scorecardresearch
Latest News

കോവിഡ്-19: ബംഗ്ലാദേശ്-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര നീട്ടിവച്ചു

ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനോട് നന്ദിപറയുന്നതായി ക്രിക്കറ്റ് ഓസ്ട്രേലിയ

കോവിഡ്-19: ബംഗ്ലാദേശ്-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര നീട്ടിവച്ചു

മെൽബൺ: കോവിഡ് ഭീഷണിയെത്തുടർന്ന് ബംഗ്ലാദേശ്-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര നീട്ടിവച്ചു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി ഈ വർഷം ജൂണിൽ ബംഗ്ലാദേശിൽ നടക്കേണ്ട പരമ്പരയാണ് ഇരു രാജ്യങ്ങളുടെയും ക്രിക്കറ്റ് ബോർഡുകൾ നടത്തിയ  ചർച്ചയ്ക്കൊടുവിൽ മാറ്റിവയ്ക്കാൻ തീരുമാനമായത്. “ബംഗ്ലാദേശ് പര്യടനം നിർത്തിവയ്കേണ്ടി വന്നത് ഖേദകരമാണ്, രണ്ടുപേർക്കും അംഗീകരിക്കാനാവുന്ന തീരുമാനത്തിലെത്തിച്ചേരാൻ സഹായിക്കുന്ന തരത്തിൽ സത്യസന്ധമായും ഉത്തരവാദിത്തത്തോടെയും ചർച്ചകളെ മുന്നോട്ട് കൊണ്ടുപോയ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന് നന്ദിപറയുന്നു”- ക്രിക്കറ്റ് ഓസ്ട്രേലിയ ചീഫ് എക്സിക്യൂട്ടീവ് കെവിൻ റോബെർട്ട്സ് പറഞ്ഞു.

Also Read: സച്ചിൻ ആദ്യമായി ഡാൻസ് കളിച്ചത് അന്നാണ്, ചുറ്റും നിൽക്കുന്നവരെ അദ്ദേഹം നോക്കിയതേയില്ല: ഹർഭജൻ

ജൂൺ 11 മുതൽ ജൂൺ 23വരെയായിരുന്നു ഓസീസ്-ബംഗ്ലാദേശ് പരമ്പര നടക്കേണ്ടിയിരുന്നത്. ചിറ്റഗോങ്ങിലും മിർപൂരിലുമായി രണ്ട് മത്സരങ്ങളാണ് പമ്പരയിൽ. കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് ആരംഭിച്ച ആദ്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് 2021 ജൂണിൽ അവസാനിക്കുന്ന വിധത്തിലാണ് ക്രമീകരിച്ചിരുന്നത്. കോവിഡിനെത്തുടർന്ന് പരമ്പരകൾ മാറ്റുന്നത് ചാമ്പ്യൻഷിപ്പിന്റെ ആകെ സമയക്രമത്തെ ബാധിക്കും.ചാമ്പ്യൻഷിപ്പിന്റെ ഭാഗമായുള്ള  ശ്രീലങ്ക – ഇംഗ്ലണ്ട് പരമ്പര കോവിഡ് ഭീഷണി കാരണം ഉപേക്ഷിച്ചിരുന്നു. മാർച്ച് 19നും 27നും ആരംഭിക്കുന്ന തരത്തിൽ രണ്ടു മത്സരങ്ങളായിരുന്നു പരമ്പരയിൽ. പാക്കിസ്ഥാൻ- ബംഗ്ലാദേശ് പരമ്പരയിൽ ഏപ്രിൽ അഞ്ചിലെ രണ്ടാം ടെസ്റ്റും ഉപേക്ഷിച്ചിരുന്നു. പരമ്പരയിൽ ഫെബ്രുവരിയിൽ നടന്ന ആദ്യ ടെസ്റ്റ് പാക്കിസ്ഥാൻ നേടിയിരുന്നു. നിലവിൽ 360 പോയിന്റുമായി ഇന്ത്യയാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഒന്നാമത്. 296 പോയിന്റോടെ ഓസ്ട്രേലിയയാണ് രണ്ടാമത്.

Also Read: ആ ഏകദേശം ഒത്തൂ; തന്നെ അനുകരിച്ച വാർണറിന് മറുപടിയുമായി ജഡേജ

അതേസമയം ഈവർഷം നടക്കേണ്ട ടി-20 ലോകകപ്പുമായി ബന്ധപ്പെട്ടും അനിശ്ചിതത്വം തുടരുകയാണ്. ഈ വർഷം ഒക്ടോബർ 18 മുതൽ നവംബർ 15വരെ ഓസ്ട്രേലിയയിലാണ് ടി-20 ലോകകപ്പ് നടക്കേണ്ടത്. എന്നാൽ കോവിഡ് ഭീഷണി കാരണം മത്സരം നടത്താനാവുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. മത്സരം മുൻ നിശ്ചയിച്ച പ്രകാരം ഒക്ടോബറിൽ നടത്താൻ കഴിയുമെന്ന് ഐസിസി ഉദ്യോഗസ്ഥർ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.  ടി20 ലോകകപ്പ് വേദിയായ ഓസ്ട്രേലിയയിൽ കോവിഡിന്റെ പശ്ചാത്തലത്തിൽ യാത്രാ വിലക്ക് നിലനിൽക്കുന്നുണ്ട്. പുറത്തുനിന്നുള്ളവർ രാജ്യത്ത് പ്രവേശിക്കാതിരിക്കുന്നതിനുള്ള വിലക്ക് ആറ് മാസമോ അതിലധികമോ നീണ്ടുപോവാൻ സാധ്യതയുണ്ട്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Coronavirus world test championship update