സിഡ്‌നി: ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് ഓസ്‌ട്രേലിയ. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ ക്രിക്കറ്റിന്റെ ഭാഗമാക്കുന്ന സുപ്രധാന തീരുമാനം പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ഇതിനായി കമ്യൂണിറ്റി ക്രിക്കറ്റിന് പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും എലൈറ്റ് ലെവല്‍ പോളിസിയും ക്രിക്കറ്റ് ഓസ്‌ട്രേലിയ തയ്യാറാക്കിയിട്ടുണ്ട്.

ക്രിക്കറ്റില്‍ സ്റ്റാമിനയ്ക്കും ഫിറ്റ്‌നസിനുമാണ് പ്രധാന്യമെന്നും ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ക്രിക്കറ്റ് കളിക്കാനുള്ള എല്ലാ സഹായവുമൊരുക്കുമെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ സിഇഒ കെവിന്‍ റോബര്‍ട്ട്‌സ് അറിയിച്ചു.

ബോര്‍ഡിലെ മറ്റുള്ളവരുമായി ആലോചിച്ചാണ് തീരുമാനം എടുത്തതെന്നും താരങ്ങള്‍ക്ക് തങ്ങളുടെ ലിംഗ വ്യക്തിത്വത്തിന് അനുസൃതമായി ക്രിക്കറ്റ് മത്സരങ്ങളില്‍ പങ്കെടുക്കാനാകുമെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചു.

ഐസിസിയുടെ യോഗ്യത മാനദണ്ഡങ്ങളും ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ച മാനദണ്ഡങ്ങളും യോജിക്കുന്നതാണ്. അതിനാല്‍ താരങ്ങള്‍ക്ക് തങ്ങളുടെ ജെന്‍ഡറിന് അനുസരിച്ച് കളിക്കാനാകുമെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ പറയുന്നു.

”കളിയില്‍ യാതൊരു വിധ വിവേചനത്തിനും ഇടമില്ല. അന്താരാഷ്ട്ര തലത്തിലും ആഭ്യന്തര തലത്തിലും അവസരങ്ങളും നല്ല കളിയിലും ഒരുപോലെ ഉറപ്പു വരുത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം” കെവിന്‍ പറയുന്നു. ഗ്രാസ് റൂട്ട് ലെവലില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ടീമുകളില്‍ മോശം അനുഭവമുണ്ടാകാതെയിരിക്കാനും വിവേചനമുണ്ടാകാതിരിക്കാനും ലക്ഷ്യമിടുന്നതാണ് തങ്ങളുടെ മാനദണ്ഡങ്ങളെന്നും അദ്ദേഹം പറഞ്ഞു. തീരുമാനത്തെ ഓസീസ് ക്രിക്കറ്റ് താരം മേഗന്‍ ഷട്ടിനെ പോലുള്ളവര്‍ സ്വാഗതം ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook