കൊറോണ വൈറസ് ബാധിച്ചപ്പോൾ താൻ ശ്വാസമെടുക്കാൻ വരെ ബുദ്ധിമുട്ടിയെന്നു യുവന്റസ് മുന്നേറ്റ നിര താരം പൗലൊ ഡിബാല. ഇപ്പോൾ തന്റെ ആരോഗ്യനില മെച്ചപ്പെട്ടതായും താരം അറിയിച്ചു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെത്തുടർന്ന് ഡിബാല പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്.
“ശക്തമായ ആരോഗ്യ പ്രശ്നങ്ങൾ എനിക്കുണ്ടായിരുന്നു, എന്നാൽ ഇന്ന് ഞാൻ മെച്ചപ്പെട്ട അവസ്ഥയിലാണ്. ഇപ്പോൾ എനിക്ക് നടക്കാനും വ്യായാമം ചെയ്യാനും കഴിയുന്നുണ്ട്.. എന്നാൽ ഏതാനും ദിവസം മുൻപ് അതിനെല്ലാം ശ്രമിച്ചപ്പോൾ ശ്വാസമെടുക്കാൻ പോലും ബുദ്ധിമുട്ടുകയായിരുന്നു. എന്റെ പേശികൾ വേദനിച്ചിരുന്നു”- ഡിബാല പറഞ്ഞു. യുവന്റസ് ടിവി ചാനലാണ് 26കാരനായ താരത്തിന്റെ പ്രതികരണം പുറത്തുവിട്ടത്.
യുവന്റസിനു പുറമേ ഇറ്റാലിയൻ ലീഗിലെ മറ്റു ക്ലബ്ബുകളിലുള്ള താരങ്ങൾക്കും രോഗബാധ കണ്ടെത്തിയിരുന്നു. മാർച്ച് 9 മുതൽ ഇറ്റാലിയൻ ലീഗ് നിർത്തിവച്ചിരുന്നു.
Read in English: Paulo Dybala says coronavirus left him struggling for breath