ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ 45ാം ജന്മദിനമാണിന്ന്. കായികലോകത്ത് നിന്നും പുറത്തു നിന്നും ആരാധകരുമെല്ലാം ഒന്നടങ്കം അദ്ദേഹത്തിന് ജന്മദിനാശംസ നേരുകയാണ്. ഓസ്ട്രേലിയയുടെ മുന്‍ ഫാസ്റ്റ് ബൗളര്‍ ഡാമിയന്‍ ഫ്ലെമിങ്ങിന്റേയും ജന്മദിനമാണിന്ന്. ഇന്ത്യന്‍ ആരാധകര്‍ സച്ചിന്റെ കരിയറിലെ മികച്ച നേട്ടങ്ങള്‍ ഓര്‍ത്തെടുക്കുന്ന നിമിഷമാണ് ക്രിക്കറ്റ് ഓസ്ട്രേലിയ സച്ചിന്‍ ഔട്ടാകുന്ന ഒരു വീഡിയോ പോസ്റ്റ് ചെയ്തത്. ഫ്ലെമിങ്ങിന് ജന്മദിനാശംസ നേര്‍ന്ന് കൊണ്ടായിരുന്നു ഓസ്ട്രേലിയന്‍ ദേശീയ ടീം വീഡിയോ പോസ്റ്റ് ചെയ്തത്.

നിലവില്‍ ഐപിഎലില്‍ കമന്റേറ്ററായി ജോലി ചെയ്യുകയാണ് ഫ്ലെമിങ്ങ്. സ്വിംഗറിലൂടെ സച്ചിനെ ഫ്ലെമിങ്ങ് പുറത്താക്കുന്ന വീഡിയോ ആണ് ക്രിക്കറ്റ് ഓസ്ട്രേലിയ പോസ്റ്റ് ചെയ്തത്. മികച്ചൊരു സ്വിംഗറിലൂടെ ഫ്ലെമിങ്ങ് വിക്കറ്റ് നേടുന്ന വീഡിയോ ക്രിക്കറ്റ് ഓസ്ട്രേലിയ തിരഞ്ഞെടുത്ത് ജന്മദിനം നേര്‍ന്നപ്പോള്‍ ഇതേദിനം തന്നെ ജന്മദിനം ആഘോഷിക്കുന്ന സച്ചിനെ പരിഹസിക്കാനാണ് ശ്രമിച്ചതെന്ന് ആരാധകര്‍ കുറ്റപ്പെടുത്തി. ഓസീസ് നായകനായിരുന്ന സ്റ്റീവ് സ്മിത്ത് പന്ത് ചുരണ്ടുന്ന വീഡിയോ അദ്ദേഹത്തിന്റെ ജന്മദിത്തില്‍ പോസ്റ്റ് ചെയ്യുമോയെന്നും ഇന്ത്യന്‍ ആരാധകര്‍ ട്വിറ്ററില്‍ ചോദിച്ചു.