ന്യൂഡൽഹി: കോവിഡ് പ്രതിരോധ സന്ദേശവുമായി ‘ലൈറ്റ് ഓഫ്’ ക്യാംപയിനിൽ പങ്കെടുത്ത് കായിക താരങ്ങളും. സച്ചിൻ ടെൻഡുൽക്കർ, വിരാട് കോഹ്ലി, സെെന നെഹ്വാൾ, പിവി സിന്ധു, ശിഖർ ധവാൻ, മേരികോം എന്നിവരടക്കമുള്ള കായിക താരങ്ങൾ ഞായറാഴ്ച രാത്രി 9 മണിമുതൽ 9 മിനുറ്റ് നേരം മെഴുകുതിരികൾ കത്തിച്ച് ക്യാംപയിനിന്റെ ഭാഗമായി.

ആശുപത്രികളും പൊതുയിടങ്ങളും വൃത്തിയായും അണുവിമുക്തമായും സൂക്ഷിക്കുന്ന ശുചീകരണ തൊഴിലാളികൾക്ക് താനും തന്റെ കുടുംബവും നന്ദി പറയുന്നതായി ദീപം തെളിയിക്കുന്ന ഫോട്ടോയ്ക്കൊപ്പമുള്ള കുറിപ്പിൽ ഇതിഹാസ താരം സച്ചിൻ ടെൻഡുൽക്കർ കുറിച്ചു. പ്രായമായവരുടേയും ദുർബലരായവരുടേയും ശാരീരിക മാനസിക ആരോഗ്യം ഉറപ്പുവരുത്തി അവരെ സഹായിക്കുമെന്ന പ്രതിജ്ഞ ഈ അവസരത്തിൽ പുതുക്കാമെന്നും മാസ്റ്റർ ബ്ലാസ്റ്ററുടെ സന്ദേശത്തിൽ പറയുന്നു.

ജിവിത പങ്കാളിയും ചലച്ചിത്ര താരവുമായ അനുഷ്കാ ശർമ പങ്കുവച്ച ചിത്രമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലി റീ ട്വീറ്റ് ചെയ്തത്. കോഹ്ലിയും അനുഷ്കയ്ക്കുയും വളർത്തുനായ്ക്കൊപ്പം ചിരാത് വിളക്കുകളുടെ വെളിച്ചത്തിലിരിക്കുന്നതാണ് ചിത്രം.

ഒരുമിച്ചുള്ള പ്രാർഥന ഫലമുണ്ടാക്കുമെന്നും എല്ലാ ജീവികൾക്കും വേണ്ടി പ്രാർഥിക്കുകയും ഒരുമിച്ച് നിൽക്കുകയും ചെയ്യാമെന്നും ഫോട്ടോയ്ക്കൊപ്പമുള്ള കുറിപ്പിൽ കോഹ്ലി അഭിപ്രായപ്പെട്ടു.

നമുക്ക് ഒരുമിച്ച് കോവിഡിനെതിരേ പൊരുതാം എന്ന ഹാഷ്ടാഗോടു കൂടിയുള്ള ചിത്രമാണ് ബാഡ്മിൻറൺ താരം പിവി സിന്ധു പങ്കുവച്ചത്.


ജിവിത പങ്കാളിയായ അയേഷയ്ക്കും മകൻ സോരാവറിനുമൊപ്പം ബാൽക്കണിയിൽ മെഴുകുതിരി കത്തിച്ചു പിടിച്ചിരിക്കുന്ന ചിത്രമാണ് ശിഖർ ധവാൻ ട്വീറ്റ് ചെയ്തത്.

 

 

“നമ്മുടെയെല്ലാവരുടെയും ജീവിതത്തിൽ എല്ലായ്പ്പോഴും വെളിച്ചമുണ്ടാവട്ടെ, നല്ല ചിന്തകൾ സൂക്ഷിക്കുക, ഈ സമയങ്ങളിൽ നിങ്ങൾക്കെല്ലാവർക്കും കുറേ സ്നേഹവും നല്ല ആരോഗ്യവും ആശംസിക്കുന്നു” – ശിഖർ ധവാൻറെ ട്വീറ്റിൽ പറയുന്നു.

മെഴുകുതിരി പിടിച്ചു നിൽക്കുന്ന ചിത്രവും കുടുംബാംഗങ്ങൾക്കൊപ്പമുള്ള വീഡിയോയുമാണ് ബോക്സർ മേരികോം പങ്കുവച്ചത്.

9പിഎം 9 മിനുറ്റ്സ് എന്ന ഹാഷ്ടാഗോടെ ഒരു താലത്തിൽ ചിരാതുകളേന്തി നിൽക്കുന്ന ചിത്രമാണ് ബാഡ്മിന്റൺ താരം സെെന നെഹ് വാൾ ട്വീറ്റ് ചെയ്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook