ലണ്ടൻ: കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് ധനനസഹായം ചെയ്യുന്നതിനായി ലോകകപ്പ് ഫൈനൽ ജഴ്സി ലേലത്തിനു വച്ച് ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജോസ് ബട്‌ലർ. സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ഒരു വീഡിയോയിലാണ് ബട്‌ലർ തന്റെ ജഴ്സി ലേലം ചെയ്യുന്നതായി അറിയിച്ചത്.

Also Read: കൊറോണ വൈറസ് ശ്വാസകോശത്തെ അതിവേഗം ബാധിക്കുന്നതെങ്ങനെ? ത്രീ ഡി വീഡിയോ

“റോയൽ ബ്രോംപ്റ്റൺ, ഹേയർഫീൽഡ് ആശുപത്രികളിലെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് പണം സംഭാവന നൽകുന്നതിനായി എന്റെ ലോകകപ്പ് ഫൈനൽ ജഴ്സി ഞാൻ ലേലം ചെയ്യാൻ പോവുകയാണ്. കോവിഡ്-19 വ്യാപനം ബാധിച്ചവരെ സഹായിക്കുന്നതിന് ജീവൻ രക്ഷാ സംവിധാനങ്ങൾ ലഭ്യമാക്കാൻ വേണ്ടിയുള്ള അടിയന്തര സഹായത്തിന് അവർ ആവശ്യപ്പെട്ടിരുന്നു” -ബട്‌ലർ പറഞ്ഞു. കോവിഡ് പ്രതിരോധത്തിൽ പങ്കാളികളായ ആരോഗ്യ പ്രവർത്തകരെ തന്റെ ആദരവ് അറിയിക്കുന്നതായും താരം വ്യക്തമാക്കി.

ഇംഗ്ലണ്ട് ആദ്യമായി ടൂർണമെന്റ് ജേതാക്കളായ 2019 ലോകകപ്പിന്റെ ഫൈനലിൽ ധരിച്ച ജഴ്സിയാണ് ഓൺലൈൻ ലേല വെബ്സൈറ്റായ ഇബേയിൽ ബട്‌ലർ വിൽപ്പനയ്ക്ക് വച്ചത്. 100 പൗണ്ട് (9,447 രൂപ) അടിസ്ഥാന വിലയിലാണ് ലേലം ആരംഭിച്ചത്. എന്നാൽ 15 മണിക്കൂറിനുള്ളിൽ ലേലത്തുക 65,900 പൗണ്ട് ( 62,35,356 രൂപ) വരെയായി ഉയർന്നിട്ടുണ്ട്. ഈ മാസം ഏഴ് വരെയാണ് ലേലം.

അതേസമയം, ബട്‌ലറുടെ സഹതാരവും, ലോകകപ്പ് ഫൈനലിലെ ഇംഗ്ലണ്ടിന്റെ ടോപ് സ്കോററുമായ ബെൻ സ്റ്റോക്സിന്റേതെന്ന പേരിലുള്ള ജഴ്സിയും ഇബേയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സ്റ്റോക്സിന്റെ ഒപ്പോടു കൂടി ഒരു മെഡലിനൊപ്പമാണ് ഇബേയിൽ ഈ ജഴ്സിയുടെ ചിത്രം നൽകിയിട്ടുള്ളത്. എന്നാൽ ഇത് താൻ ഉപയോഗിച്ച ജഴ്സിയല്ലെന്ന് സ്റ്റോക്സ് പ്രതികരിച്ചു.

“ഇപ്പോഴാണ് ഇങ്ങനൊരു കാര്യം ഇബേയിൽ വിൽപനയ്ക്കുള്ളതായി ഞാൻ അറിയുന്നത്. ഇത് എന്റെ വസ്ത്രമല്ല, ഇതിനൊപ്പമുള്ളത് ലോകകപ്പ് ഫൈനലിലെ മെഡലുമല്ല. ഇതെല്ലാം അവയുടെ പകർപ്പുകളാണ്. ആ ഒപ്പ് എന്റേതാണ്. എന്നാൽ അത് വ്യാജമായി ചേർത്തതാണ്” -സ്റ്റോക്സ് പറഞ്ഞു. ലോകകപ്പ് ഫൈനലിൽ പ്ലേയർ ഓഫ് ദ മാച്ചായിരുന്നു ബെൻ സ്റ്റോക്സ്.

Read in English: Jos Buttler auctions World Cup final jersey to raise funds in fight against coronavirus

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook