കറാച്ചി: കോവിഡ് ഫണ്ട് സമാഹരണത്തിനു പുതിയൊരു ആശയം മുന്നോട്ടുവച്ച് പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഷോയ്‌ബ് അക്‌തർ. ഇന്ത്യ-പാക്കിസ്ഥാൻ ഏകദിന പരമ്പരയിലൂടെ ഫണ്ട് സമാഹരിക്കാമെന്ന് അക്‌തർ പറഞ്ഞു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര നടത്തണമെന്നാണ് അക്‌തർ പറയുന്നത്. പാക്കിസ്ഥാനുവേണ്ടി പതിനായിരം വെന്റിലേറ്റേഴ്‌സ് നിർമിച്ചു നൽകാൻ ഇന്ത്യയ്‌ക്ക് സാധിച്ചാൽ (ഏകദിന പരമ്പരയിലൂടെ ലഭിക്കുന്ന പണമുപയോഗിച്ച്) തങ്ങളുടെ രാജ്യം അത് എന്നും ഓർമയിൽ സൂക്ഷിക്കുമെന്ന് അക്തർ പറഞ്ഞു. എന്നാൽ, മത്സരത്തെ കുറിച്ച് പറയാൻ മാത്രമേ തനിക്കു സാധിക്കൂ എന്നും അന്തിമ തീരുമാനം ഇരു രാജ്യങ്ങളുടെയും ഭരണക്കർത്താക്കളാണ് എടുക്കേണ്ടതെന്നും അക്തർ പറഞ്ഞു.

Read Also: ഗ്രൂപ്പ് കോളുകൾ എളുപ്പമാക്കി വാട്സ്ആപ്പ്, സൂം സുരക്ഷിതമാക്കാം

“കോവിഡ് പ്രതിരോധത്തിനുള്ള ഫണ്ട് സമാഹരിക്കാൻ ഇന്ത്യ-പാക് ഏകദിന പരമ്പര നടത്താവുന്നതാണ്. വിരാട് കോഹ്‌ലി സെഞ്ചുറി അടിച്ചാൽ ഞങ്ങൾ (പാക്കിസ്ഥാൻ) സന്തോഷിക്കും. ബാബർ അസം സെഞ്ചുറിയടിച്ചാൽ നിങ്ങളും സന്തോഷിക്കും. കളിക്കളത്തിൽ എന്തുണ്ടായാലും ഇരു രാജ്യങ്ങളും വിജയിക്കും. ഏകദിന പരമ്പരയിലൂടെ ലഭിക്കുന്ന പണം ഇരു രാജ്യങ്ങൾക്കും തുല്യമായി വീതിച്ചെടുക്കാം. അത് കോവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കാം. എല്ലാ രാജ്യങ്ങളും ഇന്ത്യ-പാക് ഏകദിന പരമ്പരയിലേക്ക് ശ്രദ്ധിക്കും. ഇതിലൂടെ കുറേ ലാഭം സ്വന്തമാക്കാൻ സാധിക്കും. അങ്ങനെ ലഭിക്കുന്ന ഫണ്ടിലൂടെ കോവിഡ് പ്രതിരോധം വിപുലപ്പെടുത്താനും,” അക്‌തർ പറഞ്ഞു.

Read Also: മോദിയെ ആദരിക്കാൻ അഞ്ച് മിനിറ്റ് എഴുന്നേറ്റ് നിൽക്കണോ? സന്ദേശങ്ങളോട് പ്രതികരിച്ച് പ്രധാനമന്ത്രി

ഈ മത്സരം ടെലിവിഷനിൽ മാത്രം സംപ്രേക്ഷണം ചെയ്താൽ മതിയാകും. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാവരും വീടുകളിൽ വെറുതെയിരിക്കുന്നതിനാൽ ടിവിയിൽപ്പോലും മത്സരം കാണാൻ ഇഷ്ടം പോലെ ആളുകളുണ്ടാകുമെന്നും അക്തർ പറഞ്ഞു. ക്രിക്കറ്റിലൂടെ ഇരു രാജ്യങ്ങൾക്കും പരസ്‌പരം സഹായിക്കാനുള്ള അവസരമാണിതെന്ന് അക്തർ വ്യക്തമാക്കി. ഇന്ത്യയിൽ നിന്നു തനിക്ക് മികച്ച അനുഭവങ്ങളാണ് ലഭിച്ചിട്ടുള്ളതെന്ന് അക്തർ ഓർമിച്ചു. ഇന്ത്യയിലെ ജനങ്ങളിൽ നിന്നു ലഭിച്ച സ്‌നേഹത്തിനു എന്നും കടപ്പെട്ടിരിക്കുന്നതായും റാവൽപ്പിണ്ടി എക്‌സ്‌പ്രസ് എന്നു വിശേഷണമുള്ള താരം കൂട്ടിച്ചേർത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook