ലണ്ടൻ: കോവിഡ്-19 രോഗഭീഷണിയുടെ പശ്ചാത്തലത്തിൽ ഈ വർഷത്തെ വിംബിൾഡൺ ടെന്നിസ് ചാമ്പ്യൻഷിപ്പ് റദ്ദാക്കി. രണ്ടാം ലോക മഹായുദ്ധ കാലത്താണ് ഇതിനു മുൻപ് വിംബിൾഡൺ റദ്ദാക്കിയത്. ബുധനാഴ്ച ചേർന്ന ഓൾ ഇംഗ്ലണ്ട് ലോൺ ടെന്നിസ് ക്ലബ് (എഇഎൽടിസി) യോഗത്തിലാണ് ഇത്തവണത്തെ ചാമ്പ്യൻഷിപ്പ് മാറ്റിവയ്ക്കാൻ തീരുമാനിച്ചത്. ജൂൺ 29 മുതൽ ജൂലെെ 12 വരെയായിരുന്നു മത്സരങ്ങൾ നടത്താൻ തീരുമാനിച്ചിരുന്നത്.

കൊറോണ വെെറസ് പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട് പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട ആശങ്കകളുള്ളതിനാൽ വളരെ ഖേദത്തോടുകൂടി ഈ വർഷത്തെ ചാമ്പ്യൻഷിപ്പ് മാറ്റിവയ്ക്കുകയാണെന്ന് എഇഎൽടിസി ട്വീറ്റ് ചെയ്തു.  അടുത്ത വർഷത്തെ 134ാം വിംബിൾഡൺ ചാമ്പ്യൻഷിപ്പ് 2021 ജൂൺ 28 മുതൽ ജൂലെെ 11 വരെ നടക്കുമെന്നും എഇഎൽടിസി അറിയിച്ചു.

Also Read: കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത് 386 കോവിഡ്-19 കേസുകൾ

വിംബിൾഡൺ യാഥാർഥ്യമാക്കാൻ ഒപ്പം നിൽക്കുന്ന ബ്രിട്ടണിലെ പൊതുജനങ്ങളും, വിദേശ പ്രതിനിധികളും, വളണ്ടിയർമാരും അടക്കമുള്ളവരുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കുമാണ് പ്രഥമ പരിഗണന നൽകുന്നത്. ലോകത്താകെ വ്യാപിച്ച ഈ വെല്ലുവിളി നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങളോടും തങ്ങൾക്ക് ഉത്തരവാദിത്തമുണ്ട്. വിംബിൾഡൺ പബ്ലിക്ക് ബാലറ്റ് വഴി ചാമ്പ്യൻഷിപ്പിന് ടിക്കറ്റെടുത്തവർക്ക് പണം തിരികെ നൽകും. ഇതിനൊപ്പം അടുത്ത വർഷത്തേക്കുള്ള ടിക്കറ്റ് വാങ്ങുന്നതിനും അവസരം നൽകുമെന്നും എഇഎൽടിസി വ്യക്തമാക്കി.

1877ൽ ആരംഭിച്ച വിംബിൾഡൺ രണ്ടു ലോക മഹായുദ്ധങ്ങളുടെ സമയത്ത് മാത്രമാണ് ഇതിനു മുൻപ് റദ്ദാക്കിയത്. ഒന്നാം ലോക മഹായുദ്ധത്തെത്തുടർന്ന് 1915നും 18നും ഇടയിലും രണ്ടാം ലോക മഹായുദ്ധത്തെത്തുടർന്ന് 1940നും 45നും ഇടയിലും.

അതേസമയം ജൂലെെ 13 വരെയുള്ള ടെന്നിസ് മത്സരങ്ങൾ മാറ്റിവയ്ക്കാൻ വിമൺസ് ടെന്നീസ് അസോസിയേഷനും, ടെന്നിസ് പ്രൊഫഷനൽസ് അസോസിയേഷനും സംയുക്തമായി തീരുമാനിച്ചു. നേരത്തേ ജൂൺ 06 വരെയുള്ള മത്സരങ്ങൾ എടിപിയും ഡബ്ല്യുടിഎയും മാറ്റിവച്ചിരുന്നു.

Also Read: കോവിഡ് -19: രോഗ കാലത്ത് ആരും വർഗീയ വിളവെടുപ്പ് നടത്തരുത്- മുഖ്യമന്ത്രി

വിംബിൾഡൺ മാറ്റിവച്ചെങ്കിലും മറ്റൊരു ഗ്രാൻഡ് സ്ലാം ചാമ്പ്യൻഷിപ്പായ യുഎസ് ഓപ്പൺ മാറ്റി വയ്ക്കുമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം പുറത്തു വന്നിട്ടില്ല. ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 13 വരെയാണ് ഇത്തവണത്തെ യുഎസ് ഓപ്പൺ. കോവിഡുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ വിലയിരുത്തുകയാണെന്നും ഏത് സാഹചര്യവും നേരിടാൻ തയ്യാറാവുകയാണെന്നുമാണ് ഇക്കാര്യത്തിൽ യുഎസ് ടെന്നിസ് അസോസിയേഷൻറെ (യുഎസ് ടിഎ) പ്രതികരണം.

നേരത്തേ ഇത്തവണത്തെ ഫ്രഞ്ച് ഓപ്പൺ ടെന്നിസ് സെപ്തംബറിലേക്ക് മാറ്റിയിരുന്നു. മേയിൽ നടത്താൻ തീരുമാനിച്ച ചാമ്പ്യൻഷിപ്പ് കോവിഡ് ഭീഷണി കാാരണം സെപ്റ്റംബറിലേക്ക് മാറ്റുകയായിരുന്നു. ഈ വർഷം നടക്കേണ്ട ടോക്യോ ഒളിംപിക്സും കോവിഡ് ഭീഷണിയെത്തുടർന്ന് മാറ്റിവച്ചിരുന്നു. 2021ലേക്കാണ് ഒളിംപിക്സ് മാറ്റിയത്. യുവേഫ യൂറോപ്യൻ ചാമ്പ്യൻഷിപ്പ് അടക്കമുള്ള ഫുട്ബോൾ മത്സരങ്ങളും നീട്ടിവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്.

Read in English: Wimbledon cancelled for the first time since World War II due to pandemic

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook