ന്യൂഡൽഹി: രാജ്യത്താകമാനം കൊറോണ വ്യാപിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളിൽ കൈകോർക്കുകയാണ് ഓരോരുത്തരും. ഏറ്റവും ഒടുവിൽ ഇതാ ബിസിസിഐയും പ്രതിരോധ-ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമാകുന്നു. ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി അടക്കമുള്ളവർ ആരാധകർക്കുള്ള സന്ദേശമറിയിച്ച് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് ബിസിസിഐയും ഫ്രണ്ട്‌ലി ഗൈഡ് എന്ന ആശയുമായി എത്തുന്നത്.

ഇന്ത്യൻ ക്രിക്കറ്റിലെ രസകരമായ നിമിഷങ്ങളുടെ ചിത്രങ്ങൾ കോർത്തിണക്കിയാണ് ഗൈഡ് തയ്യാറാക്കിയിരിക്കുന്നത്. മുൻ നായകൻ എം.എസ്.ധോണി, നിലവിലെ നായകൻ വിരാട് കോഹ്‌ലി, വെടിക്കെട്ട് താരം രോഹിത് ശർമ, ബോളർ ജസ്പ്രീത് ബുംറ അങ്ങനെ ഇന്ത്യൻ നിരയിലെ പ്രധാന താരങ്ങളുടെയെല്ലാം ഫയൽ ചിത്രങ്ങളാണ് ഗൈഡ് തയ്യാറാക്കാൻ ഉപയോഗിച്ചിരിക്കുന്നത്.

എങ്ങനെ കൊറോണ വൈറസിനെ തോൽപ്പിക്കാം- ഒരു ഫ്രണ്ട്‌ലി ഗൈഡ് എന്ന് കുറിപ്പോടെയെത്തുന്ന ട്വീറ്റിനൊപ്പം രണ്ട് ലോകകപ്പ് ഉൾപ്പടെ നേടി ഇന്ത്യയെ തുടർച്ചയായി ജയിക്കാൻ പഠിപ്പിച്ച മുൻ നായകൻ ധോണിയുടെ ചിത്രമാണ് ബിസിസിഐ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതിന്റെ തുടർച്ചയായി നിരവധി രസകരമായ മുന്നറിയിപ്പുകളും അതിനൊത്ത ചിത്രങ്ങളും പങ്കുവച്ചിരിക്കുന്നു.

കൊറോണ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ആരാധകരോടാവശ്യപ്പെട്ടുള്ള കോഹ്‌ലിയുടെയും ഭാര്യയും നടിയുമായ അനുഷ്‌ക ശര്‍മയുടെയും വീഡിയോ സന്ദേശം നേരത്തെ പുറത്തു വന്നിരുന്നു. വിടുകളില്‍ സുരക്ഷിതമായി കഴിയാനും ആരോഗ്യം പരിപാലിക്കാനും വീഡിയോയില്‍ കോഹ്‌ലിയും അനുഷ്‌കയും ആവശ്യപ്പെട്ടിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook