ബെര്‍ലിന്‍: ലോകം കോവിഡ്-19-നെതിരെ പൊരുതുമ്പോള്‍ കായിക ലോകത്ത് മത്സരങ്ങളുടെ തിരിച്ചു വരവിന്റെ പ്രതീക്ഷകളുമായി ജര്‍മ്മനി. മത്സരങ്ങള്‍ പുനരാരംഭിക്കുന്ന ആദ്യ പ്രമുഖ യൂറോപ്യന്‍ ഫുട്‌ബോള്‍ ലീഗാകാന്‍ ബുണ്ടസ്ലിഗ ഒരുങ്ങുന്നു. മെയ് തുടക്കത്തില്‍ കാണികളില്ലാത്ത മൈതാനത്തില്‍ മത്സരങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായി കളിക്കാര്‍ പരിശീലനം ആരംഭിച്ചു.

മറ്റു യൂറോപ്യന്‍ ലീഗുകളൊക്കെ അനിശ്ചിതത്വത്തില്‍ തുടരുകയാണ്. കൂടാതെ, ശമ്പളത്തിന്റെ കാര്യത്തില്‍ ക്ലബ്ബുകളും താരങ്ങളുടെ യൂണിയനുകളും തമ്മില്‍ തര്‍ക്കവും നടക്കുന്നു. അതേസമയം, ജര്‍മ്മനിയില്‍ ലീഗ് പുനരാരംഭിക്കുന്നതിന്റെ നീക്കങ്ങളുമായി അധികൃതര്‍ മുന്നോട്ട് പോകുന്നു.

രാജ്യത്തെ ഒന്നാമത്തേയും രണ്ടാമത്തേയും ലീഗുകളായ ബുണ്ടസ്ലിഗ 1, ബുണ്ടസ്ലിഗ 2 എന്നിവയിലെ എല്ലാ ക്ലബ്ബുകളും പരിശീലന മൈതാനത്തിലേക്ക് തിരിച്ചെത്തി. പ്രാദേശിക ആരോഗ്യ പ്രോട്ടോക്കോളുകള്‍ അനുസരിച്ചാണ് പരിശീലനം. മറ്റു യൂറോപ്യന്‍ ലീഗുകളുടെ ആരാധകരേക്കാള്‍ ഏറെ മുന്നേ ലക്ഷകണക്കിന് ബുണ്ടസ്ലിഗ ആരാധകര്‍ക്ക് തങ്ങളുടെ പ്രിയ താരങ്ങള്‍ മൈതാനത്ത് ഫുട്‌ബോള്‍ തട്ടുന്നത് ടിവിയിലൂടെ വീക്ഷിക്കാന്‍ സാധിക്കും.

Read Also: കോഹ്‌ലി സെഞ്ചുറി നേടിയാൽ ഞങ്ങൾ സന്തോഷിക്കും; ഇന്ത്യ-പാക് പരമ്പര നടത്തണമെന്ന് അക്‌തർ

മെയ് മാസത്തോടെ എല്ലാ 36 സ്റ്റേഡിയങ്ങളിലും മത്സരങ്ങള്‍ നടത്താനാണ് പദ്ധതിയെന്ന് ബുണ്ടസ്ലിഗ ചീഫ് എക്‌സിക്യൂട്ടീവ് ക്രിസ്ത്യന്‍ സീഫെര്‍ട്ട് ഒരു അഭിമുഖത്തില്‍ പറഞ്ഞു. അവശേഷിക്കുന്ന ഒമ്പത് മത്സരങ്ങള്‍ ജൂണോടു കൂടി പൂര്‍ത്തിയാക്കും.

ഇംഗ്ലണ്ടിലെ പ്രീമിയര്‍ ലീഗ് ജൂലൈ വരെ മൈതാനത്തേക്ക് തിരിച്ചു വരാനുള്ള സാധ്യതയില്ല.

യൂറോപ്പില്‍ ആരാധകര്‍ തിങ്ങി നിറഞ്ഞ സ്റ്റേഡിയങ്ങളിലാണ് ബുണ്ടസ്ലിഗ മത്സരങ്ങള്‍ നടക്കാറുള്ളത്. എന്നാല്‍ ഈ വര്‍ഷം അവസാനം വരെ, ആരാധകരെ പ്രവേശിപ്പിക്കാതെ ടിവി സംപ്രേഷണം മാത്രം നടത്താനാണ് തീരുമാനമെന്ന് സീഫെര്‍ട്ട് പറയുന്നു.

ബെലാറസ് ഒഴികെ എല്ലാ യൂറോപ്യന്‍ ഫുട്‌ബോള്‍ ലീഗുകളും തടസ്സപ്പെട്ടിരിക്കുകയാണ്. അപൂര്‍ണമായ സീസണുകള്‍ പൂര്‍ത്തിയാക്കുന്നതിന് ലീഗുകള്‍ക്ക് ഫിഫ അനിശ്ചിത കാലത്തേക്ക് സമയം നീട്ടി കൊടുത്തിരിക്കുകയാണ്.

കോവിഡ്-19 കെടുതികളില്‍ നിന്ന് ജര്‍മ്മനി ഇനിയും കരകയറുകയോ പ്രതിരോധശേഷി കൈവരിക്കുകയോ ചെയ്തിട്ടില്ല. ജര്‍മ്മനിയില്‍ ഇതുവരെ 107,000 പേര്‍ക്ക് രോഗം ബാധിച്ചതായി ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ പറയുന്നു. കോവിഡ്-19 ബാധിച്ച യൂറോപ്യന്‍ രാജ്യങ്ങളില്‍ നാലാം സ്ഥാനത്താണ് ജര്‍മ്മനി. എന്നാല്‍, ലോകത്തെ ഏറ്റവും മികച്ച ആരോഗ്യ സംവിധാനമുള്ള ജര്‍മ്മനിക്ക് മറ്റേതു ലോക രാജ്യത്തേക്കാളും മികച്ച രീതിയില്‍ അടിയന്തരഘട്ടത്തെ കൈകാര്യം ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്.

അതേസമയം, ബുണ്ടസ്ലിഗ രാജ്യത്തിന്റെ ആരോഗ്യ സംവിധാനത്തിന് തലവേദനയാകാതിരിക്കാന്‍ ശ്രദ്ധാലുവാണെന്ന് സീഫെര്‍ട്ട് പറയുന്നു. ജര്‍മ്മനിയിലെ ആരോഗ്യ സംവിധാനത്തിലെ ജീവനക്കാരെ കളിക്കാര്‍ക്കായി വകമാറ്റുകയില്ല.

Read Also: സച്ചിൻ ഔട്ടായാൽ ഞാൻ കരയും, ടിവി ഓഫ് ചെയ്യും: ഹനുമ വിഹാരി

ഒരു മത്സരം നടത്തുന്നതിന് കളിക്കാരും പരിശീലന, മെഡിക്കല്‍ ജീവനക്കാരും ഒഫീഷ്യല്‍സും ക്യാമറ യൂണിറ്റ് ജീവനക്കാരുമടക്കം 240 പേര്‍ വേണം. രണ്ട് സംഘങ്ങളെയാണ് മത്സരം നടത്താന്‍ നിയോഗിച്ചിരിക്കുന്നത്. ഒന്ന് മത്സര ദിവസത്തിനുവേണ്ടിയുള്ള ചട്ടങ്ങള്‍ തീരുമാനിക്കാനും രണ്ടാമത്തേത് പരിശീലനത്തിനും മത്സരത്തിനും വേണ്ട ശുചിത്വം പാലിക്കാനും ഒരു താരത്തിന് രോഗം ബാധിച്ചാല്‍ എന്ത് നടപടികള്‍ സ്വീകരിക്കണമെന്ന് തീരുമാനിക്കുന്നതിനും.

കൊറോണ വൈറസ് ആഗോള ഫുട്‌ബോള്‍ കലണ്ടറില്‍ അനിശ്ചിതത്വം സൃഷ്ടിച്ചിരിക്കുകയാണ്. ആഭ്യന്തര മത്സരങ്ങള്‍ തീര്‍ക്കുന്നതിനായി യൂറോപ്പ്, ദക്ഷിണ അമേരിക്കന്‍ ദേശീയ ടീം ചാമ്പ്യന്‍ഷിപ്പുകള്‍ ഒരു വര്‍ഷത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്. ജര്‍മ്മനിയിലെ ഫുട്‌ബോള്‍ ലീഗ് പൂര്‍ത്തിയാക്കുന്നത് ചാമ്പ്യന്‍സ് ലീഗും യൂറോപ ലീഗും നടത്തുന്നതിനുള്ള യുവേഫയുടെ പ്രയത്‌നങ്ങളെ സഹായിക്കുമെന്ന് സീഫെര്‍ട്ട് പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook