്ടത്”, ഗാംഗുലി പറഞ്ഞു.

ഒരു കോച്ചിന് ഉണ്ടായിരിക്കേണ്ട ഗുണം എന്താണെന്ന ചോദ്യത്തിന് ‘നേതൃത്വ പാടവം ആയിരിക്കണമെന്നും, എന്നാൽ വളരെ കുറച്ചുപേർക്കു മാത്രമേ ഇതുളളൂ’വെന്നും ഗാംഗുലി മറുപടി നൽകി. തന്റെ കരിയറിൽ ലഭിച്ച മികച്ച ഉപദേശം എന്തെന്ന് ചോദിച്ചപ്പോൾ ”ഒരിക്കലും ഒരു കോച്ചിനെ തിരഞ്ഞെടുക്കരുത്” എന്നായിരുന്നുവെന്നും ഗാംഗുലി പറഞ്ഞു.

നിലവിലെ ഇന്ത്യൻ കോച്ചായ രവി ശാസ്ത്രിയോട് ചോദ്യം ചോദിക്കാൻ അവസരം ലഭിച്ചാൽ എന്തായിരിക്കും ചോദിക്കുകയെന്നും ഗാംഗുലിയോട് ചോദിച്ചു. ഇതിന് ”ഈ ടീമിനെ തിരഞ്ഞെടുത് രോഹിത് ശർമ്മയോ അതോ രവി ശാസ്ത്രിയോ” എന്നായിരിക്കുമെന്നും ഗാംഗുലി മറുപടി നൽകി.

ഇന്ത്യൻ ടീമിൽ കഴിവുളള നിരവധി കളിക്കാരുണ്ടെങ്കിലും അടുത്ത കളിയിൽ അവർക്ക് അവസരം ലഭിക്കുമോയെന്ന കാര്യത്തിൽ കളിക്കാർ ആശങ്കയിലാണെന്ന ചോദ്യവും ഗാംഗുലിയോട് ചോദിച്ചു. ഇതിന് ഗാംഗുലിയുടെ മറുപടി ഇങ്ങനെ, ”ഇതിൽ കുറച്ചുകൂടി പ്രവർത്തിക്കേണ്ടത് വിരാട് ആണ്. അവർക്ക് ഇക്കാര്യത്തിൽ നല്ല സമ്മർദ്ദമുണ്ട്. കാരണം ഞാനവരെ അടുത്തുനിന്നും കണ്ടറിഞ്ഞിട്ടുണ്ട്. പ്രൊഫഷണൽ ജീവിതത്തിൽ സമ്മർദ്ദം ഉണ്ടാകും പക്ഷേ അത് കൂടുതലായാൽ നല്ലതല്ല”.

ഏഷ്യ കപ്പിൽ പാക്കിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ മോശം പ്രകടനത്തെക്കുറിച്ചും ഗാംഗുലിയോട് ചോദിച്ചു. ”ഇതൊരു ചെറിയ കാലഘട്ടം മാത്രമാണ്. അവർ ഈ ട്രാക്കിൽനിന്നും പുറത്തുവരും. അവരൊക്കെ ശക്തരായ ടീമാണ്”. ഓസ്ട്രേലിയൻ പര്യടനത്തിനുളള ഇന്ത്യൻ ടീമിനെക്കുറിച്ച് ചോദിച്ചപ്പോൾ കഴിഞ്ഞ 20-25 വർഷങ്ങൾക്കിടയിൽ ഇപ്പോഴത്തേത് ദുർബല ടീമെന്നാണ് ഗാംഗുലി പറഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook