ലോകത്ത് കൊറോണ വൈറസ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ഈ വർഷം ടി ലോകകപ്പ് നടക്കുന്ന കാര്യം അനിശ്ചിതത്വത്തിൽ. ക്രിക്കറ്റ് ഓസ്ട്രേലിയ ചെയർമാൻ ഏൾ എഡ്ഡിങ്സ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സർക്കാർ സംവിധാനങ്ങളുമായി കൂടിയാലോചിച്ച ശേഷം ടൂർണമെന്റ് നടത്തുന്ന കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, സംഘാടനത്തിലും വലിയ പ്രതിസന്ധിയാണ് ഓസ്ട്രേലിയ നേരിടുന്നത്. ടി20 ലോകകപ്പിന്റെ പുതിയ സിഇഒ ആയി നിക് ഹോക്‌ലി കഴിഞ്ഞ ദിവസമാണ് നിയമിതനായത്. 18 മാസം കാലാവധി ബാക്കി നിൽക്കെയാണ് മുൻ സിഇഒ ആയിരുന്ന കെവിൻ റോബർട്സ് തൽസ്ഥാനത്ത് നിന്നും മാറ്റപ്പെടുന്നത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഒരു പ്രധാന കായിക മത്സരത്തിന്റെ തലപ്പത്ത് നിന്നും മാറ്റപ്പെടുന്ന മൂന്നാമത്തെ വ്യക്തിയാണ് റോബർട്സ്.
Also Read: ധോണിയുടെ ടീമിൽ ലോകകപ്പ് നേടിയവർ തന്റെ കീഴിൽ കരിയർ ആരംഭിച്ചവരെന്ന് ഗാംഗുലി
ഈ വർഷം ഓക്ടോബർ-നവംബർ മാസങ്ങളിലായിരുന്നു ഓസ്ട്രേലിയയിൽ ടൂർണമെന്റ് നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രത്യേകിച്ച് ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ കൂടുതൽ കേസുകൾ ഓരോ ദിവസവും റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ 16 രാജ്യങ്ങളിൽ നിന്നുള്ള താരങ്ങളെ രാജ്യത്തെത്തിച്ച് ടൂർണമെന്റ് സംഘടിപ്പിക്കുക പ്രയാസകരമായിരിക്കുമെന്ന് ഓസ്ട്രേലിയ കരുതുന്നു.
അതേസമയം, മറ്റൊരു പ്രധാന വരുമാന സ്രോതസായ ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനം നടത്താനുള്ള ശ്രമത്തിലാണ് ക്രിക്കറ്റ് ഓസ്ട്രേലിയ. ഇതിനായി ഇരു ക്രിക്കറ്റ് ബോർഡുകളും തമ്മിൽ ചർച്ചകളും സജീവമായി നടക്കുന്നുണ്ട്. ഇന്ത്യൻ താരങ്ങളെ നാട്ടിലെത്തിക്കാനുള്ള എല്ലാ വഴികളും തേടുകയാണ് ഓസ്ട്രേലിയ. ഓസ്ട്രേലിയയിൽ പോകാൻ സമ്മതമാണെന്ന് ഇന്ത്യൻ ടീമും നേരത്തെ തന്നെ അറിയിച്ചിരുന്നു.
ഇന്ത്യൻ ക്രിക്കറ്റിൽ ഈ വർഷത്തെ ഐപിഎൽ മത്സരങ്ങൾ കോവിഡ് രോഗവ്യാപനം തുടരുന്നതിനിടെ എങ്ങനെ നടത്താം എന്നതിനെക്കുറിച്ചുള്ള ചർച്ചകളും പുരോഗമിക്കുന്നു. ഇന്ത്യയിൽ കോവിഡ് വ്യാപന ശേഷം നടക്കാൻ സാധ്യതയുള്ള ആദ്യത്തെ വലിയ സ്പോർട്സ് ഇവന്റ് ആയിരിക്കും ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗ്.
അടച്ചിട്ട സ്റ്റേഡിയത്തിൽ ഐപിഎൽ മത്സരങ്ങൾ നടത്തുന്നതിനെക്കുറിച്ച് ബിസിസിഐ ഉദ്യോഗസ്ഥരും ഫ്രാഞ്ചൈസി ഉടമകളും ഇതിനകം വീഡിയോ കോൺഫറൻസിങ് വഴിയും വെബിനാറുകൾ വഴിയും ചർച്ച നടത്തിക്കഴിഞ്ഞു. ഈ വർഷം ഒക്ടോബറിലും നവംബറിലുമായി ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് നീട്ടിവച്ചാലാവും ഇത്തവണത്തെ ഐപിഎല്ലുമായി മുന്നോട്ട് പോവുന്നതിനുള്ള സാധ്യത തെളിയുക.