ഇന്ന് നടന്ന കരീബിയന്‍ പ്രീമിയര്‍ ലീഗ് 2017 ഫൈനലില്‍ സെന്റ് കിറ്റ്സ് ആന്റ് നെവിസ് പാട്രിയോട്ട്സിനെ പരാജയപ്പെടുത്തി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സാണ് കപ്പുയര്‍ത്തിയത്. ആദ്യം ബാറ്റ് ചെയ്ത പാട്രിയോട്ട്സ് 118 റണ്‍സ് നേടിയെങ്കിലും അവസാന ഓവറുകളില്‍ കെവോണ്‍ കൂപ്പറിന്റെ തകര്‍ത്തടിയില്‍ നൈറ്റ് റൈഡേഴ്സ് വിജയം നുണഞ്ഞു.
പ്രീമിയര്‍ ലീഗില്‍ ഉടനീളം നാടകീയമായ സംഭവങ്ങള്‍ ഉണ്ടായിരുന്നെങ്കിലും മനോഹരമായൊരു പ്രതികാരത്തിന്റെ കാഴ്ചയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. വാരിയേഴ്സിന്റെ താരം ഷദ്വിക് വാള്‍ട്ടണ്‍ ആണ് കാഴ്ചക്കാരെ അത്ഭുതപ്പെടുത്തിയ പ്രതികാരം ചെയ്തത്. കാണികളെ രസിപ്പിക്കാനായി കരീബിയന്‍ താരങ്ങളില്‍ മിക്കവരും വ്യത്യസ്ഥമായ രീതിയില്‍ വിജയം ആഘോഷിക്കാറുണ്ട്. ക്രിസ് ഗെയിലിന്റെ നൃത്തച്ചുവടുകളാണ് അതിലൊന്ന്.
വിന്‍സെന്റിയന്‍ ക്രിക്കറ്റ് താരം കെസ്രിക്ക് വില്യംസും അത്തരത്തിലൊരു വ്യത്യസ്ഥ രീതിയിലാണ് വിക്കറ്റ് നേട്ടം ആഘോഷിക്കാറുളളത്. പോക്കറ്റില്‍ നിന്നും ഒരു സാങ്കല്‍പ്പിക നോട്ട്ബുക്ക് പുറത്തെടുത്ത് വിക്കറ്റ് നേട്ടം എഴുതി തിരിച്ച് പോക്കറ്റില്‍ വയ്ക്കുന്നതാണ് അദ്ദേഹത്തിന്റെ രീതി.
കരീബിയന്‍ പ്രീമിയര്‍ ലീഗിലെ 15-ാം മത്സരത്തില്‍ ഷദ്വിക് വാള്‍ട്ടണെതിരെ ഇത്തരത്തില്‍ ആഘോഷിക്കുമ്പോള്‍ വില്യംസ് ചിന്തിച്ച് കാണില്ല അടുത്ത മത്സരത്തില്‍ മറ്റൊരു നോട്ട്ബുക്കുമായി വാള്‍ട്ടണ്‍ കാത്തിരിക്കുമെന്ന്. പ്രസ്തുത മത്സരത്തില്‍ വില്യംസിന്റെ ടീം 2 റണ്‍സിന് വിജയിച്ചെങ്കിലും അടുത്ത നിര്‍ണായക മത്സരവും ഇരുടീമുകളും നേര്‍ക്കുനേര്‍ ആയിരുന്നു.
വില്യംസിന്റെ ഓരോ ബോളുകളും അതിര്‍ത്തി കടത്തുമ്പോള്‍ വാള്‍ട്ടണ്‍ തന്റെ ബാറ്റിനെ ഒരു സാങ്കല്‍പ്പിക നോട്ട്ബുക്കാക്കി ഓരോ റണ്‍സും എഴുതി ചേര്‍ക്കുന്നുണ്ടായിരുന്നു. വില്യംസിനെ നേരിട്ട ആദ്യ ഓവര്‍ തന്നെ വാള്‍ട്ടണ്‍ നേടിയത് 23 റണ്‍സ്. പിന്നാലെ വന്ന ഓവറുകളിലും വാള്‍ട്ടണ്‍ ഓരോ ബോളും അതിര്‍ത്തി കടത്തി. അവസാനം വെറും 40 പന്തില്‍ 84 റണ്‍സടിച്ച് ടീമിന്റെ വിജയശില്‍പ്പിയായും വാള്‍ട്ടണ്‍ മാറി. സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ കായികപ്രേമികള്‍ കണ്ടുകൊണ്ടേയിരിക്കുന്നത്.