ക്രിക്കറ്റ് ലോകത്തെ മുഴുവൻ പുതിയ ചർച്ചകളിലേക്ക് നയിച്ച സംഭവമാണ് പാക്കിസ്ഥാൻ ബാറ്റ്സ്മാൻ ഫഖർ സമാന്റെ റണ്‍ ഔട്ട്. ദക്ഷിണാഫ്രിക്കയും പാക്കിസ്ഥാനുമായി നടക്കുന്ന ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിന്റെ അവസാന ഓവറിൽ ഇരട്ട സെഞ്ചുറിക്ക് അരികെ ഫഖർ സമാൻ പുറത്തായ റണ്‍ഔട്ട്
വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. ‘ഫേക്ക് ഫീൽഡിങ്’ ആരോപിക്കപ്പെട്ട റണ്‍ഔട്ട് ക്രിക്കറ്റിന്റെ സ്പിരിറ്റിന്റെ ഇല്ലാതാകുന്നതാണെന്നാണ് ആരാധകരുടെ പ്രതികരണം. മങ്കാദിങ് പോലെ ഫേക്ക് ഫീൽഡിങ്ങും മത്സരത്തിന് യോജിക്കാത്ത തെറ്റായ പ്രവർത്തിയാണെന്നും ആരധകർ പറയുന്നു.
രണ്ടാം ഏകദിനത്തില്‍ എന്താണ് സംഭവിച്ചത്?
പാക്കിസ്ഥാൻ ഇന്നിങ്സിന്റെ 50 മത്തെ ഓവറിലാണ് വിവാദമായ ഈ റണ്‍ഔട്ട് നടക്കുന്നത്. ലുങ്കി ഇങ്കിടി എറിഞ്ഞ പന്ത് ലോങ്ങ് ഓഫിലേക്ക് അടിച്ചിട്ട ഫഖർ സമാൻ രണ്ടാം റണ്ണിന് ശ്രമിക്കുമ്പോൾ, ദക്ഷിണാഫ്രിക്കൻ കീപ്പറായ ക്വിന്റൺ ഡി കോക്ക് ബൗളർക്ക് നേരെ കൈ കാട്ടി ബോൾ അപ്പുറത്തെ എൻഡിലേക്കാണ് വരുന്നത് എന്ന രീതിയിൽ ആംഗ്യം കാണിക്കുന്നു. ഇത് കണ്ട ഫഖർ സമാൻ തന്റെ ഓട്ടത്തിന്റെ വേഗത കുറക്കുകയും സാധാരണ വേഗത്തിൽ ക്രീസിലേക്ക് നീങ്ങുകയും ചെയ്യുന്നു. എന്നാൽ കൃത്യമായി വിക്കറ്റ് കീപ്പറിന്റെ അടുത്തേക്ക് എയ്ഡൻ അക്രം എറിഞ്ഞ പന്ത് ഡി കോക്കിന്റെ കയ്യിലെത്തുകയും സ്റ്റമ്പ് ചെയ്യുകയും ചെയ്തപ്പോള്‍, ഫഖർ സമാന് റൺസ് പൂർത്തിയാക്കുന്നതിനു മുൻപ് റണൗട്ട് ആയി. അവസാന ഓവറിൽ ജയിക്കാൻ 31 റൺസ് വേണ്ടിയിരുന്ന പാക്കിസ്ഥാന് വേണ്ടി കളിച്ച അവസാന 48 പന്തിൽ 90 റൺസ് നേടി മൊത്തം 155 പന്തിൽ നിന്ന് 193 റൺസുമായി ഇരട്ട സെഞ്ചുറിയുടെ അരികിലായിരുന്നു ഫഖർ സമാൻ.
Read Also: വംശീയ അധിക്ഷേപം: വീണ്ടും കലുഷിതമായി ഫുട്ബോള്‍ മൈതാനം
ഡി കോക്കിന്റെ പ്രവർത്തി വഞ്ചനയാണോ?
എംസിസി യുടെ ക്രിക്കറ്റ് നിയമത്തിലെ 41.5.1 നിയമപ്രകാരം “ഏതൊരു ഫീൽഡറും ഒരു ബാറ്റ്സ്മാൻ ബോൾ അടിച്ച ശേഷം അവരെ മനഃപൂർവം വാക്കുകൊണ്ടോ, പ്രവർത്തികൊണ്ടോ, ശ്രദ്ധതിരിക്കുകയോ കബളിപ്പിക്കുകയോ, തടസപ്പെടുത്തുകയോ ചെയ്യുന്നത് നീതിരഹിതമാണ്” എന്ന് പറയുന്നുണ്ട്.
Law 41.5.1 states: “It is unfair for any fielder wilfully to attempt, by word or action, to distract, deceive or obstruct either batsman after the striker has received the ball”#MCCLawspic.twitter.com/gUXoBM9ZJ5
— Marylebone Cricket Club (@MCCOfficial) April 4, 2021
ഇതിൽ ഐസിസിയുടെ നിയമമെന്ത്?
ഐസിസി യുടെ കളിക്കാർക്കും സപ്പോർട്ട് സ്റ്റാഫുകൾക്കും വേണ്ടിയുള്ള കോഡ് ഓഫ് കണ്ടക്ടിലെ 41 ആം നിയമപ്രകാരം “മനഃപൂർവം ഒരു ബാറ്റ്സമാന്റെ ശ്രദ്ധ തിരിക്കുന്നത് നീതിയുക്തമല്ലാത്ത പ്രവൃത്തിയാണ്” എന്നാണ് പറയുന്നത്.
ഫേക്ക് ഫീൽഡിങ്ങിനുള്ള പിഴയെന്ത്?
ഫേക്ക് ഫീൽഡിങ് ശ്രദ്ധയിൽ പെട്ടാൽ അമ്പയർമാർക്ക് ബാറ്റിംഗ് ടീമിന് ഫീൽഡിങ് പെനാൽറ്റിയായി 5 റൺസ് നല്കാൻ സാധിക്കും. പക്ഷെ എന്താണ് ഫേക്ക് ഫീൽഡിങ് എന്താണ് ഫേക്ക് ഫീൽഡിങ് അല്ലാത്തത് എന്നതിൽ സംശയങ്ങൾ നിലനിൽക്കുന്നുണ്ട്.
മുൻപ് ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടോ?
2019 ലെ ആദ്യ ആഷസ് ടെസ്റ്റ് മത്സരത്തിൽ ജോണി ബെയർസ്റ്റോ സ്റ്റീവ് സ്മിത്തിനെതിരെ മനഃപൂർവം റണൗട്ട് ചെയ്യുന്നതായി കബളിപ്പിച്ചത് ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ബോൾ കയ്യിൽ ഇല്ലാതിരുന്നിട്ടും സ്റ്റീവ് സ്മിത്തിനെ ഡൈവ് ചെയ്യിച്ച ബെയർസ്റ്റോയുടെ നടപടിക്കെതിരെ അന്ന് ഫീൽഡ് അമ്പയർമാരായ കുമാർ ധർമസേനയോ മറൈസ് ഇറാസ്മസോ പെനാൽറ്റി നൽകിയിരുന്നില്ല.
2015 ൽ കുമാർ സംഗക്കാര ബോൾ കയ്യിൽ ഇല്ലാതിരുന്നിട്ടും സ്റ്റമ്പ് ചെയ്യാൻ ശ്രമിച്ച്, പാക്കിസ്ഥാൻ ബാറ്റ്സ്മാൻ അഹമ്മദ് ഷെഹ്സാദിനെ ഡൈവ് ചെയ്യിച്ചിരുന്നു എന്നാൽ അന്ന് ഫേക്ക് ഫീൽഡിങ് എന്നത് ഐസിസിയുടെ നിയമങ്ങളിൽ ഉണ്ടായിരുന്നില്ല.
2017 ൽ ഓസ്ട്രേലിയയിലെ ആഭ്യന്തര ടൂർണമെന്റിൽ ബാറ്റ്സ്മാന്റെ ഓട്ടം തടസപ്പെടുത്തുന്നതിനു ബോൾ എറിയുന്നതായി കാണിച്ച് തെറ്റിദ്ധരിപ്പിച്ചതിനു ഓസ്ട്രേലിയയുടെ മാർനസ് ലാബുഷൈനു പെനാൽറ്റി നൽകിയിരുന്നു.
Read Also: IPL 2021: മുംബൈയിലെ ഐപിഎൽ മത്സരങ്ങളുടെ വേദി മാറ്റേണ്ടി വരുമോ? നയം വ്യക്തമാക്കി ബിസിസിഐ
എന്താണ് ഈ നിയമത്തിൽ നിലനിൽക്കുന്ന സംശയം?
എല്ലാ ക്രിക്കറ്റ് നിയമങ്ങളിലെയും പോലെ അമ്പയർമാരാണ് അത് മനഃപൂർവമുള്ള പ്രവർത്തിയാണോ, എന്താണ് തെറ്റദ്ധരിപ്പിക്കുന്ന പ്രവർത്തി എന്നെല്ലാം തീരുമാനിക്കേണ്ടത്. ഇത് പലതരത്തിലുള്ള വ്യഖ്യാനങ്ങൾക്കും സാധ്യത നൽകുന്നുണ്ട് എന്നത് ഇതിലെ സംശയങ്ങൾക്ക് വഴിവെക്കും.
Fakhar Zaman views on his run out and Quinton De Kock act.
Post Match Press Conference via @OfficialCSA pic.twitter.com/vHzjA2CQLr
— Abdul Ghaffar (@GhaffarDawnNews) April 4, 2021
ഫഖർ സമാന്റെ റണൗട്ടിനോട് അനുബന്ധിച്ച് വന്ന പ്രതികരണങ്ങൾ?
സമൂഹ മാധ്യമങ്ങളിൽ വലിയ തോതിൽ ആരാധകർ ഡി കോക്കിന്റെ പ്രവർത്തിയെ വിമർശിച്ചു. അപലപനീയമാണെന്നായിരുന്നു കൂടുതൽ പേരുടെയും പ്രതികരണം. ഡി കോക്കിന്റെ പ്രവർത്തി മത്സരത്തിന്റെ സ്പിരിറ്റിന് ചേർന്നതാണോ എന്നായിരുന്നു വിഷയത്തിൽ മുൻ പാക്കിസ്ഥാൻ ബോളർ ഷൊഹൈബ് അക്തർ ട്വീറ്റ് ചെയ്തത്. തീരുമാനം ആരാധകർക്ക് വിട്ടു തരുന്നു എന്നും അക്തർ ട്വീറ്റിൽ പറഞ്ഞു.
എന്നാൽ വിഷയത്തിൽ ഡി കോക്കല്ല താനാണ് തെറ്റുക്കാരൻ എന്നായിരുന്നു ഫഖർ സമാന്റെ മറുപടി. താൻ ഫീൽഡറെ ശ്രദ്ധിച്ചിലായിരുന്നെന്നും വൈകിയോടിയ തന്റെ പങ്കാളി ഹാരിസ് ക്രീസിൽ എത്തുമോ എന്ന ആശങ്കയിൽ തിരിഞ്ഞ് നോക്കിയതുമാണ് റണൗട്ടിന് കാരണമെന്ന് ഫഖർ സമാൻ പറഞ്ഞു.