ലോക്ക്ഡൗണിനു വിസില്‍ ഉയര്‍ന്നതു മുതല്‍ തൃശൂരിലെ വീട്ടിലിരിപ്പാണു രാജ്യം കണ്ട എക്കാലത്തെയും മികച്ച ഫുട്ബോളര് ഐ.എം.വിജയന്. നാല് പതിറ്റാണ്ടായി ഫുട്ബോളിനു പുറകെ മാത്രം പാഞ്ഞിരുന്ന താരം വളരെക്കാലത്തിനുശേഷമാണ് ഇത്രയും ദിവസം വീട്ടിലിരിക്കുന്നത്. കേരള പൊലീസില്‍ സിഐയാണെങ്കിലും സേനയിലെ ഫുട്ബോള്‍ ടീമിന്റെ പരിശീലകനായതിനാല്‍ അദ്ദേഹത്തിനു ഡ്യൂട്ടിയില്ല.
17 വര്‍ഷം മുമ്പ് ഫുട്ബോളില്‍നിന്നും വിരമിച്ചശേഷം പരിശീലകനായ രാജ്യത്തിന്റെ ‘കറുത്ത മാനി’നു 25നാണ് 50 വയസ് തികഞ്ഞത്. ലോക്ക്ഡൗണിലായതിനാല്‍ പിറന്നാള്‍ ആഘോഷമൊന്നുമുണ്ടായില്ല. എന്നാല്‍ പിറന്നാള്‍ കാലം പ്രിയപ്പെട്ടവര്‍ക്കൊപ്പം വീട്ടിലാണെന്നത് ‘അതിമധുര’മാണു വിജയന്.
എങ്ങനെ വീട്ടില്‍ ഇരിക്കാമെന്ന നല്ലൊരു ശീലം ലോക്ക്ഡൗണ്‍ പഠിപ്പിച്ചുവെന്നു വിജയന് പൊട്ടിച്ചിരിയോടെ പറയുന്നു.
”ആദ്യമായിട്ടാണു വീട്ടില്‍ അടങ്ങിയൊതുങ്ങിയിരിക്കുന്നത്. ഇങ്ങനെയൊന്ന് എന്റെ സ്വഭാവത്തിലുള്ള കാര്യമായിരുന്നില്ല. ഇത്രയും കാലം പറന്നു നടക്കുകയായിരുന്നു. ഭാര്യയോടും മക്കളോടും കൂടെ ഇരിക്കാനുള്ള ശീലം പഠിച്ചു. അവര്‍ക്കൊപ്പം രണ്ടു മാസം വീട്ടില്‍ ചെലഴിക്കാന്‍ കഴിഞ്ഞതു വലിയൊരു അനുഭവമാണ്,” അദ്ദേഹം പറഞ്ഞു.
Read Also: ആധി ഒഴിയുന്നില്ല മനസ്സിൽ നിന്നും; ലോക്ക്ഡൗൺ ജീവിതത്തെ കുറിച്ച് ഇന്ദ്രൻസ്
ജീവിതത്തിന്റെ ഏറെക്കാലവും ഫുട്ബോളിനു പുറകെ കറങ്ങിയിരുന്ന വിജയനിപ്പോള്‍ ‘അപ്പൂപ്പന്’ കളിയാണ് ഏറെ ഇഷ്ടപ്പെടുന്നത്. രണ്ടര വയസുകാരി പേരക്കുട്ടിക്കൊപ്പമുള്ള നിമിഷങ്ങള്‍, 1999 സാഫ് കപ്പില്‍ ഭൂട്ടാനെതിരായ 12-ാം സെക്കന്ഡിലെ ഗോളിനേക്കാളും കോഴിക്കോട് സ്റ്റേഡിയത്തിലെ ‘സിസര്‍ കട്ട്’ ഗോളിനേക്കാളും വിജയന്റെ ഹൃദയത്തിന്റെ വല കുലുക്കുന്നു.
”വീട്ടില്‍ ടൈംപാസുണ്ട്, പിള്ളാരുണ്ട്. ഇപ്പോള്‍ അപ്പൂപ്പനാണല്ലോ. കോഴിക്കോട്ടേക്കാണ് മകളെ വിവാഹം ചെയ്ത് അയച്ചത്. അവളും കുഞ്ഞും ഇപ്പോള്‍ വീട്ടിലുണ്ട്. പേരക്കുട്ടിക്കൊപ്പം ചെലവഴിക്കാന്‍ സമയം കിട്ടിയതാണ് ഏറെ സന്തോഷം,” അദ്ദേഹം പറയുന്നു.
ജീവിതത്തില്‍ ആദ്യമായാണ് ഇങ്ങനെ വീട്ടിലിരിക്കേണ്ട സംഭവം വരുന്നതെന്നു തൃശൂര്‍ കോര്പറേഷന് സ്റ്റേഡിയത്തിനു സമീപത്തെ കോളനിയില്‍ ജനിച്ച്, ഏറെ കഷ്ടപ്പാടുകള്‍ അനുഭവിച്ച് ‘കാലോ ഹരിൺ’ ആയി വളര്‍ന്ന വിജയന് പറയുന്നു.
”കോവിഡില്‍നിന്നു രക്ഷപ്പെടാന്‍ ഇതുതന്നെയല്ലേ മാർഗ്ഗം. മരുന്നൊന്നും കണ്ടുപിടിച്ചിട്ടില്ലല്ലോ. കേരളം സേഫായി നില്‍ക്കുന്നുണ്ട്. കേരളത്തെ കണ്ടു പഠിക്കൂയെന്നു മറ്റു സംസ്ഥാനങ്ങളും രാജ്യങ്ങളും പറയുന്നുമുണ്ട്. നമുക്കുവേണ്ടി ഡോക്ടര്‍മാരും നഴ്സുമാരും പൊലീസുകാരുമൊക്കെ കഠിനാധ്വാനം ചെയ്യുന്നുണ്ട്. അതൊരു വലിയ കാര്യമാണ്,” അദ്ദേഹം പറഞ്ഞു.
1982-ല്‍ തൃശൂരില്‍ സന്തോഷ് ട്രോഫി മത്സരങ്ങള്‍ നടക്കുമ്പോള്‍ സ്റ്റേഡിയത്തില്‍ പത്തുപൈസ കമ്മിഷനില്‍ സോഡ വിറ്റിരുന്നത് മുതല്‍ ഫുട്ബോള്‍ വിജയനൊപ്പമുണ്ട്. അന്ന് തുണികൊണ്ടുള്ള പന്തുതട്ടി തുടങ്ങിയ അദ്ദേഹം ഇന്നും ഫുട്ബോള്‍ കളിക്കുന്നു, കളിപഠിപ്പിക്കുന്നു. ഇപ്പോള്‍ മിസ് ചെയ്യുന്നതും കളിയാണ്.
Read Also: ചൂലും തൂമ്പയുമായി മുൻ കേന്ദ്രമന്ത്രി; ലോക്ക്ഡൗൺ ‘തൂത്തുവാരി’ അൽഫോൺസ് കണ്ണന്താനം
”മോന്റെ കൂടെ വീട്ടില്‍ പന്ത് തട്ടുന്നതൊഴിച്ചാല് കളിയുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും നടക്കുന്നില്ല. ടീമിനൊപ്പം നില്ക്കാന് പറ്റാത്തതും ക്യാംപ് നടത്താന്‍ പറ്റാത്തതുമൊക്കയാണ് ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത്. അതൊരു പ്രശ്നമാണ്. ലോക്ക്ഡൗണ്‍ കഴിഞ്ഞാല്‍ ഉടന്‍ പൊലീസ് ടീമിന്റെ അടുത്തേക്ക് എത്തണമെന്നതാണ് ആഗ്രഹം,” അര്‍ജുന പുരസ്കാര ജേതാവായ വിജയന് പറഞ്ഞു.
ഫുട്ബോള്‍ വാട്സാപ്പ് കൂട്ടായ്മകളില്‍ സജീവമായതുകൊണ്ട് ലോക്ക്ഡൗണ്‍ കാലത്ത് ഗുണം ലഭിച്ചുവെന്നാണു വിജയന്റെ പക്ഷം.
”ലെജന്‍ഡ്സ് ഗ്രൂപ്പ്, ഫുട്ബോള്‍ കിങ്സ് ഗ്രൂപ്പ് എന്നൊക്കെ പറഞ്ഞ് കുറേ ഗ്രൂപ്പുകളുണ്ട്. ഷറഫലി സാറും ഇന്ത്യന്‍ കളിക്കാരും മുന്‍കളിക്കാരും സംസ്ഥാന കളിക്കാരുമൊക്കെയുള്ള ഗ്രൂപ്പുകളാണ് ഇവയൊക്കെ. അതില്‍ ഫുട്ബോള്‍ സംബന്ധമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. കുറേസമയം അതില്‍ പോകുന്നുണ്ട്. അറിയാത്ത കുറെ കാര്യങ്ങള്‍ അതില്‍നിന്നു പഠിക്കുന്നുണ്ട്. നമുക്ക് അറിഞ്ഞുകൂടാത്ത കളിക്കാരെയും അവരുടെ മികവുകളും മനസിലാക്കാന്‍ കഴിയുന്നുണ്ട്.”
ലോക്ക്ഡൗണില്‍ സൂപ്പര്‍ മാര്‍ക്കറ്റുകളൊക്കെ ഉള്ളതിനാല്‍ വിജയനും കുടുംബത്തിനും ഭക്ഷണത്തിന്റെ പ്രശ്നമുണ്ടായിട്ടില്ല. പക്ഷേ, ലോക്ക്ഡൗണ്‍ നീണ്ട് ക്ഷാമത്തിലേക്കു നയിക്കുമോയെന്ന ആശങ്ക അദ്ദേഹത്തിനുണ്ട്.
”എന്നെയും വീട്ടുകാരെയും സംബന്ധിച്ചും പട്ടിണി പ്രശ്നമില്ല. കാരണം, ഞങ്ങള്‍ കഞ്ഞികുടിച്ച് വളര്‍ന്നവരാണ്. പട്ടിണിയെന്തെന്ന് അറിയാം. ശീലമുണ്ട്. പക്ഷേ, മക്കൾക്കു ഫീല്‍ ചെയ്തേക്കും. പോംവഴി കണ്ടത്തേണ്ടി വരും. എനിക്കു പട്ടിണിയെ അറ്റാക്ക് ചെയ്യാന്‍ പറ്റും. നമ്മള് കഷ്ടപ്പെട്ടു വന്നത് കാരണം അതിന്റെ വിലയറിയാം,”വിജയന് പറഞ്ഞു.
ഡൗണുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഹര്‍ത്താലും ബന്തുമൊക്കെ നിസാരമെന്നാണു വിജയന്റെ നിരീക്ഷണം. ”അതൊക്കെ ഒരു ദിവസം മാത്രമല്ലേയുള്ളൂ. ഇതു ടാക്കിള്‍ ചെയ്യാമെങ്കില്‍ അതിനെയൊക്കെ ടാക്കിള്‍ ചെയ്യാന്‍ എന്താണ് ബുദ്ധിമുട്ട്. ജീവിതത്തിലെ പ്രശ്നങ്ങളെ ഡിഫന്‍ഡ് ചെയ്യാനും ടാക്കിള്‍ ചെയ്യാനും കഴിയുമെന്ന് ആത്മവിശ്വാസമുണ്ട്. ഇപ്പോഴത്തെ തലമുറയ്ക്കും ഇതിലൂടെ ആ ആത്മവിശ്വാസം ലഭിക്കും,” അദ്ദേഹം പറഞ്ഞു.
18-ാം വയസില്‍ പൊലീസ് ടീമിനൊപ്പം ചേര്‍ന്നതോടെയാണു ഐ.എം.വിജയനെന്ന അയനിവളപ്പില്‍ മണി വിജയന്റെ ജീവിതം വഴിമാറിയൊഴുകുന്നത്. കൃത്യമായി പറഞ്ഞാല്‍ അദ്ദേഹം പതിനേഴര വയസില്‍ ടീമിലെത്തിയിരുന്നു. ആറ് മാസം അതിഥി താരമായിരുന്നു. വിജയന്നെ ഫുട്ബോള്‍ പ്രതിഭയ്ക്ക് മുന്നില്‍ കേരള സര്‍ക്കാരിന്റെ നിയമന നിയമങ്ങള്‍ വഴിമാറിനില്ക്കുകയായിരുന്നു.
കേരള പൊലീസില്‍നിന്ന് വളര്‍ന്ന് ഇന്ത്യന്‍ ക്യാപ്റ്റനിലേക്ക് എത്തിയ വിജയന് ദേശീയ ടീമിനായി 79 മത്സരത്തില്‍ 39 ഗോള്‍ നേടി. ക്ലബ് ഫുട്ബോളില്‍ ഉള്‍പ്പെടെ 330 മത്സരം കളിച്ച വിജയന്റെ മൊത്തം ഗോള്‍ സമ്പാദ്യം 250 ആണ്. 1987-ല്‍ കേരള പൊലീസ് ടീമില്‍ ചേര്‍ന്നതു മുതല്‍ 2006 വരെ ദേശീയ, സംസ്ഥാന ടീമുകളില്‍ പ്രധാന പങ്ക് വഹിച്ച വിജയന് കേരള പൊലീസ്, മോഹന്‍ ബഗാന്, ഈസ്റ്റ് ബംഗാള്‍, എഫ്സി കൊച്ചിന്, ചര്‍ച്ചില്‍ ബ്രദേഴ്സ്, ജെസിടി തുടങ്ങിയ പ്രമുഖ ടീമുകള്‍ക്കുവേണ്ടിയും കളിച്ചു.
കളിയില്‍നിന്ന് വിരമിച്ച ശേഷം സിനിമയിലും കൈവച്ച വിജയന് മലയാളത്തിലും തമിഴിലുമായി ഇരുപതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്.
Read Also: ഭാര്യയെ പരിചയപ്പെടുത്തിയപ്പോൾ വിജയ് എഴുന്നേറ്റിട്ട് ഇരിക്കാൻ കസേര കൊടുത്തു: ഐ.എം.വിജയൻ