/indian-express-malayalam/media/media_files/uploads/2017/04/I-League-Logo.jpg)
ന്യൂഡൽഹി: കൊറോണ വൈറസ് രാജ്യത്ത് വർധിക്കുന്ന സാഹചര്യത്തിൽ അവശേഷിക്കുന്ന ഐ-ലീഗ് മത്സരങ്ങൾ റദ്ദാക്കാൻ തീരുമാനം. ഇന്ന് ചേർന്ന യോഗത്തിലാണ് തീരുമാനം. നിലവിൽ പോയിന്റ് പട്ടികയിൽ മുന്നിലുള്ള മോഹൻ ബഗാനെ ചാംപ്യന്മാരായും പ്രഖ്യാപിച്ചു.
ഇന്ന് വീഡിയോ കോൺഫറൻസിലൂടെ ഐ-ലീഗ് പാനൽ യോഗം ചേർന്ന് എഐഎഫ്എഫിന് ശുപാർശ നൽകി. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് രാജ്യത്ത് ആഹ്വാനം ചെയ്തിരിക്കുന്ന ലോക്ക്ഡൗൺ മെയ് മൂന്ന് വരെ നീട്ടിയിരുന്നു.
"നിലവിലെ സാഹചര്യത്തിൽ 2019-20 സീസൺ സമാപിക്കുന്നതായി കണക്കാക്കണമെന്ന് കമ്മിറ്റി ശുപാർശ ചെയ്തു. ടൂർണമെന്റ് നിർത്തിവയ്ക്കുന്നത് വരെയുള്ള പോയിന്റ് പട്ടികയുടെ അടിസ്ഥാനത്തിൽ മോഹൻ ബഗാനെ ഹീറോ ഐ-ലീഗ് ചാംപ്യന്മാരായും പ്രഖ്യാപിക്കുന്നു," എഐഎഫ്എഫ് പ്രസ്താവനയിൽ അറിയിച്ചു.
ലോക്ക്ഡൗൺ മെയ് മൂന്ന് വരെ നീട്ടിയതിന് പിന്നാലെ കുട്ടിക്രിക്കറ്റ് പൂരമായ ഐപിഎല്ലും താൽക്കാലികമായി ഉപേക്ഷിക്കുന്നതായി ബിസിസിഐയും അറിയിച്ചിട്ടുണ്ട്. ഇന്ന് ചേർന്ന ബിസിസിഐയുടെ ഐപിഎൽ ഗവേർണിങ് കൗൺസിലിന്റേതാണ് തീരുമാനം. ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ ഐപിഎൽ ഉണ്ടാകില്ലെന്ന് ബിസിസിഐ വ്യക്തമാക്കി.
കളിക്കാരുടെ സുരക്ഷ മാനിച്ചാണ് ഇത്തരത്തിലൊരു തീരുമാനമെന്നും ബിസിസിഐ പ്രസ്താവനയിൽ അറിയിച്ചു. എപ്പോൾ സുരക്ഷിതമെന്ന് ബോധ്യപ്പെടുന്നോ അന്ന് ടൂർണമെന്റ് സംഘടിപ്പിക്കാനാണ് ബിസിസിഐയുടെ തീരുമാനം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us