scorecardresearch

“അടച്ചിട്ട സ്റ്റേഡിയത്തിലെ മത്സരങ്ങൾ എനിക്ക് ബുദ്ധിമുട്ടായിരിക്കും”- റോജർ ഫെഡറർ

“ഒഴിഞ്ഞ സ്റ്റേഡിയത്തിലെ മത്സരത്തെക്കുറിച്ച് ചിന്തിക്കാൻ കൂടി കഴിയില്ല”

US Open,യുഎസ് ഓപ്പൺ, roger federer, റോജർ ഫെഡറർ, Novok Djokovic, നൊവോക് ജോക്കോവിച്ച്, ie malayalam, ഐഇ മലയാളം

കോവിഡ്-19 രോഗവ്യാപനത്തെത്തുടർന്ന് നിർത്തിവച്ച ടെന്നീസ് മത്സരങ്ങൾ പുനരാരംഭിക്കാൻ പ്രൊഫഷനൽ ടെന്നീസ് അസോസിയേഷനുകൾ ശ്രമം തുടരുന്നതിനിടെ അടച്ചിട്ട സ്റ്റേഡിയങ്ങളിൽ കളിക്കുന്നതിനെക്കുറിച്ചുള്ള അഭിപ്രായം വ്യക്തമാക്കി റോജർ ഫെഡറർ.

കോവിഡിനെത്തുടർന്നുള്ള ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ രണ്ടുമാസം പിന്നിട്ടതോടെ ലോകത്ത് കായിക മത്സരങ്ങൾ പുനരാരംഭിച്ചുകൊണ്ടിരിക്കുകയാണ്. ജർമൻ ഫുട്ബോൾ ലീഗായ ബുണ്ടസ് ലിഗയിലെ മത്സരം കഴിഞ്ഞ വാരം അടച്ചിട്ട സ്റ്റേഡിയത്തിൽ സാമൂഹിക അകല ചട്ടങ്ങൾ പാലിച്ച് നടത്തിയിരുന്നു. ക്രിക്കറ്റിൽ കരീബിയൻ ലീഗായ വിൻസി പ്രീമിയർ ലീഗിലെ മത്സരങ്ങളും കാണികളില്ലാത്ത സ്റ്റേഡിയത്തിൽ നടക്കുന്നുണ്ട്.

Read More: പ്രീമിയർ ലീഗും ഉടൻ ആരംഭിച്ചേക്കും; ടീമുകൾ പരിശീലനത്തിന്

കോവിഡ് വ്യാപനത്തെത്തുടർന്ന് വിംബിൾഡൺ ടെന്നീസ് ഗ്രാൻഡ്സ്ലാം ചാംപ്യൻഷിപ്പ് ഈ വർഷം റദ്ദാക്കിയിരുന്നു. ഏപ്രിലിലായിരുന്നു ചാമ്പ്യൻഷിപ്പ് നടക്കേണ്ടിയിരുന്നത്. മാറ്റിവച്ച ഗ്രാൻഡ്സ്ലാം ചാംപ്യൻഷിപ്പുകളായ ഫ്രഞ്ച് ഓപ്പണും യുഎസ് ഓപ്പണും ഈ വർഷം അവസാനത്തോടെ നടത്തിയേക്കും.

ആരാധകരില്ലാതെ അടച്ചിട്ട സ്റ്റേഡിയത്തിൽ കളിക്കുന്നതിൽ പ്രശ്നമൊന്നുമില്ലെന്ന തരത്തിൽ ലോക ഒന്ന്, രണ്ട് സീഡ് താരങ്ങളായ നൊവാക് ജോകോവിച്ചും റാഫേൽ നദാലും അടുത്തിടെ നിലപാട് അറിയിച്ചിരുന്നു. എന്നാൽ ഇതിന് വിരുദ്ധമായ അഭിപ്രായമാണ് 20 ഗ്രാൻഡ്സ്ലാം കിരീടങ്ങൾ സ്വന്തമാക്കിയ റോജർ ഫെഡറർ ഇപ്പോൾ അറിയിച്ചിട്ടുള്ളത്.

“ഒഴിഞ്ഞ സ്റ്റേഡിയത്തിൽ കളിക്കുന്നത് എനിക്ക് ചിന്തിക്കാൻ കൂടി കഴിയില്ല, ഞാൻ വിജയിക്കില്ല, അത് ഒരിക്കലും നടക്കില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. പരീശീലനം നടത്തുമ്പോൾ അവിടെ ആരുമുണ്ടാവില്ല, പക്ഷേ മത്സരം അതുപോലെയല്ല, തികച്ചും വ്യത്യസ്തമാണ്”- ഫെഡറർ പറഞ്ഞു.

Read More: ഫുട്ബോളിന് പിന്നാലെ ക്രിക്കറ്റ് മൈതാനങ്ങളും ഉണരുന്നു; ഓസ്ട്രേലിയയിൽ ജൂൺ ആറ് മുതൽ മത്സരങ്ങൾ

“ഇത് നടപ്പാക്കാൻ പറ്റുന്ന കാര്യമാണെന്നത് തീർച്ചയാണ്, എന്നാൽ നല്ല സാഹചര്യങ്ങളോടു കൂടിയ ഉചിതമായ നിമിഷത്തിനായി കാത്തിരിക്കണമെന്നാണ് ഞാൻ ചിന്തിക്കുന്നത്, ചുരുങ്ങിയത് സ്റ്റേഡിയത്തിൽ മൂന്നിലൊന്ന് കാണികളെ ഉൾപ്പെടുത്താൻ പറ്റുന്നത്ര വരെയെങ്കിലും. അടച്ചിട്ട സ്റ്റേഡിയത്തിൽ പ്രധാന മത്സരങ്ങൾ കളിക്കുന്നത് എനിക്ക് ബുദ്ധിമുട്ടായിരിക്കും”- 38കാരനായ താരം പറഞ്ഞു.

സംപ്രേഷണ കരാർ സംബന്ധിച്ചും കുറഞ്ഞ റാങ്കിലുള്ള കളിക്കാരുടെ വരുമാനം സംബന്ധിച്ചുമുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി അടച്ചിട്ട സ്റ്റേഡിയത്തിൽ മത്സരങ്ങൾ പുനരാരംഭിക്കാനാണ് ടെന്നീസ് അസോസിയേഷനുകൾ ശ്രമിക്കുന്നത്. ഈ സീസണിലെ സമയക്രമം പുതുക്കുന്നത് സംബന്ധിച്ച് ഫ്രഞ്ച് ടെന്നിസ് ഫെഡറേഷൻ അസോസിയേഷൻ ഓഫ് ടെന്നിസ് പ്രൊഫഷനൽസ്, വുമൺസ് ടെന്നിസ് അസോസിയേഷൻ, ഇൻറർനാഷനൽ ടെന്നിസ് ഫെഡറേഷൻ പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നു.

Read More:‘It would be difficult for me to play behind closed doors’: Roger Federer

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Coronavirus tennis sports restart roger federer behind closed doors opposition