ന്യൂഡൽഹി: കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ ഏകദിന പരമ്പര പാതിയിൽ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയ ദക്ഷിണാഫ്രിക്കൻ താരങ്ങളുടെ പരിശോധന ഫലം നെഗറ്റീവ്. ഇന്ത്യയിൽ കൊറോണ കേസുകളുടെ എണ്ണം വർധിച്ച സാഹചര്യത്തിലായിരുന്നു പരമ്പര ഉപേക്ഷിച്ച് താരങ്ങൾ നാട്ടിലേക്ക് മടങ്ങിയത്. ദക്ഷിണാഫ്രക്കയിലെത്തിയ താരങ്ങൾ 14 ദിവസത്തെ ക്വറന്റൈൻ കാലം പൂർത്തിയാക്കിയതിന് പിന്നാലെയാണ് പരിശോധന ഫലവവും നെഗറ്റീവായത്.

ദക്ഷിണാഫ്രിക്കൻ ടീമിന്റെ മുഖ്യ മെഡിക്കൽ ഓഫീസറാണ് ഇക്കാര്യം അറിയിച്ചത്. ക്വറന്റൈൻ പൂർത്തിയാക്കിയെങ്കിലും രാജ്യത്ത് ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ അടുത്ത രണ്ടാഴ്ച കൂടി താരങ്ങൾ വീടുകളിൽ തന്നെ തുടരും. ക്വാറന്റൈൻ കാലയളവിൽ താരങ്ങളാരും തന്നെ യാതൊരു രോഗലക്ഷണവും കാണിച്ചില്ലെന്ന് ഇഎസ്‌പിഎൻ ക്രിക്ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു.

Also Read: നോ,ഷേവ്; താടി വളർത്തുന്നതിലെ രഹസ്യം വെളിപ്പെടുത്തി കോഹ്‌ലി

നേരത്തെ ഇന്ത്യയിൽ നിന്നെത്തിയ താരങ്ങളോട് 14 ദിവസത്തെ സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കാൻ ദക്ഷിണാഫ്രിക്കാൻ ക്രിക്കറ്റ് ബോർഡാണ് നിർദേശിച്ചത്. കൊറോണ ഭീതിയിൽ ഐപിഎൽ മത്സരങ്ങൾ മാറ്റിവച്ചതിന് പിന്നാലെയാണ് ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനത്തിലെ അവശേഷിക്കുന്ന ഏകദിന മത്സരങ്ങളും ഉപേക്ഷിച്ചത്. കൊൽക്കത്തയിലും ലക്‌നൗവിലും നടക്കാനിരുന്ന മത്സരങ്ങളാണ് ഉപേക്ഷിച്ചത്. നേരത്തെ ധർമ്മശാലയിൽ നടക്കേണ്ടിയിരുന്ന ആദ്യ മത്സരം മഴമൂലം ഉപേക്ഷിക്കുകയായിരുന്നു.

Also Read: ആ സിക്സ് മാത്രമല്ല കേട്ടോ; ലോകകപ്പ് നേടിയത് എല്ലാവരും കൂടിയെന്ന് ഗംഭീർ

കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ റദ്ദാക്കപ്പെട്ട പ്രധാന കായിക മത്സരങ്ങളിലൊന്നായിരുന്നു ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനം. ന്യൂസിലൻഡിൽ വഴങ്ങിയ നാണംകെട്ട തോൽവിയിൽ നിന്നും തിരിച്ചുവരാനുള്ള ശ്രമത്തിലായിരുന്നു ഇന്ത്യ. എന്നാൽ ടീമിന്റെയും ആരാധകരുടെയും പ്രതീക്ഷകൾ അസ്ഥാനത്താക്കിക്കൊണ്ടായിരുന്നു കോവിഡ്-19 കായികലോകത്തെയും ബാധിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook