മെൽബൺ: കോവിഡ്-19 ഭീഷണിയുടെ സാഹചര്യത്തിൽ ഇത്തവണത്തെ ഐപിഎൽ ഉപേക്ഷിക്കുമോ എന്ന കാര്യത്തിൽ അനിശ്ചിത്വം തുടരവേ ഇക്കാര്യത്തിൽ പ്രതികരണമറിയിച്ച് ഓസ്ട്രേലിയൻ ഓൾ റൗണ്ടർ ഗ്ലെൻ മാക്സ്വെൽ. ഇന്ത്യൻ പ്രീമീയർ ലീഗ് നിലവിൽ കോവിഡിന്റെ പശ്ചാത്തലത്തിൽ നീട്ടിവച്ചിരിക്കുകയാണ്. ടൂർണമെന്റ് പൂർണമായും ഉപേക്ഷിക്കുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഈ സാഹചര്യത്തിൽ അടച്ചിട്ട സ്റ്റേഡിയത്തിൽ കാണികളില്ലാതെ മത്സരം നടത്താൻ പറ്റില്ലേയെന്ന തരത്തിലാണ് മാക്സ് വെല്ലിന്റെ പ്രതികരണം.
Also Read: ഐപിഎൽ ഉപേക്ഷിച്ചാൽ ബിസിസിഐയ്ക്ക് നഷ്ടം 2,000 കോടി
ഐപിഎൽ അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്താം പക്ഷേ ടി20 ലോകകപ്പ് അങ്ങനെയല്ലെന്ന് മാക്സ്വെൽ പറഞ്ഞു. ലോകകപ്പിന് കാണികളുടെ വലിയ കൂട്ടം വേണം. പക്ഷേ ഐപിഎൽ അങ്ങനെയല്ലാതെ നടത്താം. – മാക്സ്വെൽ അഭിപ്രായപ്പെട്ടു.ഐപിഎല്ലിനു പുറമേ ഈ വർഷം നടക്കേണ്ട ട്വന്റി ട്വന്റി ലോകകപ്പിന്റെ കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്.
ഈ വർഷം ഒക്ടോബർ 18 മുതൽ നവംബർ 15വരെ ഓസ്ട്രേലിയയിലാണ് ടി-20 ലോകകപ്പ് നടക്കേണ്ടത്. എന്നാൽ കോവിഡ് ഭീഷണി കാരണം മത്സരം നടത്താനാവുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. മത്സരം മുൻ നിശ്ചയിച്ച പ്രകാരം ഒക്ടോബറിൽ നടത്താൻ കഴിയുമെന്ന് ഐസിസി ഉദ്യോഗസ്ഥർ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. ടി20 ലോകകപ്പ് വേദിയായ ഓസ്ട്രേലിയയിൽ കോവിഡിന്റെ പശ്ചാത്തലത്തിൽ യാത്രാ വിലക്ക് നിലനിൽക്കുന്നുണ്ട്. പുറത്തുനിന്നുള്ളവർ രാജ്യത്ത് പ്രവേശിക്കാതിരിക്കുന്നതിനുള്ള വിലക്ക് ആറ് മാസമോ അതിലധികമോ നീണ്ടുപോവാൻ സാധ്യതയുണ്ട്.
Also Read: ഇന്ത്യൻ നായകൻ; കോഹ്‌ലിയുടെ പിൻഗാമികളാകാൻ സാധ്യതയുള്ള മൂന്ന് താരങ്ങൾ ഇവർ
നേരത്തേ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായുള്ള മത്സരങ്ങൾ കോവിഡ് ഭീഷണിയെത്തുടർന്ന് മാറ്റിവച്ചിരുന്നു. ജൂണിൽ നടക്കേണ്ട ബംഗ്ലാദേശ്-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയാണ് ഏറ്റവും ഒടുവിൽ മാറ്റിവച്ചത്. ജൂൺ 11 മുതൽ ജൂൺ 23വരെയായിരുന്നു ഓസീസ്-ബംഗ്ലാദേശ് പരമ്പര നടക്കേണ്ടിയിരുന്നത്. ബംഗ്ലാദേശിലെ ചിറ്റഗോങ്ങിലും മിർപൂരിലുമായി രണ്ട് മത്സരങ്ങളാണ് പമ്പരയിൽ.
കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് ആരംഭിച്ച ആദ്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് 2021 ജൂണിൽ അവസാനിക്കുന്ന വിധത്തിലാണ് ക്രമീകരിച്ചിരുന്നത്. കോവിഡിനെത്തുടർന്ന് പരമ്പരകൾ മാറ്റുന്നത് ചാമ്പ്യൻഷിപ്പിന്റെ ആകെ സമയക്രമത്തെ ബാധിക്കും.ചാമ്പ്യൻഷിപ്പിന്റെ ഭാഗമായുള്ള ശ്രീലങ്ക – ഇംഗ്ലണ്ട് പരമ്പര കോവിഡ് ഭീഷണി കാരണം ഉപേക്ഷിച്ചിരുന്നു. മാർച്ച് 19നും 27നും ആരംഭിക്കുന്ന തരത്തിൽ രണ്ടു മത്സരങ്ങളായിരുന്നു പരമ്പരയിൽ. പാക്കിസ്ഥാൻ- ബംഗ്ലാദേശ് പരമ്പരയിൽ ഏപ്രിൽ അഞ്ചിലെ രണ്ടാം ടെസ്റ്റും ഉപേക്ഷിച്ചിരുന്നു. പരമ്പരയിൽ ഫെബ്രുവരിയിൽ നടന്ന ആദ്യ ടെസ്റ്റ് പാക്കിസ്ഥാൻ നേടിയിരുന്നു. നിലവിൽ 360 പോയിന്റുമായി ഇന്ത്യയാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഒന്നാമത്. 296 പോയിന്റോടെ ഓസ്ട്രേലിയയാണ് രണ്ടാമത്.
Read in English: ‘IPL can be held without crowd, T20 World Cup can’t’: Glenn Maxwell