ലണ്ടൻ: കോവിഡ്-19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്, ടി20 ലോകകപ്പ് മത്സരങ്ങളുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നു. ടി-20 ലോകകപ്പിന്റെയും 2023ൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിന്റെയും യോഗ്യതാ മത്സരങ്ങൾ കോവിഡ് ഭീഷണിയെത്തുടർന്ന് ഐസിസി അംഗരാജ്യങ്ങൾ റദ്ദാക്കിയിരുന്നു. ജൂൺ 30വരെയുള്ള എല്ലാ യോഗ്യതാ മത്സരങ്ങളും ഐസിസി നീട്ടിവയ്ക്കുകയും ചെയ്തിട്ടുണ്ട്.

ഈ വർഷം ഒക്ടോബർ 18 മുതൽ നവംബർ 15വരെ ഓസ്ട്രേലിയയിലാണ് ടി-20 ലോകകപ്പ്. മത്സരം മുൻ നിശ്ചയിച്ച പ്രകാരം ഒക്ടോബറിൽ നടത്താൻ കഴിയുമെന്ന് ഐസിസി ഉദ്യോഗസ്ഥർ പ്രതീക്ഷ പ്രകടിപ്പിക്കുന്നുണ്ട്. അതേസമയം, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് നിലവിൽ പ്രാധാന്യം നൽകേണ്ടെന്ന നിലപാടാണ് ഐസിസി സ്വീകരിക്കുന്നത്.

Also Read: കോവിഡിനെതിരായ ചെറുത്തു നിൽപ്പ്; സച്ചിൻ 50 ലക്ഷം രൂപ സംഭാവന നൽകി

ഇംഗ്ലണ്ട്- വെസ്റ്റ് ഇൻഡീസ്, ബംഗ്ലാദേശ്- ഓസ്ട്രേലിയ, ഇംഗ്ലണ്ട്- പാക്കിസ്ഥാൻൻ പരമ്പരകളാണ് ഈ വർഷം ജൂണിനും ഓഗസ്റ്റിനുമിടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി നടത്താനിരിക്കുന്നത്. ഇംഗ്ലണ്ടിലും ബംഗ്ലാദേശിലുമായാണ് മത്സരങ്ങൾ. മേയ് 28വരെ രാജ്യത്തെ എല്ലാ ക്രിക്കറ്റ് മത്സരങ്ങളും നിർത്തിവയ്ക്കാൻ ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചിട്ടുണ്ട്. ജൂൺ നാലു മുതൽ എട്ടുവരെയാണ് ഓവലിൽ ഇംഗ്ലണ്ട്- വിൻഡീസ് ആദ്യ ടെസ്റ്റ്. ജൂൺ 12 മുതൽ 16വരെ എഡ്ഗ്ബാസ്റ്റണിൽ രണ്ടാം ടെസ്റ്റ്. ജൂൺ 25 മുതൽ 29 വരെ ലോർഡ്സിലാണ് മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ അവസാന ടെസ്റ്റ്. മൂന്ന് മത്സരങ്ങളും മാറ്റിവയ്ക്കുന്നതിന് സാധ്യതയുള്ളതായാണ് സൂചനകൾ.

ജൂൺ 11നാണ് ബംഗ്ലാദേശ്- ഓസീസ് പരമ്പര ആരംഭിക്കുന്നത്. ജൂൺ 23ന് അവസാനിക്കും. ചിറ്റഗോങ്ങിലും മിർപൂരിലുമായി രണ്ട് മത്സരങ്ങളാണ് പമ്പരയിൽ. ഇവ മാറ്റിവയ്ക്കുമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം വന്നിട്ടില്ല. പരമ്പരകൾ മാറ്റിയാൽ ചാമ്പ്യൻഷിപ്പിന്റെ ആകെ സമയക്രമത്തെ ബാധിക്കും. കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് ആരംഭിച്ച ആദ്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് 2021 ജൂണിൽ അവസാനിക്കുന്ന വിധത്തിലാണ് ക്രമീകരിച്ചിരുന്നത്.

Also Read: ഇത് ഞെട്ടിപ്പിക്കുന്നു; 2018ൽ കൊറോണ പ്രവചിച്ച നെറ്റ്ഫ്ലിക്സ് സീരിസ് പരിചയപ്പെടുത്തി ഹർഭജൻ സിങ്

ചാമ്പ്യൻഷിപ്പിന്റെ ഭാഗമായുള്ള  ശ്രീലങ്ക – ഇംഗ്ലണ്ട് പരമ്പര കോവിഡ് ഭീഷണി കാരണം ഉപേക്ഷിച്ചിരുന്നു. മാർച്ച് 19നും 27നും ആരംഭിക്കുന്ന തരത്തിൽ രണ്ടു മത്സരങ്ങളായിരുന്നു പരമ്പരയിൽ. പാക്കിസ്ഥാൻ- ബംഗ്ലാദേശ് പരമ്പരയിൽ ഏപ്രിൽ അഞ്ചിലെ രണ്ടാം ടെസ്റ്റും ഉപേക്ഷിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം നടന്ന ആദ്യ ടെസ്റ്റ് പാക്കിസ്ഥാൻ നേടിയിരുന്നു. നിലവിൽ 360 പോയിന്റുമായി ഇന്ത്യയാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഒന്നാമത്. 296 പോയിന്റോടെ ഓസ്ട്രേലിയയാണ് രണ്ടാമത്.

ഐസിസിയുടെ ബോർഡ് മീറ്റിങ് ഈ ഞായറാഴ്ച ചേരുന്നുണ്ട്. എന്നാൽ വീഡിയോ കോൺഫറൻസിങ് വഴി ചേരുന്ന യോഗത്തിൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ചർച്ചയാവില്ലെന്നാണ് സൂചന. കോവിഡുമായി ബന്ധപ്പെട്ട ആഗോള സാഹചര്യം നിരീക്ഷിച്ച ശേഷമാവും ഇനിയങ്ങോട്ടുള്ള കാര്യങ്ങൾ തീരുമാനിക്കുകയെന്ന് ഐസിസി ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ടി20 ലോകകപ്പ് വേദിയായ ഓസ്ട്രേലിയയിൽ കോവിഡിന്റെ പശ്ചാത്തലത്തിൽ യാത്രാ വിലക്ക് നിലനിൽക്കുന്നുണ്ട്. പുറത്തുനിന്നുള്ളവർ രാജ്യത്ത് പ്രവേശിക്കാതിരിക്കുന്നതിനുള്ള വിലക്ക് ആറ് മാസമോ അതിലധികമോ നീണ്ടുപോവാൻ സാധ്യതയുണ്ട്. എന്നാൽ നിലവിലെ സ്ഥിതഗതികൾ നിരീക്ഷിച്ചു വരികയാണെന്നും ലോകകപ്പ് മാറ്റിവയ്ക്കേണ്ട സാഹചര്യമുണ്ടാവില്ലെന്നുമാണ് ടൂർണമെന്റ് നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരിൽ നിന്നുള്ള പ്രതികരണം.

Read in English: Cricket ready with eraser: World Test Championship might see a rewrite, T20 World Cup likely to be scrapped

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook