മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയെ അദ്ദേഹത്തിന്റെ നൂറാം ടെസ്റ്റിന് മുന്നോടിയായി അഭിനന്ദിച്ച് ഇന്ത്യൻ കാപ്റ്റൻ രോഹിത് ശർമ. ടീമിനെ ടെസ്റ്റ് ഫോർമാറ്റിൽ മികച്ച സ്ഥാനത്ത് എത്തിച്ചതിന്റെ എല്ലാ ക്രെഡിറ്റും കോഹ്ലി അർഹിക്കുന്നതായി രോഹിത് പറഞ്ഞു.
ശ്രീലങ്കയ്ക്കെതിരെ വെള്ളിയാഴ്ച ആരംഭിക്കുന്ന ഉദ്ഘാടന മത്സരത്തിൽ ഇന്ത്യയെ നയിച്ചുകൊണ്ട് രോഹിത് തന്റെ ടെസ്റ്റ് ക്യാപ്റ്റൻസി യാത്ര ആരംഭിക്കും.
“ഒരു ടെസ്റ്റ് ടീം എന്ന നിലയിൽ ഞങ്ങൾ വളരെ നല്ല നിലയിലാണ് നിൽക്കുന്നത്. ഈ ഫോർമാറ്റിൽ ഞങ്ങൾ എവിടെ നിൽക്കുന്നു എന്നതിന്റെ മുഴുവൻ ക്രെഡിറ്റും വിരാടിനാണ്. വർഷങ്ങളായി അദ്ദേഹം ടെസ്റ്റ് ടീമിനൊപ്പം ചെയ്ത കാര്യങ്ങൾ വളരെ മികച്ചതാണ്,” രോഹിത് മത്സരത്തിന് മുമ്പുള്ള പത്രസമ്മേളനത്തിൽ പറഞ്ഞു. ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയിൽ രോഹിത്തിന്റെ ആദ്യത്തെ വാർത്താസമ്മേളനമാണിത്.
“അദ്ദേഹം ഉപേക്ഷിച്ചിടത്ത് നിന്ന് എനിക്കത് കൊണ്ടുപോവണം. എനിക്ക് ശരിയായ കളിക്കാരെ ഉപയോഗിച്ച് ശരിയായ കാര്യം ചെയ്യണം, ”അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: ചിരിയോ ചിരി; കോഹ്ലിയുടെ അമളികളെ കളിയാക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പ്; ‘അണ്ടര്‍ 19 ചാമ്പ്യന്‍സ്’
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ എത്താനുള്ള ഇന്ത്യയുടെ സാധ്യത ഇപ്പോൾ മങ്ങിയതായി കാണപ്പെടുന്നുണ്ടെങ്കിലും ടീം ശരിയായ ദിശയിലാണ് നീങ്ങുന്നതെന്ന് രോഹിത് പറഞ്ഞു.
“ടീം നല്ല നിലയിലാണ്. അതെ, ഡബ്ല്യുടിസി പട്ടികയിൽ ഞങ്ങൾ മധ്യ സ്ഥാനത്താണ്. എന്നാൽ കഴിഞ്ഞ രണ്ട് മൂന്ന് വർഷമായി ഞങ്ങൾ എന്തെങ്കിലും തെറ്റ് ചെയ്തതായി ഞാൻ കരുതുന്നില്ല, ”രോഹിത് കൂട്ടിച്ചേർത്തു.