ന്യൂഡൽഹി: ലോകത്താകമാനം പടർന്ന് പിടിക്കുന്ന കൊറോണ വൈറസ് ഇതിനോടകം കാൽ ലക്ഷത്തോളം അടുത്ത് ആളുകളുടെ ജീവനാണ് കവർന്നത്. ഇതിനിടയിൽ പല തരത്തിലുള്ള വ്യാജ വാർത്തകളും പ്രവചനങ്ങളും സമൂഹമാധ്യമങ്ങളിലും ചർച്ചയാകുന്നുമുണ്ട്. കൊറോണ വൈറസിനെക്കുറിച്ചും 2020ൽ രാജ്യം നേരിട്ടേക്കാവുന്ന മഹാമാരിയെക്കുറിച്ചുമെല്ലാം പ്രവചിക്കുന്നതും പ്രതിപാദിക്കുന്നതുമായ പുസ്തകങ്ങളും ലേഖനങ്ങളും ഇതിനോടകം തന്നെ നമ്മളിൽ പലരുടെയും ശ്രദ്ധയിൽ പെട്ടിട്ടുണ്ടാകം. അത്തരത്തിൽ കൊറോണ വൈറസിന്റെ ഉത്ഭവവും ആഘാതവും പ്രവചിക്കുന്ന ഒരു വെബ്സീരിസ് പരിചയപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യൻ താരം ഹർഭജൻ സിങ്.

നിലവിൽ നെറ്റ്ഫ്ലിക്സ് ലഭ്യമാകുന്ന കൊറിയൻ വെബ്സീരിസിന്റെ പ്രസക്ത ഭാഗവും പങ്കുവച്ചുകൊണ്ടാണ് ഹർഭജന്റെ ട്വീറ്റ്. ‘മൈ സീക്രട്ട് ടെരിയൂസ്’ എന്ന വെബ് സീരിസിലാണ് കൊറോണ വൈറസിനെക്കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും പറയുന്നത്. ഇതെല്ലാം കണ്ട താരത്തിന് ഒരു സംശയവും ബാക്കിയുണ്ട്, ഇതെല്ലാം മനഃപൂർവ്വമായിരുന്നോ?

“ഇത് രസകരമായി തോന്നുന്നു, നിങ്ങൾ വീട്ടിലാണെങ്കിൽ ഇപ്പോൾ തന്നെ നെറ്റ്ഫ്ലീക്സിൽ കയറൂ….‘മൈ സീക്രട്ട് ടെരിയൂസ് എന്ന് ടൈപ്പ് ചെയ്ത് സീസൺ ഒന്നിലെ 10-ാം എപ്പിസോഡിലേക്ക് പോകൂ. കൃത്യമായി പറഞ്ഞാൽ ആ എപ്പിസോഡിന്റെ 53-ാം സെക്കൻഡ് മുതൽ കാണൂ (ഈ സീസൺ 2018ൽ പുറത്തിറങ്ങിയതാണ്. നമ്മൾ ഇപ്പോൾ ജീവിക്കുന്നത് 2020ലും). ഇത് ഞെട്ടിക്കുന്നു. എല്ലാം മനഃപൂർവമായിരുന്നോ? ”

ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ ഏറെ പ്രചരിക്കപ്പെട്ട വീഡിയോ കൂടുതൽ ആളുകളിലേക്ക് എത്തിച്ചിരിക്കുകയാണ് താരം. കൊറോണ വൈറസിനെക്കുറിച്ചും അതുണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ഒരു ഡോക്ഡർ സ്ത്രീയോട് വിവരിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. മനുഷ്യന്റെ ശ്വാസകോശത്തെ ബാധിക്കുന്ന വൈറസിന് ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ലെന്നും അത് പ്രയാസമാണെന്നും വീഡിയോയിൽ പറയുന്നതും വ്യക്തമാണ്.

Also Read: കോവിഡിനെതിരായ ചെറുത്തു നിൽപ്പ്; സച്ചിൻ 50 ലക്ഷം രൂപ സംഭാവന നൽകി

മരണനിരക്ക് 90 ശതമാനത്തിലേക്ക് ഉയർത്താൻ ചിലർ ഈ വൈറസിനെ വഴിതിരിച്ചുവിടുകയാണെന്നും ഡോക്ടർ മുന്നറിയിപ്പു നൽകുന്നു. മാത്രമല്ല, വൈറസ് സജീവമാകാനെടുക്കുന്ന കാലയളവിലുമുണ്ട് സമാനത. 2 മുതൽ 14 ദിവസം വരെയാണ് വൈറസിന്റെ കാലയളവെങ്കിലും ചിലർ അതിനെ ദുരുപയോഗിച്ച് അഞ്ച് മിനിറ്റിനുള്ളിൽ ശ്വാസകോശത്തെ ബാധിക്കുന്ന തരത്തിലാക്കിയെന്നും ഡോക്ടർ പറയുന്നു.

ഇന്ത്യൻ താരത്തെ പോലെ തന്നെ നിരവധി ആളുകളാണ് സമാന ചോദ്യമുയർത്തിയിരിക്കുന്നത്. 1981 ല്‍ സസ്‌പെന്‍സ് ത്രില്ലറുകളുടെ രചയിതാവ് അമേരിക്കക്കാരനായ ഡീന്‍ കൂന്ത്സ് തന്റെ പുസ്തകത്തില്‍ കൊറോണയ്ക്കു സമാനമായ വൈറസിനെക്കുറിച്ച് പറയുന്നുണ്ട്. ചൈനയിലെ വുഹാന്‍ നഗരത്തിലെ ഒരു ലാബിലാണ് വൈറസ് പിറവിയെടുത്തതെന്നും ഡീന്‍ എഴുതുന്നു. കൊറോണ വൈറസിന്റെ ഉത്ഭവവും വുഹാനിൽ തന്നെ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook