ക്രിക്കറ്റ് ആരാധകരുടെ ഇടയിൽ നിന്ന് ഭാഗ്യവാനെ കണ്ടെത്തുന്ന ഒരു മൽസരമുണ്ട് കീവീസിൽ. പ്രത്യേക ജഴ്സിയണിഞ്ഞ് എത്തുന്ന ആരാധകരിലാരെങ്കിലും ഒറ്റക്കൈയിൽ ക്യാച്ചെടുത്താൽ അവർക്ക് 50000 ഡോളർ സമ്മാനമായി നൽകുന്നതാണ് മൽസരം.

കീവീസും പാക്കിസ്ഥാനും ഏറ്റുമുട്ടിയ മൂന്നാം ഏകദിനത്തിൽ ഈ ഭാഗ്യം തുണച്ചത് 34കാരനായ ന്യൂസിലൻഡിന്റെ ക്രിക്കറ്റ് ആരാധകൻ ക്രെയ്ഗ് ഡോഗർട്ടിനെയാണ്.

“എനിക്ക് കൂടുതൽ ചിന്തിക്കാൻ സമയം ഇല്ലായിരുന്നു. ബോൾ എന്റെ നേരെ വരുന്നത് കണ്ട് ഞാൻ കൈയ്യുയർത്തി”, ഡോഗർട്ട് പറഞ്ഞു.

ഡോഗർട്ടല്ലാതെ മറ്റാരും പന്ത് കൈയ്യിലൊതുക്കാൻ ശ്രമിച്ചിരുന്നില്ല. മൽസരം തുടങ്ങുന്നതിന് പത്ത് മിനിറ്റ് മുൻപാണ് ഡോഗർട്ട് മൽസരാർത്ഥികളുടെ തുയി ഷർട്ട് വാങ്ങിയത്.

ഈ ജഴ്സിയണിഞ്ഞിരിക്കുന്ന കാണികൾ, മൈതാനത്ത് നിന്ന് ബാറ്റ്സ്മാൻ അടിക്കുന്ന സിക്സ് പന്ത് നിലത്ത് വീഴും മുൻപ് ഒറ്റക്കൈയിൽ പിടിച്ചാൽ അവർക്ക് 50000 ഡോളറാണ് സമ്മാനം. ഏതാണ്ട് 31.8 ലക്ഷം ഇന്ത്യൻ രൂപ വരുമിത്.

മൽസരത്തിൽ മാർട്ടിൻ ഗുപ്ടിലാണ് ഡോഗർട്ടിന് സമ്മാനത്തിനുളള വഴിയൊരുക്കിയത്. കളി തുടങ്ങി ആദ്യ ഓവറിലെ അഞ്ചാം പന്തിലാണ് ഈ സിക്സർ പറന്നത്. മുഹമ്മദ് ആമിറിനെയാണ് ഗുപ്ടിൽ ബൗണ്ടറി കടത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ