ജിനാൻ: കായിക ലോകത്തെയും വിടാതെ പിടികൂടിയിരിക്കുകയാണ് കൊറോണ വൈറസ്. യുവന്റസിന്റെ ഡിബാല ഉൾപ്പടെയുള്ള സൂപ്പർ താരങ്ങൾക്ക് കോവിഡ്-19 സ്ഥിരീകരിച്ചതിന് പിന്നാലെ കൂടുതൽ താരങ്ങൾ നിരീക്ഷണത്തിലാണ്. ഇതിനിടയിലാണ് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മൗറോൻ ഫെലൈനിക്കും വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. നിലവിൽ ചൈനീസ് സൂപ്പർ ലീഗിൽ കളിക്കുന്ന താരത്തിന് ചൈനയിൽ വച്ചാണ് വൈറസ് സ്ഥിരീകരിച്ചത്.

ചൈനയിലെ ജിനാൻ പ്രവശ്യയിൽ മാർച്ച് 20ന് ട്രെയിൻ മാർഗം എത്തിയ താരത്തിന്റെ പരിശോധന ഫലം പോസിറ്റീവ് ആകുകയായിരുന്നു. ബെൽജീയം ദേശീയ ടീമിന് വേണ്ടിയടക്കം മിന്നും പ്രകടനം കാഴ്ചവച്ചിട്ടുള്ള മിഡ്ഫീൾഡറാണ് ഫെലൈനി. മൊറോക്കൻ വംശജനാണെങ്കിലും ബെൽജീയത്തിന് വേണ്ടിയാണ് ഫെലൈനി കളിച്ചിട്ടുള്ളത്. ബെൽജിയത്തിന്റെ കുപ്പായത്തിൽ 87 മത്സരങ്ങൾ കളിച്ച താരം രണ്ട് ലോകകപ്പിലും പന്ത് തട്ടിയിട്ടുണ്ട്.

Also Read: യുവന്റസ് താരം പൗലോ ഡിബാലെയ്ക്ക് കോവിഡ്-19; താരം സ്വയം നിരീക്ഷണത്തിൽ

പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റിഡിനുവേണ്ടിയും എവർട്ടണിനും വേണ്ടിയും കളിച്ചിട്ടുള്ള ഫെലൈനി കഴിഞ്ഞ വർഷമാണ് രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിച്ചത്.

അതേസമയം സ്‌പെയിനിൽ വൈറസ് ബാധയിൽ മരിച്ചവരിൽ മുൻ റയൽ മാഡ്രിഡ് പ്രസിഡന്റും. ലോറൻസോ സാൻസാണ് കൊറോണ മൂലം മരണപ്പെട്ടത്. 76 കാരനായ ലോറൻസോ 1995 മുതൽ 2000 വരെ അഞ്ചു വർഷക്കാലം റയൽ മാഡ്രിഡ് പ്രസിഡന്റായിരുന്നു.

Also Read: ‘ഇനിയൊരു മടങ്ങിവരവ് ഉണ്ടാകില്ല ശശ്യേ’; ധോണിയുടെ ഭാവിയെക്കുറിച്ച് ഗവാസ്കർ

നേരത്തെ യുവന്റസിന്റെ അർജന്റിനിയൻ താരം പൗലോ ഡിബാലയ്ക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നു. തനിക്കും പങ്കാളിയായ ഒറിയാന സബാറ്റിനിയ്ക്കും രോഗം സ്ഥിരീകരിച്ചതായി ഡിബാല ട്വിറ്ററിലൂടെ അറിയിച്ചു. ഡിഫെൻഡർ ഡാനിയേൽ റുഗാനി, മിഡ്ഫീൽഡർ ബ്ലെയ്സ് മാറ്റ‌്യൂഡിക്ക് എന്നിവർക്ക് ശേഷം രോഗം ബാധിക്കുന്ന മൂന്നാമത്തെ യുവന്റസ് കളിക്കാരനാണ് ഡിബാല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook