ഛണ്ഡിഗഡ്: ഇന്ത്യയ്ക്ക് ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിതന്ന ക്യാപ്റ്റന്‍ കപില്‍ദേവ് കളിച്ചു വളര്‍ന്ന ക്രിക്കറ്റ് ഗ്രൗണ്ടിനെ ഛണ്ഡിഗഡ് അധികൃതര്‍ ജയിലാക്കി മാറ്റി. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ ലംഘിക്കുന്നവരെ തടവിലാക്കുന്നതിനുള്ള താല്‍ക്കാലിക ജയിലാണ് ഇപ്പോള്‍ സെക്ടര്‍ 16-ലെ സ്റ്റേഡിയം.

മണിമജ്‌റയിലെ സ്‌പോര്‍ട്‌സ് സമുച്ചയവും കര്‍ഫ്യൂ ഉത്തരവ് ലംഘിക്കുന്നവരെ പാര്‍പ്പിക്കാനുള്ള താല്‍ക്കാലിക ജയില്‍ ആക്കിയെന്ന് സര്‍ക്കാർ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കര്‍ഫ്യൂ ലംഘിക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 188 പ്രകാരം പ്രഥമ വിവര റിപ്പോര്‍ട്ട് തയ്യാറാക്കുമെന്ന് പൊലീസ് പറഞ്ഞു. ഏത് സാഹചര്യത്തിലും ഒരു ഇളവും അനുവദിക്കാതെ കര്‍ഫ്യൂ നടപ്പിലാക്കാന്‍ ഡിജിപി നിർദേശം നല്‍കിയിട്ടുണ്ട്.

Read Also: കോവിഡ്-19: വായ്പകള്‍ക്ക് മൂന്ന് മാസത്തെ മൊറട്ടോറിയം; പലിശ നിരക്കുകള്‍ ആര്‍ബിഐ വെട്ടിക്കുറച്ചു

പഞ്ചാബ് ജയില്‍ മാനുവല്‍ അനുസരിച്ചാണ് ക്രിക്കറ്റ് സ്റ്റേഡിയവും സ്‌പോര്‍ട്‌സ് സമുച്ചയവും താല്‍ക്കാലിക ജയിലായി പ്രഖ്യാപിച്ചത്.  15.32 ഏക്കർ വിസ്തീര്‍ണമുള്ള സെക്ടര്‍ 16 സ്റ്റേഡിയത്തിന് 20,000 പേരെ ഉള്‍ക്കൊള്ളാനാകും. കപില്‍ ദേവ്, ചേതന്‍ ശര്‍മ്മ, യോഗ് രാജ് സിങ് തുടങ്ങിയവര്‍ പരിശീലിച്ചിരുന്ന സ്റ്റേഡിയമാണിത്. മെഹാലിയിലെ സ്റ്റേഡിയം നിര്‍മ്മിക്കുന്നതിനുമുമ്പേ ഈ സ്റ്റേഡിയം നിലവിലുണ്ട്.

യുവരാജ് സിങ്, ഹര്‍ഭജന്‍ സിങ് തുടങ്ങിയവരും ഈ മൈതാനത്ത് കളിച്ചിട്ടുണ്ട്. 1990-ല്‍ ഇന്ത്യയും ശ്രീലങ്കയും തമ്മിലെ ഒരു ടെസ്റ്റ് മത്സരവും ഇവിടെ നടന്നിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook